
രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി ‘വിഷൻ 2031’ ആരോഗ്യ സെമിനാർ തിരുവല്ല ബിലീവേഴ്‌സ് കൺവെൻഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. സംസ്ഥാനത്തെ മുഴുവൻ പൗരന്മാർക്കും 2031ഓടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തിയാണ് സെമിനാർ സംഘടിപ്പിച്ചത്.
ആരോഗ്യവകുപ്പ് അവതരിപ്പിച്ച ഭാവിലക്ഷ്യങ്ങളടങ്ങിയ നയരേഖയിൽ, രോഗാതുരത കുറയ്‌ക്കുക, പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കുക, കാര്യക്ഷമമായ ട്രോമ കെയർ നെറ്റ്‌വർക്ക് സ്ഥാപിക്കുക, ആരോഗ്യസേവനങ്ങളിൽ തുല്യത ഉറപ്പുവരുത്തുക, കേരളത്തെ ഒരു ആഗോള ആരോഗ്യ ഹബ്ബാക്കി മാറ്റുക, മുതിർന്ന പൗരൻമാർക്ക് പ്രത്യേക പരിഗണന നൽകുക, ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ വികസനം സാധ്യമാക്കുക തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഉൾപ്പെടുന്നു.
ആരോഗ്യ മേഖലയിലെ വിദഗ്ധർ അഭിപ്രായം പങ്കുവെച്ചുകൊണ്ട് ഒമ്പത് സെഷനുകളിലായി പാനൽ ചർച്ചകൾ നടന്നു. സംസ്ഥാനത്തിന്റെ ആരോഗ്യ പരിപാലന സംവിധാനത്തിന്റെ ജനകീയ വികസനത്തിനായി നിരവധി ക്രിയാത്മക നിർദേശങ്ങൾ സെമിനാറിൽ ഉയർന്നു വന്നു:
* ആയുഷ് വിഭാഗത്തിന് പ്രത്യേക ഗ്രഡ് കൺട്രോൾ/കൺട്രോളർ വിഭാഗം സ്ഥാപിക്കണം.
* തരിശ് ഭൂമിയിൽ ഔഷധസസ്യ കൃഷി പ്രോത്സാഹിപ്പിക്കണം.
* പകർച്ചവ്യാധിയുമായി എത്തുന്ന രോഗികളുടെ വിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികൾക്ക് കർശന നിർദേശം നൽകണം.
* പകർച്ചവ്യാധി പ്രതിരോധത്തിനായി വ്യക്തി– പരിസര ശുചിത്വം എന്ന സന്ദേശത്തിന്റെ വ്യാപകമായ പ്രചാരണം ഉറപ്പാക്കണം.
* കേരള ട്രോമ കെയർ പോളിസി നടപ്പിലാക്കണം.
* മാതൃകാ ഫാർമസി സങ്കൽപ്പം യാഥാർഥ്യമാക്കുകയും മരുന്ന് സംഭരണത്തിനുള്ള നിലവിലെ സംവിധാനങ്ങൾ വിപുലീകരിക്കുകയും വേണം.
* ചൈൽഡ് വെൽനസ് കേന്ദ്രങ്ങൾ സ്ഥാപിക്കണം.
* ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾ സബ്‌സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം.
'ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങൾ' ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ വിശദീകരിച്ചു. പൊതുജനാരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി, ആരോഗ്യവകുപ്പിന്റെ ഭാഗമായ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സംയുക്ത വെബ്‌സൈറ്റും (health.kerala.gov.in) ചടങ്ങിൽ ലോഞ്ച് ചെയ്തു. പാനൽ ചർച്ചകളിൽനിന്ന് ഉയർന്നുവന്ന വിലപ്പെട്ട നിർദേശങ്ങൾ ക്രോഡീകരിച്ച് വിഷൻ 2031 നയരേഖയുടെ അന്തിമരൂപീകരണത്തിനായി സർക്കാരിൽ സമർപ്പിക്കും.