
സംസ്ഥാനത്തിൻ്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'വിഷൻ 2031"ന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വികസനാധിഷ്ഠിത സെമിനാർ ആലപ്പുഴ യെസ്കെ ഓഡിറ്റോറിയത്തിൽ നടന്നു. 2031-ൽ കേരളത്തിലെ മത്സ്യമേഖല കൈവരിക്കേണ്ട നേട്ടങ്ങളിലേക്കുള്ള സമഗ്രമായ ദിശാസൂചകങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുകയും ഭാവി പ്രവർത്തനങ്ങൾക്കായുള്ള ദർശന നയരേഖ അവതരിപ്പിക്കുകയും ചെയ്തു.
സംസ്ഥാനത്തെ മത്സ്യമേഖല കഴിഞ്ഞ ഒരു ദശാബ്‌ദംകൊണ്ട് കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് വിദഗ്ധർ സംസാരിച്ചു. എല്ലാ രംഗങ്ങളിലുമുള്ള സമഗ്രമായ മാറ്റങ്ങൾക്കും പുരോഗതിക്കും വേണ്ടിയുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും സെമിനാർ ക്രോഡീകരിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ വിഷൻ 2031 ചർച്ചയുടെ ആശയ ക്രോഡീകരണം നിർവഹിച്ചു. സെമിനാറിൽ നിന്നുള്ള നിർദേശങ്ങളും ആശയങ്ങളും ക്രോഡീകരിച്ച് 2026 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ നടക്കുന്ന സംസ്ഥാനതല സെമിനാറിൽ അവതരിപ്പിക്കും.
മത്സ്യമേഖലയുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ട് രണ്ട് സുപ്രധാന വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. സമുദ്ര ഉൾനാടൻ മത്സ്യബന്ധന മേഖലാ വികസനം വിഷയത്തിൽ കുഫോസ് വൈസ് ചാൻസിലർ ഡോ. എ. ബിജു കുമാർ മോഡറേറ്ററായി. മത്സ്യമേഖല – സുസ്ഥിര അടിസ്ഥാന സൗകര്യ വികസനവും മത്സ്യത്തൊഴിലാളി ക്ഷേമവും ഡോ. എൻ.കെ. ശശിധരൻ പിള്ള മോഡറേറ്ററായി.
ഈ പാനൽ ചർച്ചകളിൽ സാങ്കേതിക-അക്കാദമിക വിദഗ്ധർ, വ്യവസായ പ്രതിനിധികൾ, ഗവേഷകർ, സാമൂഹിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സജീവമായി പങ്കെടുത്തു. സെമിനാറിൽ എം.പി. കെ.സി. വേണുഗോപാൽ, എം.എൽ.എമാരായ എച്ച്. സലാം (അധ്യക്ഷൻ), രമേശ് ചെന്നിത്തല, പി.പി. ചിത്തരഞ്ജൻ, ദലീമ ജോജോ, യു. പ്രതിഭ, എം.എസ്. അരുൺകുമാർ, തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി, ഫിഷറീസ് ഡയറക്ടർ വി. ചെൽസാസിനി, ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബി. അബ്ദുൾ നാസർ, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഫിഷറീസ് ഡയറക്ടർ വി. ചെൽസാസിനി നന്ദി പറഞ്ഞു.