
സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031ന്റെ ഭാഗമായി ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് ഏകദിന സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു. 'നവ കേരളവും ന്യൂനപക്ഷക്ഷേമവും' എന്ന വിഷയത്തില്‍ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന സെമിനാര്‍ നവീന ആശയങ്ങളാല്‍ സമ്പന്നമായി.
ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും പുതിയ ചര്‍ച്ചകള്‍ക്കും ആശയങ്ങള്‍ക്കും സെമിനാര്‍ വഴിതുറന്നു. 2031 ഓടെ കേരളം എങ്ങിനെ ആയിരിക്കണം എന്നത് സംബന്ധിച്ച് നയരേഖ തയ്യാറാക്കുന്നതിലേക്കായി ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍, അവകാശങ്ങള്‍, വിദ്യാഭ്യാസവും തൊഴിലും, സാമൂഹിക സാമ്പത്തിക സുരക്ഷയും തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.
'ന്യൂനപക്ഷ ക്ഷേമം: കേരള മാതൃക' കേരളത്തിന്റെ തനതായുള്ള സാംസ്‌കാരിക പാരമ്പര്യവും നാം പടുത്തുയര്‍ത്തിയ തത്വങ്ങളും ന്യൂനപക്ഷങ്ങള്‍ക്ക് ശക്തമായ പിന്തുണ ഉറപ്പാക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും ന്യൂനപക്ഷങ്ങള്‍ക്ക് തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. ന്യൂനപക്ഷക്ഷേമ വകുപ്പ് ഓരോ പദ്ധതിയും രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും കൃത്യമായ പരിശോധനയിലൂടെയാണ്. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ചെലുത്തിയാണ് മുന്നോട്ടുപോകുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളിലെയും സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളിലെയും പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്ത് നവകേരള സൃഷ്ടിക്കായി ആശയങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെച്ചു. വിവിധ സെഷനുകളിലായി നടന്ന ചര്‍ച്ചയില്‍ ന്യൂനപക്ഷ അവകാശ സംരക്ഷണം, ന്യൂനപക്ഷ വികസനം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. സെമിനാറില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളും ആശയങ്ങളും ഭാവി വികസന പദ്ധതികളുടെ രൂപീകരണത്തിനായി ഉപയോഗപ്പെടുത്തുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചു.