
സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വരും വർഷങ്ങളിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗതാഗത വകുപ്പിന്റെ 'വിഷൻ 2031' വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാർ തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ വിജയകരമായി സമാപിച്ചു. 2031 ആകുമ്പോഴേക്കും ഗതാഗത വകുപ്പിന്റെ പ്രവർത്തനം എങ്ങനെയാകണം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകളാണ് സെമിനാറിൽ നടന്നത്. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്തെ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുമെന്നും, വരാനിരിക്കുന്ന ഡിസംബറിൽ ആറുവരി ദേശീയ പാത പൂർത്തിയാകുന്നതോടെ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് കളമൊരുങ്ങുമെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ സെമിനാറിൽ വിഷൻ 2031 അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി വകുപ്പിൽ നിരവധി ഡിജിറ്റൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കും. ഡ്രൈവിംഗ് പരീക്ഷാ ഉദ്യോഗസ്ഥർക്ക് ടാബ് നൽകുകയും പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഓഫീസിൽ കാലതാമസമില്ലാതെ അപ്പോൾത്തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നൽകുകയും ചെയ്യും. നിർമിത ബുദ്ധിയുടെ സഹായത്തോടെ കെ.എസ്.ആർ.ടി.സി. ഷെഡ്യൂൾ പരിഷ്‌കരിക്കും. ഒരേ റൂട്ടിൽ തുടർച്ചയായി ബസുകൾ പോകുന്ന സാഹചര്യം ഒഴിവാക്കി, പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് കൃത്യമായ ഇടവേളയിൽ ബസ് സഞ്ചരിക്കുന്നത് ഉറപ്പാക്കും. ജി.പി.എസ്. സഹായത്താൽ ഗതാഗതക്കുരുക്ക് മുൻകൂട്ടി അറിഞ്ഞ് ഷെഡ്യൂൾ നിശ്ചയിക്കാനാകും.
കൂട്ടായ പ്രവർത്തന ഫലമായി കെ.എസ്.ആർ.ടി.സി. ലാഭത്തിലായതായി വകുപ്പ് ചൂണ്ടിക്കാട്ടി. ഒരു ബസിൽ നിന്ന് കിലോമീറ്ററിന് ശരാശരി 50 രൂപ ലഭിക്കുന്നുണ്ട്. 2024 ഓഗസ്റ്റ് എട്ടിലെ ടിക്കറ്റ് വരുമാനം 10.19 കോടി രൂപയായിരുന്നത് സർവകാല റെക്കോഡാണ്. ചലോ ആപ്പ്, ട്രാവൽ കാർഡ്, വിദ്യാർത്ഥികൾക്കായി ഓൺലൈൻ കൺസെഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ കാര്യക്ഷമമായി നടപ്പാക്കിയാണ് കെ.എസ്.ആർ.ടി.സി.യുടെ ഈ മുന്നേറ്റം. കഴിഞ്ഞ 10 മാസത്തിനിടെ രണ്ടര കോടി രൂപ ലാഭം നേടിയ കെ.എസ്.ആർ.ടി.സി. ഡ്രൈവിംഗ് സ്‌കൂളുകൾ കൂടുതൽ ആരംഭിക്കുകയും ആറുവരി ദേശീയ പാത പ്രവർത്തന സജ്ജമാകുന്നതോടെ ലൈൻ ട്രാഫിക് പഠിപ്പിച്ചുകൊണ്ടുള്ള പരിശീലനം നൽകുകയും ചെയ്യും.
റോഡപകടങ്ങളുടെ എണ്ണം വർധിച്ചെങ്കിലും മരണനിരക്ക് കുറഞ്ഞുവരുന്നത് സുരക്ഷാ നടപടികളുടെ ഫലമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 278 എണ്ണം മരണസംഖ്യ കുറഞ്ഞു. എറണാകുളം വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യിലെ നിയമനത്തിന് പോലീസിലേതുപോലെ ഫിറ്റ്നെസ് ടെസ്റ്റ് പ്രാവർത്തികമാക്കാൻ പി.എസ്.സിയോട് ആവശ്യപ്പെടും. അപകടമില്ലാത്ത റോഡ് നിർമ്മാണത്തിന് വിദഗ്ധരെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കുകയും എഞ്ചിനീയറിംഗ് കോളജുകളിൽ ഇതിനായി പ്രത്യേക കോഴ്‌സ് ആരംഭിക്കുകയും ചെയ്യും.
സെമിനാറിൽ ഉയർന്നുവന്ന പ്രധാന ആശയങ്ങൾ
റോഡ്, മെട്രോ, ജലഗതാഗതം എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് ഒറ്റ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനാകും. ജല, റോഡ് ഗതാഗതത്തെ ബന്ധിപ്പിച്ച് ട്രാൻസ്‌പോർട്ട് ഹബിന്റെ സാധ്യതയും പരിശോധിക്കും. അനധികൃത പാർക്കിംഗിന് പരിഹാരമായി മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയങ്ങൾ നിർമ്മിക്കും. കണ്ടെയ്നർ ഡ്രൈവർമാർക്ക് പ്രത്യേക ലൈസൻസും വിദഗ്ധ പരിശീലനവും നൽകുന്നതും പരിഗണിക്കും.
മലിനീകരണം തടയാൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കണം. ഇതിന്റെ ഭാഗമായി സോളാറിൽ പ്രവർത്തിക്കുന്ന ഏഷ്യയിലെ ആദ്യ റോ-റോ ബോട്ട് ജലഗതാഗത വകുപ്പ് വൈകാതെ അവതരിപ്പിക്കും. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസത്തിനൊപ്പം ജലഗതാഗത മേഖലയിലെ ടൂറിസം സാധ്യതകളും പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിച്ച് തീർത്ഥാടന ടൂറിസം പദ്ധതി നടപ്പാക്കുകയും, പാപ്പനംകോട് കെ.എസ്.ആർ.ടി.സി. വർക്ക്ഷോപ്പിനോട് ചേർന്ന് സംസ്ഥാന ഗതാഗത ചരിത്രം വിളിച്ചോതുന്ന വാഹന മ്യൂസിയം നിർമ്മിക്കുകയും ചെയ്യും. കൂടാതെ, തിരുവനന്തപുരം-എറണാകുളം റൂട്ടിൽ എക്‌സിക്യൂട്ടീവ് ബസ് സർവീസ്, കാൻസർ രോഗികൾക്കായി ഹാപ്പി ലോങ് ലൈഫ് കാർഡ് തുടങ്ങിയവ ഏർപ്പെടുത്തും. ഗതാഗത മേഖലയിൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.