
പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ ഭാവി വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ കാസർകോട് കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തിൽ നടന്നു. തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി സെമിനാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭൂതകാല ചരിത്രവും ചരിത്രാവബോധവും ഏറെ പ്രാധാന്യമുള്ള വിഷയമാണെന്നും, ചരിത്ര സൂക്ഷിപ്പുകൾ നിലനിൽക്കുന്ന കാഞ്ഞങ്ങാട്ട് സെമിനാർ സംഘടിപ്പിക്കുന്നതിന് ഏറെ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ചരിത്ര പ്രാധാന്യമുള്ള കോട്ടകളും ശിലാലിഖിതങ്ങളും സാംസ്‌കാരിക വൈവിധ്യങ്ങളും നിറഞ്ഞ കാസർകോട് ജില്ലയിൽ ഒരു മ്യൂസിയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ അധ്യക്ഷനായിരുന്ന ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ചൂണ്ടിക്കാട്ടി. കൂടാതെ, കാലപ്പഴക്കം ചെന്ന രേഖകൾ ഡിജിറ്റലൈസ് ചെയ്യണം. ജില്ലയിലെ പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനും കോട്ടകളുടെ സംരക്ഷണത്തിനും നടപടി ഉണ്ടാകണമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.
അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ കഴിഞ്ഞ ഒൻപത് വർഷത്തെ വകുപ്പുകളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ ചരിത്രം, കഴിഞ്ഞ ഒമ്പത് വർഷം കൈവരിച്ച നേട്ടങ്ങൾ, ഭാവി ലക്ഷ്യങ്ങൾ എന്നിവ സൂചിപ്പിക്കുന്നതായിരുന്നു പ്രവർത്തന റിപ്പോർട്ട്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് വേണ്ടി വിഷൻ 2031 രേഖ പുരാവസ്തു വകുപ്പ് ഡയറക്ടറും സംഘാടക സമിതി ജനറൽ കൺവീനറുമായ ഇ. ദിനേശൻ അവതരിപ്പിച്ചു. എം. രാജഗോപാലൻ എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. തുടർന്ന്, വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മൂന്ന് വകുപ്പുകളുടെയും വികസന സ്വപ്നങ്ങളും വ്യത്യസ്ത ആശയങ്ങളും ചർച്ച ചെയ്തു. ചരിത്ര സംരക്ഷണത്തിനും പ്രദർശനത്തിനും നൂതന സാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും സെമിനാറിൽ ചർച്ചകൾ നടന്നു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ. സുജാത ടീച്ചർ, പുരാരേഖ വകുപ്പ് ഡയറക്ടർ എസ്. പാർവതി, മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടർ പി.എസ്. മഞ്ജുളാ ദേവി തുടങ്ങിയവരും സെമിനാറിൽ പങ്കെടുത്തു.