
കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത 66, 2026-ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. വിഷൻ 2031-ന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനതല സെമിനാർ മന്ത്രി കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു.
മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത വികസനം യാഥാർഥ്യമാക്കിയത് 2016-ൽ അധികാരത്തിൽ വന്ന സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിന് ഫണ്ട് കണ്ടെത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പദ്ധതി യാഥാർഥ്യമാക്കാൻ 5,580 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് പൊതുമരാമത്ത് വകുപ്പ് ചുവടുവെക്കുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വർഷമായ 2031-ഓടെ കേരളത്തെ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി ഉയർത്തുകയാണ് ലക്ഷ്യം.
കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ വികസന മേഖലയിൽ വൻ കുതിപ്പ് സൃഷ്ടിക്കാൻ സാധിച്ചു. ഗ്രാമീണ മേഖലയിൽ അടക്കം ബി.എം.-ബി.സി. റോഡുകൾ ഉള്ള അപൂർവം ഇടങ്ങളിൽ ഒന്നായി കേരളം മാറി.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം റോഡ് വികസനപദ്ധതികൾക്കായി 35,000 കോടിയോളം രൂപ അനുവദിച്ചു. 8,200 കിലോമീറ്ററിലേറെ റോഡുകൾ നവീകരിക്കുകയും പകുതിയിലധികം പൊതുമരാമത്ത് റോഡുകൾ ബി.എം.-ബി.സി. നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു.
മലയോര പാത, തീരദേശ പാത എന്നിവ പൂർത്തിയാക്കി കേരളത്തിന്റെ റോഡ് ശൃംഖലയെ ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തിനടുത്താണ് ഇപ്പോൾ.
നഗരങ്ങളിലെ റോഡ് ഗതാഗതം മെച്ചപ്പെടുത്താൻ സ്മാർട്ട് റോഡുകൾ സജ്ജമാക്കി. 2031-ഓടെ 100% റോഡുകളും ആധുനിക നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്നു.
സംസ്ഥാന പാതകൾ 4 വരി ഡിസൈൻ റോഡായും പ്രധാന ജില്ലാ റോഡുകൾ 2 വരി ഡിസൈൻ റോഡ് ആയും ഘട്ടം ഘട്ടമായി ഉയർത്തും.
വാഹന ബാഹുല്യമുള്ള നഗരങ്ങളിൽ പ്രധാന പാതകളിൽ എലിവേറ്റഡ് ഹൈവേയും നിർമ്മിക്കും. റോഡ് പരിപാലനത്തിന് ഊന്നൽ നൽകി റണ്ണിംഗ് കോൺട്രാക്ട് പദ്ധതി നടപ്പാക്കി. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിരത്ത് പരിപാലനം കൂടുതൽ കാര്യക്ഷമമാക്കും.
നൂറ് പാലങ്ങൾ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം മൂന്ന് വർഷം കൊണ്ട് സാധ്യമാക്കുകയും, നിലവിൽ അത് 150-ലേക്ക് എത്തുകയും ചെയ്തു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയാക്കാൻ ആയത് അഭിമാനകരമായ നേട്ടമാണ്.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് റോഡ് ശൃംഖലയുടെ മാപ്പ് തയ്യാറാക്കുകയും വികസിപ്പിക്കുകയും ചെയ്യും. ആദിവാസി മേഖലയിലെ സമഗ്ര റോഡ് കണക്റ്റിവിറ്റി വിവിധ വകുപ്പുകളുമായി ചേർന്ന് യാഥാർഥ്യമാക്കും. മാറ്റങ്ങൾ പരമാവധി വേഗത്തിൽ സുതാര്യത ഉറപ്പുവരുത്തി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആസ്പിൻ കോർട്ട് യാഡിൽ നടന്ന പരിപാടിയിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പിന്റെ വികസന നേട്ടങ്ങൾ വകുപ്പ് സെക്രട്ടറി കെ. ബിജു അവതരിപ്പിച്ചു. കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, വിവിധ എം.എൽ.എമാർ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവിരാമൻ എന്നിവരും മറ്റ് വിദഗ്ധരും ഉദ്യോഗസ്ഥരും പങ്കെടുത്തു.