
കേരളത്തിന്റെ ഭരണചരിത്രത്തിലെ സുപ്രധാനമായ ദിശയിലെത്തിനിൽക്കുന്ന സർക്കാർ, നാട്ടിൽ എല്ലായിടത്തും വികസനം യാഥാർത്ഥ്യമാക്കിയും, ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പാക്കിയും സംസ്ഥാനത്തെ പുതിയൊരു യുഗപ്പിറവിയിലേക്ക് നയിക്കുകയാണ്. വൻകിട പദ്ധതികൾക്കൊപ്പം ക്ഷേമപ്രവർത്തനങ്ങൾക്കും പ്രാദേശിക വികസനത്തിന് ഊന്നൽ നൽകിയും പത്താം വർഷത്തിലേക്ക് കടക്കുന്ന സർക്കാർ 75-ാം കേരളപ്പിറവി തികയുന്ന 2031-ലേക്ക് കേരളത്തെ എത്തിക്കേണ്ട വികസന മാതൃക രൂപപ്പെടുത്താനുള്ള ബൃഹദ് പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.ഈ ദീർഘവീക്ഷണമാണ് 'വിഷൻ 2031' എന്ന പേരിൽ സംസ്ഥാനത്ത് യാഥാർത്ഥ്യമാകുന്നത്.
വികസന പദ്ധതികൾ ഏതാനും ഉദ്യോഗസ്ഥരിലോ വിദഗ്ധരിലോ മാത്രം ഒതുങ്ങാതെ, നാടിന്റെ എല്ലാ കോണുകളിലും എത്തിക്കുകയും ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വിഷൻ 2031-ന്റെ മുഖമുദ്ര. സർക്കാർ വകുപ്പുകൾക്ക് മാത്രമായി വികസന കാഴ്ചപ്പാട് രൂപീകരിക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഈ ജനകീയ സെമിനാറുകൾ പിറവിയെടുക്കുന്നത്. സംസ്ഥാനത്തിന്റെ സമഗ്ര വളർച്ചയെ സ്വാധീനിക്കുന്ന 33 വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് സെമിനാറുകൾ നടക്കുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലായി വിവിധ ജില്ലകളിലായി ഈ സംഘടിപ്പിക്കുന്ന സെമിനാറുകൾ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ദേശീയ-അന്തർദേശീയ പ്രശസ്തരായ വ്യക്തികൾ, വിഷയാടിസ്ഥാനത്തിലുള്ള വിദഗ്ധർ, അക്കാദമിക വിദഗ്ധർ, പൊതുജനങ്ങൾ എന്നിവരടക്കം ആയിരത്തോളം പേർ പങ്കെടുക്കുന്നു.
ഓരോ വകുപ്പും തങ്ങളുടെ കഴിഞ്ഞ കാലത്തെ നേട്ടങ്ങളും വെല്ലുവിളികളും വിലയിരുത്തിക്കൊണ്ട് 2031-ൽ കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള കരട് നയരേഖ സെമിനാറുകളിൽ അവതരിപ്പിക്കുന്നു. കഴിഞ്ഞ കാലയളവിലെ വികസന മുന്നേറ്റങ്ങൾ വിലയിരുത്തുന്നു.ഭാവിയിലേക്കുള്ള സുപ്രധാന വികസന ലക്ഷ്യങ്ങൾ അവതരിപ്പിക്കുന്നു. അവതരിപ്പിക്കപ്പെടുന്ന ലക്ഷ്യങ്ങളെയും നയങ്ങളെയും ആസ്പദമാക്കി വിദഗ്ധരുടെ അഭിപ്രായങ്ങളും പൊതുജനങ്ങളുടെ നിർദ്ദേശങ്ങളും ക്രോഡീകരിക്കുന്നു.സെമിനാറുകൾ പൂർത്തിയാകുന്നതോടെ, ഓരോ വിഷയത്തിലും നടന്ന ചർച്ചകളുടെയും ഉരുത്തിരിഞ്ഞ ആശയങ്ങളുടെയും സംഗ്രഹമായി 'വിഷൻ 2031: ചർച്ച ചെയ്ത മേഖലയുടെ റിപ്പോർട്ട്' എന്ന പേരിൽ ഒരു സമഗ്രമായ കരട് രേഖ സർക്കാരിന് സമർപ്പിക്കും. വികസന പദ്ധതികൾക്ക് കൃത്യമായ രൂപരേഖ നൽകുന്ന അടുത്ത ഒരു ദശാബ്ദക്കാലത്തേക്ക് കേരളത്തെ നയിക്കേണ്ട സമഗ്രമായ വികസന നയം രൂപീകരിക്കുന്നതിനുള്ള അടിസ്ഥാന രേഖയായി മാറും.