
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും, ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിലവിലെ കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. 'വിഷൻ 2031'ന്റെ ഭാഗമായി വനം വകുപ്പ് സുൽത്താൻ ബത്തേരി നഗരസഭാ ഹാളിൽ സംഘടിപ്പിച്ച "കാടിന് സംരക്ഷണം നാടിന് വികസനം" എന്ന സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വനമേഖലയോട് ചേർന്ന് താമസിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനുള്ള ക്രിയാത്മകമായ മാർഗ്ഗങ്ങൾ ചർച്ച ചെയ്യുകയാണ് സെമിനാറിൻ്റെ മുഖ്യ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 2016-ൽ നാം സ്വീകരിച്ച പാരിസ്ഥിതിക പ്രതികൂല സാഹചര്യങ്ങൾ പരിഹരിക്കാനായി നടപ്പാക്കിയ കേന്ദ്ര നിയമങ്ങൾ, ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ അപര്യാപ്തമാണ്. ഒരു നാടിനെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ നിയമങ്ങൾ കാലഘട്ടത്തിന് അനുസൃതമായി മാറേണ്ടതുണ്ട്.
മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം, വന സംരക്ഷണം, വന്യമൃഗ സംരക്ഷണം എന്ന ത്രിതല ലക്ഷ്യമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. വന നിയമങ്ങളിൽ ജനങ്ങൾക്ക് പ്രയോജനകരമാവും വിധം ഇളവുകൾ നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നാടിനെ ബാധിക്കുന്ന പ്രശ്‌നപരിഹാരത്തിന് കാലഘട്ടത്തിന് അനുസൃതമായി ക്രിയാത്മക ഇടപെടലാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.
ജൈവ വൈവിധ്യങ്ങളുടെ കാവൽക്കാരായ വനം വകുപ്പ്, വന്യമൃഗ-മനുഷ്യ സംഘർഷം ലഘൂകരിക്കാൻ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്ന് സെമിനാറിൽ പങ്കെടുത്ത പട്ടികജാതി - പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു പറഞ്ഞു. വന മേഖലയോട് ചേർന്ന പ്രദേശത്ത് ജനപങ്കാളിത്തത്തോടെയാണ് വനംവകുപ്പ് ഇടപെടൽ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെമിനാറിൻ്റെ ഭാഗമായി ഐ.സി.ഐ.സി.ഐ. ബാങ്ക് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി വിഭാഗം വന്യജീവി നിരീക്ഷണത്തിനായി 200 ക്യാമറ ട്രാപ്പുകൾ മന്ത്രി എ.കെ. ശശീന്ദ്രന് കൈമാറി.
സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ രമേശ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി പുകഴേന്തി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ, എ.ഡി.എം കെ. ദേവകി, കേരളാ മാരിടൈം ബോർഡ് അംഗം ഡോ. ജസ്റ്റിൻ മോഹൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ. അഞ്ജൻ കുമാർ തുടങ്ങിയ ഉദ്യോഗസ്ഥരും വിഷയ വിദഗ്ദ്ധരും ജനപ്രതിനിധികളും പങ്കെടുത്തു.