
നവീനവും സുസ്ഥിരവും സ്വയംപര്യാപ്തവുമായ കാർഷിക കേരളത്തിനായുള്ള സമഗ്ര നയരേഖ അവതരിപ്പിച്ച് 'വിഷൻ 2031' സംസ്ഥാനതല കാർഷിക കോൺക്ലേവ് ശ്രദ്ധേയമായി. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, കാർഷിക മേഖലയിൽ 5 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വിപുലമായ പദ്ധതികൾ അടങ്ങിയ നയരേഖയാണ് മന്ത്രി അവതരിപ്പിച്ചത്. നിലവിൽ കൃഷിമേഖലയിൽ സംസ്ഥാനം 4.65 ശതമാനം വളർച്ച കൈവരിച്ചതായും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ എല്ലാ കൃഷി ഭൂമികളെയും സ്മാർട്ട് കൃഷിഭൂമികളാക്കി മാറ്റുമെന്നും, വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കാർഷിക മേഖലയെ സാങ്കേതികമായി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
'വിഷൻ 2031' നയരേഖയുടെ ഭാഗമായി കാർഷിക രംഗത്ത് വൻകിട ലക്ഷ്യങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. കാർഷിക രംഗത്ത് 10,000 കോടി രൂപയുടെ രാജ്യാന്തര ബിസിനസ് സാധ്യതകൾ യാഥാർത്ഥ്യമാക്കുക. വന്യമൃഗശല്യം ലഘൂകരിക്കുന്നതിനായി നബാർഡ് സഹകരണത്തോടെ 1000 കോടി രൂപയുടെ 10 വർഷ പദ്ധതി നടപ്പാക്കുക. പതിനായിരം യുവാക്കൾക്ക് കാർഷിക രംഗത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉൾപ്പെടെയുള്ള നൂതന വിദ്യകളിൽ പരിശീലനം നൽകുക.സംസ്ഥാനത്തെ ആയിരം സ്‌കൂളുകളിൽ ഫാമുകൾ സ്ഥാപിക്കുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്ന കാര്യങ്ങള്‍.
കൃഷിയുടെ മേഖലയിലെ വിദഗ്ധരെയും വിവിധ ജില്ലകളിലെ കർഷകരെയും കർഷക സംരംഭകരെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പാനൽ ചർച്ചകൾ സെമിനാറിൽ സംഘടിപ്പിച്ചു. കർഷകർക്കുള്ള വിദേശ വ്യാപാര അവസരങ്ങൾ വർധിപ്പിക്കുക, കയറ്റുമതി പ്രോത്സാഹനത്തിന് സർക്കാർ നടപ്പാക്കേണ്ട സഹായങ്ങൾ. കൃഷി അധിഷ്ഠിത വ്യവസായ വളർച്ച, കർഷകർക്കുള്ള വിവിധ വായ്പ പദ്ധതികൾ, കർഷക സംരംഭങ്ങൾ, മൂല്യശൃംഖലകളുടെ വികസനം. 'സുസ്ഥിര കാലാവസ്ഥ അനുയോജ്യ കൃഷി നൂതന സാങ്കേതികവിദ്യയിലൂടെ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ കൃഷിയിലെ സാങ്കേതികവിദ്യാ പ്രയോഗം, കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ കൃഷി രീതികൾ എന്നിവ ചർച്ച ചെയ്തു.
ആലപ്പുഴ എം.എൽ.എ എച്ച്. സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ, കാർഷികോൽപാദന കമ്മിഷണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി. അശോക് കുമാർ, കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, സിപിസിആർഐ മുൻ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. സി. തമ്പാൻ, അഖിലേന്ത്യ സുഗന്ധവ്യഞ്ജന കയറ്റുമതി ഫോറം എക്സിക്യൂട്ടീവ് അംഗം പ്രകാശ് നമ്പൂതിരി എന്നിവരുൾപ്പെടെ കാർഷിക മേഖലയിലെ നിരവധി പ്രമുഖരും കർഷക സംരംഭകരും പങ്കെടുത്തു.