
കേരളത്തെ 2031-ഓടെ ഭൂപ്രശ്‌നങ്ങളില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് സർവെയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാനതല സെമിനാർ. മന്ത്രി കെ. രാജൻ എറണാകുളം കളമശ്ശേരി കേരള സ്റ്റാർട്ട് മിഷൻ ഹബിൽ സെമിനാർ ഉദ്ഘാടനം ചെയ്തു.സർവെ നടപടികൾ സമയബന്ധിതമായി കൃത്യതയോടെ പൂർത്തിയാക്കുന്നതിന് സംസ്ഥാനത്തെ 1,666 വില്ലേജ് ഓഫീസുകളിലും ഓരോ സർവെയർമാരെ നിയമിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
'കേരളത്തിലെ ഭൂരേഖ ഭരണ നിർവഹണത്തിന്റെ ആധുനികവൽക്കരണം: ദർശനവും, തന്ത്രപരമായ കർമ്മരേഖയും' എന്ന വിഷയത്തിൽ മന്ത്രി കെ. രാജൻ അവതരണം നടത്തി. കേരളത്തിന്റെ ഭൂപരിഷ്‌കരണ ചരിത്രത്തിന്റെ സാമൂഹിക നീതിയിലുള്ള പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തിന് നേതൃത്വം നൽകിയ കേരളം തന്നെയാണ് ഭൂപരിപാലനത്തിൻ്റെ ആധുനികവൽക്കരണവും മുന്നോട്ടുവയ്ക്കുന്നത് എന്നത് അഭിമാനകരമാണ്.
‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യത്തോടെയാണ് 2022-ൽ സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ നടപടികൾ ആരംഭിച്ചത്. ചങ്ങലയും കോലളവുമുള്ള പഴയ രീതിയിൽ നിന്ന് മാറി ഏറ്റവും ആധുനിക സംവിധാനങ്ങളായ റിയൽ-ടൈം കൈനമാറ്റിക് (ആർ.ടി.കെ.) റോവർ, കോർസ് നെറ്റ്‌വർക്ക് സർവെ, റോബോട്ടിക് ഇ.ടി.എസ്. ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് നിലവിൽ സർവേ നടപ്പാക്കുന്നത്.
ഡിജിറ്റൽ റീസർവേ നടപടികൾ പൗര കേന്ദ്രീകൃതമായാണ് നടപ്പാക്കുന്നത്. ഭൂവുടമകളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സർവെ സഭകൾ, ഗ്രാമസഭകൾ, വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതികൾ എന്നിവ എല്ലാ ഘട്ടത്തിലും സഹകരിക്കുന്നു. രജിസ്‌ട്രേഷൻ വകുപ്പിന്റെ 'പേൾ', റവന്യൂ വകുപ്പിന്റെ 'റിലീസ്', സർവെ വകുപ്പിന്റെ 'ഇ-മാപ്പ്' എന്നിവ സംയോജിപ്പിച്ചുള്ള 'എന്റെ ഭൂമി പോർട്ടലിലൂടെ' എല്ലാ സേവനങ്ങളും ഓൺലൈനായി നൽകുന്നുണ്ട്. ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വാട്‌സ്ആപ്പ് നമ്പറിലൂടെ പരാതികൾ രേഖപ്പെടുത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
2031-ൽ കേരളം ആഗ്രഹിക്കുന്നത് ഭൂമി രേഖകൾ ഏറ്റവും കൃത്യമാക്കുന്ന കൺക്ലൂസിവ് ടൈറ്റിലാണ് (Conclusive Title). ഇതിലൂടെ കൈവശാവകാശങ്ങൾ സുരക്ഷിതമാക്കാൻ കഴിയും. ഇതിനായി ബ്ലോക്ക് ചെയിൻ അടിസ്ഥാനത്തിലുള്ള 'വൺ ടൈറ്റിൽ-വൺ ട്രൂത്ത്' സംവിധാനം നടപ്പാക്കും. ഈ സംവിധാനത്തിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം, വിറ്റഴിക്കൽ, പാരമ്പര്യ കൈമാറ്റം, രജിസ്‌ട്രേഷൻ തുടങ്ങിയ എല്ലാ ഇടപാടുകളും ഡിജിറ്റലായി രേഖപ്പെടുത്തും. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ കൃത്രിമ മാർഗ്ഗങ്ങളിലൂടെ രേഖകൾ മാറ്റാനോ വ്യാജമായി നിർമ്മിക്കാനോ സാധിക്കില്ല. ഉടമസ്ഥാവകാശ വിവരങ്ങൾ തൽസമയം സ്ഥിരീകരിക്കാൻ ഇതിലൂടെ കഴിയും.
ഉടമസ്ഥതാ രേഖ ഇല്ലാതെ ദീർഘകാലമായി പ്രമാണപ്രകാരമുള്ള ഭൂമിയോടൊപ്പം ചേർന്ന് കൈവശക്കാരൻ അനുഭവിച്ചു വരുന്ന ഭൂമി കൂടി ക്രമീകരിച്ചു നൽകുന്നതിനുള്ള സെറ്റിൽമെന്റ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു കഴിഞ്ഞു. അതിർത്തി തർക്കങ്ങളില്ലാത്ത ഒരു ഡിജിറ്റൽ വേലിയായി മാറുന്ന റീ സർവേ രേഖകൾ സംസ്ഥാന വികസനത്തിനും ഭൂഉടമകൾക്കും പ്രയോജനപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ റവന്യൂ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം അധ്യക്ഷനായി. 'സർവെ വകുപ്പ്: ഒരു ദശാബ്ദകാലത്തെ നാഴികക്കല്ലുകൾ’ എന്ന വിഷയത്തിൽ അദ്ദേഹം അവതരണം നടത്തി. സർവെയും ഭൂരേഖയും വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു, ജില്ലാ കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവരും സെമിനാറിൽ പങ്കെടുത്തു.