വിഷൻ 2031: തൊഴിൽ രംഗത്തെ ഭാവി വെല്ലുവിളികളെ നേരിടാൻ നവകേരളം സജ്ജം 

കേരളത്തിൻ്റെ സമഗ്രവും സുസ്ഥിരവുമായ ഭാവി വികസനത്തിന് വഴിയൊരുക്കി, തൊഴിലും നൈപുണ്യവും വകുപ്പിൻ്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 30-ന് കൊല്ലം ദി ക്വയിലോൺ ബീച്ച് ഹോട്ടലിലെ ഓർക്കിഡ് കൺവെൻഷൻ സെൻ്ററിൽ നടന്നു. ലോകത്തെ മാറുന്ന തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ കേരളത്തിന് സാധിക്കണമെന്ന കാഴ്ചപ്പാടാണ് സെമിനാറിൽ ഉയർന്നുവന്നത്.

 

ഗിഗ് ഇക്കോണമി പോലുള്ള പുതിയ തൊഴിൽ രീതികൾ വർദ്ധിക്കുന്ന കാലഘട്ടത്തിൽ കേരളം വർഷങ്ങളായി പിന്തുടരുന്ന സമത്വം, നീതി, സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. രാജ്യത്ത് ഉയർന്ന ജീവിതനിലവാരം ഉള്ള സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതൽ കൂലി നൽകുന്നതും മിനിമം വേതനം നടപ്പാക്കിയതും കേരളത്തിലാണ്. സ്ത്രീകൾക്ക് ഇരുന്ന്‌തൊഴിൽ ചെയ്യാൻ കഴിയുന്ന നിയമനിർമ്മാണം ഉൾപ്പെടെ, ധാരാളം ക്ഷേമപദ്ധതികൾ നടപ്പാക്കി സാമൂഹിക ജീവിതം മെച്ചപ്പെടുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

 

ഗിഗ് തൊഴിൽ രീതിയുടെ വെല്ലുവിളികൾ, സംഘടിത തൊഴിൽ ഇടങ്ങളുടെ അഭാവം, നിർമിതബുദ്ധി ഉണ്ടാക്കുന്ന തൊഴിലില്ലായ്മ പ്രശ്‌നങ്ങൾ തുടങ്ങിയ അവസ്ഥകളെ എങ്ങനെ മറികടക്കാമെന്ന ആശയങ്ങൾ ഈ സെമിനാറിലൂടെ ഉണ്ടായി. ട്രേഡ് യൂണിയൻ പ്രതിനിധികളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി തൊഴിൽ അവകാശങ്ങൾ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ അവതരിപ്പിച്ചു.

 

ഓരോ തൊഴിലാളിക്കും നിയമാനുസൃതമായ വേതനം, സുരക്ഷിത തൊഴിൽ സാഹചര്യങ്ങൾ, സാമൂഹിക സംരക്ഷണം, നിരന്തരമായ നൈപുണ്യ വികസനം എന്നിവയ്ക്ക് പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് അധ്യക്ഷനായ തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സമത്വം, നീതി, കരുതൽ എന്നീ അടിസ്ഥാന മൂല്യങ്ങളെ ആധാരമാക്കിയാണ് 'വിഷൻ 2031' രൂപപ്പെടുത്തിയിട്ടുള്ളത്. ഗിഗ്, പ്ലാറ്റ്‌ഫോം, റിമോട്ട് വർക്ക് തുടങ്ങിയ പുതിയ തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്കും ക്ഷേമപരമായ സുരക്ഷിതത്വം ഉറപ്പാക്കുന്ന നയങ്ങൾ ആവിഷ്‌കരിക്കും.

 

പരമ്പരാഗത തൊഴിൽ മേഖലകൾക്ക് പുതുജീവൻ നൽകുമെന്നും, ആധുനിക സംവിധാനങ്ങളിലൂടെയും നവ സഹകരണ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതിലൂടെയും ഈ മേഖലകളെ പുനരുജ്ജീവിപ്പിച്ച് തൊഴിലാളികളുടെ ഉപജീവന മാർഗങ്ങൾ സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. യുവജനങ്ങളുടെ കഴിവിനെ ആഗോള നിലവാരത്തിലേക്ക് ഉയർത്തി കേരളത്തെ രാജ്യത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക നൈപുണ്യ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. കേരളത്തിലെ തൊഴിൽ ഇടങ്ങളിലെ സ്വാതന്ത്ര്യം, അന്തസ്, സാമ്പത്തിക സുരക്ഷിതത്വം, തൊഴിലാളികളെ സംരക്ഷിച്ചുള്ള നയരൂപീകരണം എന്നിവ മാതൃകാപരമാണെന്ന് മുഖ്യാഥിതിയായ ഐ.എൽ.ഒ. (ഇന്റർനാഷൺൽ ലേബർ ഓർ​ഗനൈസേഷൻ) ഡയറക്ടർ മിചികോ മിയാമോട്ടോ അഭിപ്രായപ്പെട്ടു.

 

സെമിനാറിൻ്റെ ഭാഗമായി 'മാന്യമായ തൊഴിലും സാമൂഹിക സംരക്ഷണവും', 'പരമ്പരാഗത വ്യവസായങ്ങളിൽ തൊഴിലാളികളുടെ ഭാവി', 'വിഷൻ 31ന് വേണ്ടി മാനവവിഭവശേഷി രൂപപ്പെടുത്തൽ', 'ഗിഗ് ഇക്കണോമിയും തൊഴിൽ ക്ഷേമവും', 'ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളും' എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടന്നു. മുൻമന്ത്രി എളമരം കരീം, പ്ലാനിങ് ബോർഡ് അംഗം ഡോ. രവി രാമൻ, ഐ.എൽ.ഒയിൽ നിന്നുള്ള കരുൺ ഗോപിനാഥ്, ടെരുമോ പെൻപോൾ എം.ഡി സി. പത്മകുമാർ, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഡോ. ജയേഷ് തുടങ്ങി നിരവധി വിദഗ്ദ്ധർ ചർച്ചകളിൽ പങ്കെടുത്തു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടി ചർച്ചകളുടെ ക്രോഡീകരണവും റിപ്പോർട്ട് അവതരണവും നിർവഹിച്ചു.

അനുബന്ധ ലേഖനങ്ങൾ

കേരളം തുറമുഖ വികസനത്തിൻ്റെ നെറുകയിലേക്ക്: വിഴിഞ്ഞം 2028-ഓടെ രാജ്യത്തിൻ്റെ പ്രധാന കവാടമാകും
കേരളത്തിൻ്റെ തീരദേശ വികസനത്തിന് പുതിയ ദിശാബോധം നൽകി തുറമുഖ വകുപ്പിൻ്റെ 'വിഷൻ 2031' സംസ്ഥാനതല സെമിനാർ അഴീക്കൽ തുറമുഖത്ത് നടന്നു. സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ ഫലമായാണ് വിഴിഞ്ഞം തുറമുഖത്തെ ലോകത്തിൻ്റെ നെറുകയിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ഭാവി ടൂറിസം വികസനത്തിന് ദിശാബോധം നൽകി ‘ലോകം കൊതിക്കും കേരളം‘
സംസ്ഥാനത്തിൻ്റെ ടൂറിസം മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള ‘ലോകം കൊതിക്കും കേരളം - വിഷൻ 2031’ സംസ്ഥാനതല ടൂറിസം ശിൽപ്പശാലയ്ക്ക് കുട്ടിക്കാനം മരിയൻ കോളേജിൽ. വിനോദസഞ്ചാര മേഖലയ്ക്ക് ബജറ്റിൽ വലിയ പ്രാധാന്യം നൽകിക്കൊണ്ട് സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികൾ കേരളത്തിൻ്റെ ഭാവി വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സാമൂഹ്യനീതി വകുപ്പിന്റെ  ഭാവി വികസനലക്ഷ്യങ്ങൾ 
സാമൂഹികനീതിയിൽ അധിഷ്ഠിതമായ നവകേരള നിർമ്മിതി ലക്ഷ്യമിടുന്ന 'വിഷൻ 2031'  സമൂഹത്തിൽ ഏറ്റവും പരിഗണന അർഹിക്കുന്ന ജനവിഭാഗങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് കേരള സംസ്ഥാനം രൂപീകൃതമായതിൻ്റെ 75-ാം വാർഷികമായ 2031-ൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള സംസ്ഥാനതല സെമിനാറിന് ഒക്ടോബർ 3ന് റീജിയണൽ തിയേറ്റർ, തൃശ്ശൂർ സാക്ഷ്യം വഹിച്ചു.   ദ്രുതഗതിയിലുള്ള ജനസംഖ്യാ പരിവർത്തനം, സാമൂഹ്യ-സാമ്പത്തിക ക്രമത്തിലുണ്ടാകുന്ന മാറ്റം, ആഗോള മനുഷ്യാവകാശ ചട്ടക്കൂടുകൾ എന്നിവ സൃഷ്ടിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലാണ് സാമൂഹ്യനീതി വകുപ്പ് പ്രാധാന്യം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളത്തിൻ്റെ സാംസ്‌കാരിക ഭാവിക്കായി സമഗ്ര നയരേഖ
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള മാറ്റങ്ങൾ ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘വിഷൻ 2031 – സാംസ്‌കാരിക രംഗത്തെ ഭാവി കേരള ലക്ഷ്യങ്ങൾ’ സംസ്ഥാനതല സെമിനാർ തൃശ്ശൂർ കേരള സംഗീത നാടക അക്കാദമിയിലെ കെ.ടി. മുഹമ്മദ് തിയേറ്ററിൽ നടന്നു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വികസന നേട്ടങ്ങളും ഭാവി ചർച്ചകളും
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'വിഷൻ 2031' കരട് നയരേഖയെക്കുറിച്ചുള്ള വിപുലമായ സെമിനാർ 2025 ഒക്ടോബർ 13-ന് പാലക്കാട് കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ നടന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരള മത്സ്യമേഖലയ്ക്ക് പുതിയ ദിശാബോധം; ഫിഷറീസ് സെമിനാർ 
സംസ്ഥാനത്തിൻ്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'വിഷൻ 2031"ന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല വികസനാധിഷ്ഠിത സെമിനാർ ആലപ്പുഴ യെസ്കെ ഓഡിറ്റോറിയത്തിൽ നടന്നു. 2031-ൽ കേരളത്തിലെ മത്സ്യമേഖല കൈവരിക്കേണ്ട നേട്ടങ്ങളിലേക്കുള്ള സമഗ്രമായ ദിശാസൂചകങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: സ്ത്രീ സുരക്ഷിത കേരളം
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിഭാവനം ചെയ്യുന്ന വികസന ലക്ഷ്യങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്യുന്നതിനായി മലപ്പുറം തിരൂരിലെ ബിയാൻകോ കാസിൽ ഹാളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് 'വിഷൻ 2031 – ദർശനരേഖ' അവതരിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: ധനകാര്യവകുപ്പിന്റെ നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും
ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ഒക്ടോബർ 13ന് നടന്ന വിഷൻ 2031 സെമിനാറിൽ വകുപ്പിന്റെ നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും ചർച്ച ചെയ്തു. 1800 ൽ പരം പ്രധിനിതികളിൽ പകുതിയിലേറെ പേരും ഗവേഷകരും വിദ്യാർത്ഥികളുമായിരുന്നു എന്നത് ശ്രദ്ധേയമായി.
കൂടുതൽ വിവരങ്ങൾ
വിഷൻ 2031: കേരളം പശ്ചാത്തല വികസനത്തിന്റെ ഹബ്ബാകും-പൊതുമരാമത്ത് വകുപ്പ് സെമിനാർ
കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത 66, 2026-ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ.
കൂടുതൽ വിവരങ്ങൾ