
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031 – സാംസ്‌കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ’ സംസ്ഥാനതല സെമിനാർ തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിലെ കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്നു. കേരള സംസ്ഥാനം രൂപീകരിച്ച് 75 വർഷങ്ങൾ പൂർത്തിയാകുമ്പോൾ സാംസ്‌കാരിക കേരളം എങ്ങനെയായിരിക്കണം എന്ന വിപുലമായ കാഴ്ചപ്പാടാണ് സെമിനാർ മുന്നോട്ട് വെച്ചത്.
സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ, നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിൽ ഓരോ മലയാളിയും കണ്ണിചേരേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് സൂചിപ്പിച്ചു. "അയിത്തവും അനാചാരങ്ങളും നിറഞ്ഞ അപകടകരമായ ഭൂതകാലത്തിന് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരു അടക്കമുള്ള സാമൂഹിക പരിഷ്‌കർത്താക്കൾ ഉഴുതുമറിച്ചിട്ട നവോത്ഥാനത്തിൻ്റെ കാൽപ്പാടുകൾ ആഴത്തിൽ പതിഞ്ഞ സംസ്ഥാനമാണ് നമ്മുടേത്."എന്നാൽ, കേരളം ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും മാനവികതയുടെയും മഹാസഞ്ചയത്തിനു ചുറ്റും വർഗീയ ഫാസിസ്റ്റ് സ്വഭാവരൂപീകരണ രീതികൾ വെല്ലുവിളി ഉയർത്തുന്ന ഈ കാലഘട്ടത്തിൽ, ഭദ്രതയോടെയും ആശയദൃഢതയോടെയുമുള്ള തയ്യാറെടുപ്പുകൾ നടത്തിയാൽ മാത്രമേ ഭാവിതലമുറകൾക്ക് ദൈവത്തിൻ്റെ സ്വന്തം നാട് ആ രീതിയിൽ അനുഭവിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രമെന്നത് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറേണ്ട അഗ്‌നിയാണെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. കേരളത്തിൻ്റെ സൗഹൃദ അന്തരീക്ഷത്തെ മലീമസമാക്കാൻ വൈരാഗ്യത്തിൻ്റെയും വിഭാഗീയതയുടെയും വിത്തുകൾ വിതയ്ക്കുന്ന ശക്തികൾ കടന്നുവരുമ്പോൾ, അതിനെതിരെ ഐക്യത്തിൻ്റെയും മൈത്രിയുടെയും മഹാപരിചകൾ ഉയർത്തേണ്ട ദൗത്യം കലാ – സാഹിത്യ മേഖലയിലുള്ളവർക്കാണ് എന്നും മന്ത്രി പറഞ്ഞു. വജ്രജൂബിലി ഫെലോഷിപ്പിലേക്ക് കലയും സാഹിത്യവും ‘സ്‌കിൽ പോളിസി’ കളായി ഉൾപ്പെടുത്തി, കലാകാരന്മാരെ എം. പാനൽ ചെയ്ത് അവർക്ക് കലാലയങ്ങളിൽ തൊഴിലവസരങ്ങൾ നൽകാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
സാംസ്‌കാരിക വകുപ്പിൻ്റെ വിഷൻ 2031: പ്രധാന ലക്ഷ്യങ്ങൾ
സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡേ വിഷൻ 2031 റിപ്പോർട്ട് അവതരണം നിർവഹിച്ചു. ‘മതേതരത്വം, മാനവികത, സാംസ്കാരിക വൈവിധ്യം’ എന്ന വിഷയത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് സംസാരിച്ചു. സ്വാമി സന്ദീപാനന്ദഗിരി, ഡോ. അനിൽ ചേലേമ്പ്ര, റഫീഖ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു. ‘കേരളം ഇന്നലെ, ഇന്ന്, നാളെ – നവോത്ഥാനം മുതൽ നവകേരളം വരെ – ജനപ്രിയ സർക്കാരുകളുടെ സംഭാവനകൾ’ എന്ന വിഷയത്തിൽ മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അവതരണം നടത്തി. ടി.ഡി. രാമകൃഷ്ണൻ, സി.എസ്.ചന്ദ്രിക, ഡോ.ജിജു പി.അലക്സ്, ഡോ.എം.എ.സിദ്ദിഖ് എന്നിവർ പങ്കെടുത്തു. സെമിനാറുകളുടെ മോഡറേറ്റർ എ.വി. അജയകുമാർ ആയിരുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.മതേതരത്വം, മാനവികത, നവോത്ഥാന മൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ സാംസ്‌കാരിക നായകരും വിദഗ്ദ്ധരും പങ്കെടുത്ത പാനൽ ചർച്ചകൾ സെമിനാറിന് മുതൽക്കൂട്ടായി.