
വിഷൻ 2031-ൻ്റെ ഭാഗമായി കെ.എസ്.ഇ.ബി.എൽ., അനർട്ട്, ഇ.എം.സി., ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലമ്പുഴയിൽ സംസ്ഥാനതല ഊർജ്ജവകുപ്പ് സെമിനാർ സംഘടിപ്പിച്ചു. 1,400-ൽ അധികം പ്രതിനിധികൾ പങ്കെടുത്ത സെമിനാറിൽ, സംസ്ഥാനത്തെ ഊർജ്ജമേഖലയുടെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന ചർച്ചകൾക്ക് വേദിയായി.
'ഊർജ മേഖലയിലെ ചുവടുമാറ്റം' എന്ന വിഷയത്തിൽ നടന്ന സെഷൻ, സംസ്ഥാനത്തെ ഊർജ്ജ വിതരണ സംവിധാനങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. സ്മാർട്ട് ഗ്രിഡുകളും ഡാറ്റാ അനലിറ്റിക്സുകളും ഉപയോഗിച്ച് ഊർജ്ജ വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സെഷൻ അഭിപ്രായപ്പെട്ടു.
ഡിജിറ്റൽവൽക്കരണം കാര്യക്ഷമത വർദ്ധിപ്പിക്കുമെങ്കിലും, നിർണ്ണായകമായ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറിന് നേരെയുള്ള സൈബർ ഭീഷണികളെക്കുറിച്ച് സി-ഡാക് തിരുവനന്തപുരത്തിലെ വിദഗ്ദ്ധ രാജശ്രീ എസ്. മുന്നറിയിപ്പ് നൽകി. സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ അനിവാര്യമാണ്.
പ്രതിരോധശേഷി ഉറപ്പാക്കാൻ സമഗ്രമായ ഐ.ടി./ഒ.ടി. (IT/OT) സുരക്ഷാ ചട്ടക്കൂട്, ഒരു പ്രത്യേക സൈബർ സുരക്ഷാ ടീം, കൃത്യമായ ഓഡിറ്റിങ്ങിനായി ഒരു സൈബർ ഓഡിറ്റ് സെന്റർ എന്നിവ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.
ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ (ICFOSS) ഡയറക്ടർ ഡോ. സുനിൽ ടി.ടി., ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾ (FOSS) ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിൽ ഡിജിറ്റൽ പരിവർത്തനം നടപ്പിലാക്കാനുള്ള സാധ്യതകൾ വിശദീകരിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളും അക്കാദമിക വിദഗ്ദ്ധരും വ്യവസായ പങ്കാളികളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഊർജ്ജമേഖലയുടെ സുസ്ഥിരമായ ഡിജിറ്റൽ ഭാവി യാഥാർത്ഥ്യമാകൂ എന്ന് സെഷൻ അഭിപ്രായപ്പെട്ടു.
'ഊർജമേഖലയും കാർബൺ രഹിത ലോകത്തിലേക്ക്' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച, 100% പുനരുപയോഗ ഊർജ്ജം എന്ന കേരളത്തിൻ്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള വെല്ലുവിളികളും സാങ്കേതികപരമായ ആവശ്യകതകളും കേന്ദ്രീകരിച്ചു.
ഹരിത ഹൈഡ്രജൻ (Green H2) ഉൽപ്പാദനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഉയർന്ന പ്രവർത്തനച്ചെലവ് പരിഹരിക്കേണ്ടതുണ്ട്. ഹൈഡ്രജൻ ഉൽപാദനത്തിന്റെ ഉയർന്ന പ്രവർത്തനച്ചെലവിന് കാരണമാകുന്ന ഓക്സിജൻ പരിണാമ പ്രതികരണം (OER) പോലുള്ള സാങ്കേതിക പ്രശ്നങ്ങളിൽ ഗവേഷണം അനിവാര്യമാണ്. ഹരിത ഹൈഡ്രജൻ ഉൾപ്പെടെയുള്ള സുപ്രധാന ഊർജ്ജ സംവിധാനങ്ങളുടെ വിവിധ ഘടകങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്നതിന് പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവുകൾ (PLI) വഴി പ്രോത്സാഹനം നൽകണം.
പുതിയ പി.വി. സാങ്കേതികവിദ്യ: നിലവിലുള്ള സിലിക്കൺ-പി.വി. സാങ്കേതികവിദ്യക്ക് പകരം 30 ശതമാനത്തിലധികം കാര്യക്ഷമതയുള്ള പുതിയ പി.വി. സാങ്കേതികവിദ്യകൾ ഉപയോഗിക്കണം. ഇത് ഭൂമിയുടെ ആവശ്യകത കുറയ്ക്കാനും ഉത്പാദനച്ചെലവ് കുറയ്ക്കാനും സഹായിക്കും.
മഴക്കുറവ് വൈദ്യുതി ഉത്പാദനത്തെ ബാധിക്കുമ്പോൾ, മറ്റ് മാസങ്ങളിൽ കൂടുതൽ വൈദ്യുതി സംഭരിക്കാൻ കഴിയുന്ന രീതിയിലുള്ള കമ്മ്യൂണിറ്റി സോളാർ സംവിധാനങ്ങൾ സ്ഥാപിക്കണം.
ബാറ്ററി സാങ്കേതികവിദ്യ: വീടുകളിൽ റൂഫ് ടോപ്പ് സോളാർ സ്ഥാപിക്കുന്നതിനും ഗാർഹിക ആവശ്യങ്ങൾക്കും വാഹനങ്ങൾക്കുമായി സോഡിയം-ലിഥിയം ബാറ്ററികൾ ഉപയോഗിക്കുന്നതിന് ഊന്നൽ നൽകണം.
കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങൾ വഴി ക്യാമ്പയിനുകൾ സംഘടിപ്പിക്കണം.
വലിയ തോതിലുള്ള കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനവും സുസ്ഥിര ഇന്ധനങ്ങളുടെ നിർമ്മാണവും കേരളത്തിൻ്റെ ഊർജ്ജ റോഡ്-മാപ്പിന് നിർണായകമാണെന്നും ചർച്ച അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ ഡിജിറ്റൽ ഊർജ്ജ പരിവർത്തനം വിജയിക്കണമെങ്കിൽ നവീകരണവും സൈബർ സുരക്ഷയും ഓപ്പൺ സ്റ്റാൻഡേർഡുകളും ഉപഭോക്തൃ ശാക്തീകരണവും ഒരുമിച്ച് കൊണ്ടുപോകണമെന്നും സെമിനാർ നിർദ്ദേശിച്ചു. ഇത് പ്രതിരോധശേഷിയുള്ളതും ബുദ്ധിപരവുമായ ഒരു ഊർജ്ജ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമാകും. ഐ.ഐ.ടി. പാലക്കാട്, ഡൽഹി എം.എൻ.ആർ.ഇ., നെതർലാന്റ്‌സ് ഗ്രോണിൻജൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ചർച്ചകളിൽ പങ്കെടുത്തു.