
കേരളത്തിന്റെ കായിക മേഖലയെ ദേശീയ-അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനുള്ള ദീർഘവീക്ഷണ പദ്ധതികൾക്ക് രൂപം നൽകി കായിക വകുപ്പിൻ്റെ 'വിഷൻ 2031: നവകായിക കേരളം മികവിൻ്റെ പുതുട്രാക്കിൽ' സംസ്ഥാനതല സെമിനാർ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ സമാപിച്ചു. 2036 ഒളിമ്പിക്സിൽ രാജ്യത്തിനായി മെഡൽ നേടുന്ന പത്തിലധികം താരങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ കേരളത്തിന്റെ കായികരംഗം മാറ്റിയെടുക്കുക എന്നതാണ് സെമിനാറിൽ രൂപപ്പെട്ട പ്രധാന ലക്ഷ്യം.അർജൻ്റീന ഫുട്‌ബോൾ ടീം മാർച്ച് മാസത്തിൽ കേരളത്തിൽ എത്തുമെന്ന് വിഷൻ 2031 നയരേഖ അവതരിപ്പിച്ച് സെമിനാർ ഉദ്ഘാടനം ചെയ്ത കായിക മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.
കഴിഞ്ഞ ഒൻപതു വർഷംകൊണ്ട് കായികരംഗത്ത് വൻ കുതിച്ചുചാട്ടമാണ് കേരളം സ്വന്തമാക്കിയത്. 385 നിർമിതികൾ: സ്റ്റേഡിയങ്ങളും കളിക്കളങ്ങളുമായി 385 നിർമിതികൾ ഈ കാലയളവിൽ ഒരുക്കി. പാഠ്യപദ്ധതിയിൽ കായികം: ഒന്ന് മുതൽ 10 വരെ പാഠ്യപദ്ധതിയിൽ കായികം ഉൾപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സംഘടനാപരമായ നേട്ടങ്ങൾ: തദ്ദേശ സ്ഥാപനതല സ്‌പോർട്‌സ് കൗൺസിൽ രൂപീകരിച്ചതും കായിക ഉച്ചകോടി ആദ്യമായി നടത്തിയതും കോളേജ് സ്‌പോർട്‌സ് ലീഗ് സംഘടിപ്പിച്ചതുമെല്ലാം കേരളത്തിൻ്റെ പ്രധാന നേട്ടങ്ങളാണ്. മുഴുവൻ ജനങ്ങളെയും കളിയിലേക്കും കളിക്കളങ്ങളിലേക്കും ആകർഷിക്കുമെന്നും, കായിക മേഖലയെ വലിയ തോതിൽ തൊഴിൽ നൽകുന്ന ഒന്നായി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ വിഷയങ്ങളിലായി നടന്ന സെമിനാറിൽ കായിക വിദഗ്ദ്ധരും പ്രൊഫസർമാരും പങ്കെടുത്തു. 'കായിക പ്രതിഭാ നിർണ്ണയവും ഗ്രാസ്സ്റൂട്ട് വികസനവും' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ നിരവധി നിർദ്ദേശങ്ങൾ ഉണ്ടായി.വിദഗ്ദ്ധരുടെ സഹായത്തോടെ കുട്ടികളുടെ ജനിതകമായ സാധ്യതകളും കായികപരമായ കഴിവുകളും ശാസ്ത്രീയമായി തിരിച്ചറിയുന്നതിനായി സംവിധാനങ്ങൾ നടപ്പിലാക്കണം. ഓരോ പഞ്ചായത്ത്, നഗരസഭാ തലങ്ങളിലും മാതൃക പരിശീലന കേന്ദ്രങ്ങൾ, റീജിയണൽ കായിക അക്കാദമികൾ, ഹോസ്റ്റലുകൾ എന്നിവ സ്ഥാപിക്കണം. കായിക ടൂറിസം വഴി സാമ്പത്തിക വരുമാനം വർദ്ധിപ്പിച്ച് തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും നവ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. മികച്ച കായിക പ്രതിഭകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാൻ സ്വകാര്യ പങ്കാളിത്തത്തോടെ അത്‌ലറ്റ് ദത്തെടുക്കൽ പദ്ധതി ആരംഭിക്കുക. കേരളത്തിലെ കായിക മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി സ്‌പോർട്‌സ് ഹബ്ബുകളാക്കി മാറ്റുക.
കേരളത്തിന്റെ കായിക സാധ്യതകൾ പുതിയകാല സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി മികവിലേക്ക് ഉയർത്താനുള്ള സംവാദങ്ങളാണ് സെമിനാറിൽ നടന്നത്. രാജ്യത്തെ ഒന്നാമത്തെ കായിക ശക്തിയായി കേരളത്തെ വളർത്തിയെടുക്കുകയും മുഴുവൻ ജനങ്ങളിലും കായിക സംസ്‌കാരം സൃഷ്ടിക്കുകയും ചെയ്യുക എന്ന ആശയമാണ് സെമിനാർ മുന്നോട്ട് വെച്ചത്.