
പിന്നാക്കം നിൽക്കുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ മുൻഗണനാ പദ്ധതികൾ അവർക്കുതന്നെ നിശ്ചയിക്കാൻ അവസരം ഒരുക്കിക്കൊണ്ട് വിഷൻ 2031 സംസ്ഥാനതല സെമിനാർ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. കഴിഞ്ഞ 10 വർഷം വകുപ്പ് നടപ്പാക്കിയ പദ്ധതികൾ വിലയിരുത്തി, പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ മേഖലയുടെ ഭാവി കാഴ്ചപ്പാടുകളും വികസന പദ്ധതികളും രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് ഈ സെമിനാർ സംഘടിപ്പിച്ചത്.
പട്ടികജാതി-പട്ടികവർഗ്ഗക്കാർക്കായുള്ള പദ്ധതികൾ അവരുമായി ബന്ധമില്ലാത്ത മറ്റാരൊക്കെയോ തീരുമാനിക്കുന്നു എന്ന ആരോപണത്തിന് പരിഹാരം കാണാനാണ് സർക്കാർ ഈ വേദി ഒരുക്കിയത്. പിന്നാക്ക ജനവിഭാഗക്കാരും അവർക്കായി ഇടപെടുന്നവരും ഒരുമിച്ചിരുന്ന് മുൻഗണനാ പദ്ധതികൾ ചർച്ച ചെയ്യാനും പോരായ്മകൾ കണ്ടെത്താനുമുള്ള അവസരമാണ് വിഷൻ 2031 സെമിനാറിലൂടെ സാധ്യമായത്.
കഴിഞ്ഞ പത്ത് വർഷത്തിനകം പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരുടെ ജീവിതത്തിൽ വളരെ വലിയ മുന്നേറ്റം സാധിച്ചതായി സെമിനാറിൽ പൊതുവായി അഭിപ്രായപ്പെട്ടു. ഭരണപരവും ഔദ്യോഗികപരവുമായ സംവരണങ്ങളിലൂടെയും സർക്കാർ നടപ്പാക്കിയ വിവിധ ക്ഷേമപദ്ധതികളിലൂടെയും ഈ വിഭാഗം വലിയ മാറ്റങ്ങൾ കൈവരിച്ചിട്ടുണ്ട്. പിന്നാക്ക വികസന മേഖലയിൽ നടപ്പാക്കാൻ സാധിക്കുമോയെന്ന് സംശയിച്ച പല പദ്ധതികളും കഴിഞ്ഞ പത്ത് വർഷക്കാലത്തിൽ സർക്കാർ സാക്ഷാത്കരിച്ചു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ സംസ്ഥാനം അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചത്.
വകുപ്പിന്റെ വികസന നയരേഖയുടെ കരട് റിപ്പോർട്ട് സെമിനാറിൽ അവതരിപ്പിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവർ വകുപ്പുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പത്മശ്രീ ചെറുവയൽ രാമൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ, പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ അംഗങ്ങൾ, സാക്ഷരതാ മിഷൻ ഡയറക്ടർ, പട്ടികജാതി-പട്ടികവർഗ്ഗ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ, പൊതുജനങ്ങൾ എന്നിവരടക്കം സമൂഹത്തിലെ നാനാതുറകളിലുള്ളവർ സെമിനാറിൽ പങ്കെടുത്തു.