
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ഒരു നിർണായക വഴിത്തിരിവിലാണ്. നിലവിലെ നേട്ടങ്ങളെ വിലയിരുത്തിക്കൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനുള്ള ദീർഘവീക്ഷണ പദ്ധതിയാണ് വിഷൻ 2031. ഒക്ടോബർ 13ന് തിരുവനന്തപുരത്ത് ടാഗോറിൽ സംഘടിപ്പിച്ച ഉന്നതതല സെമിനാറിൽ വിദ്യാഭ്യാസലക്ഷ്യം കേവലം അക്കാദമിക് മികവിൽ ഒതുങ്ങാതെ യഥാർത്ഥ അക്കാദമിക് എക്സലൻസിലേക്ക് പരിണമിക്കേണ്ടതിന്റെ ആവശ്യകതയാണ് ചർച്ചയായത്. 'എ പ്ലസിൽ' കുരുങ്ങിക്കിടക്കുന്ന ശരാശരി ചിന്താഗതിയിൽ നിന്ന് സമൂഹം മാറി സൃഷ്ടിപരവും വിമർശനാത്മകവുമായ പഠനരീതികളിലേക്ക് നീങ്ങേണ്ടതുണ്ടെന്ന് സെമിനാർ വിലയിരുത്തി. പരീക്ഷകൾ വെറും അളവുകോലുകൾ മാത്രമല്ല, എല്ലാ കുട്ടികളെയും ഉൾക്കൊള്ളുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്ന പ്രക്രിയകളായിത്തീരേണ്ടതിന്റെ പ്രാധാന്യവും വിഷൻ 2031 ഊന്നിപ്പറഞ്ഞു. ഈ മാറ്റത്തിന്റെ വെല്ലുവിളികളും സാധ്യതകളും വിശകലനം ചെയ്തു. വിദ്യാഭ്യാസത്തെ കൂടുതൽ ഉൾക്കൊള്ളുന്നതും പ്രചോദനാത്മകവുമായതും നവോത്ഥാനപരവുമായ രീതിയിൽ പുനർനിർവചിക്കാനാണ് വിഷൻ 2031 ലക്ഷ്യമിടുന്നത്.
കേരളം അഭിമുഖീകരിക്കുന്ന പ്രധാന വിടവുകളിലൊന്ന് ശാസ്ത്രീയമായ പ്രീസ്‌കൂളിംഗ് സൗകര്യമാണ്. എല്ലാ കുഞ്ഞുങ്ങളുടെയും ശരിയായ വളർച്ചയും വികാസവും ഉറപ്പുവരുത്താനുതകുന്ന സംവിധാനം മുൻഗണന നൽകി പരിഗണിക്കേണ്ട കാര്യമാണ്. പരീക്ഷയിൽ ഉയർന്ന ഗ്രേഡ് വാങ്ങിയത് കൊണ്ട് മാത്രം കുട്ടികൾ രക്ഷപ്പെടണമെന്നില്ല. ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് അറിവ് നിർമ്മിക്കുന്നവരായി കുട്ടികൾ മാറണം. അതിനായി കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുംവിധം അധ്യാപകർ മാറേണ്ടതുണ്ട്. ഇവിടെയാണ് അധ്യാപകരുടെ പ്രൊഫഷണൽ വികാസത്തിന്റെ പ്രസക്തി. കുട്ടി എന്നാൽ പഠിക്കാനുള്ള ഒരു ഉപകരണം മാത്രമാണെന്ന ധാരണ രക്ഷകർത്താക്കൾക്കിടയിൽ വളർന്നു വരുന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. കുട്ടികളുടെ ആരോഗ്യ കായികക്ഷമത വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഗൗരവമായ ആലോചനകൾ നടക്കണം. പൊതുവിദ്യാലയങ്ങളിൽ എത്തുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഗൗരവമേറിയ പരിഗണന നൽകും. സ്‌കൂൾ കാലഘട്ടം കഴിഞ്ഞാലുള്ള ഇവരുടെ റീഹാബിലിറ്റേഷൻ സംബന്ധിച്ച ആലോചനകളും ഉണ്ടാകേണ്ടതാണ്. ഗോത്രമേഖലയിലെ വിദ്യാർത്ഥികൾക്ക് അവരുടെ സാംസ്‌കാരിക തനിമയിൽ നിലനിർത്താവുന്നതിനെ അംഗീകരിച്ചുകൊണ്ട് ജീവിതം കൂടുതൽ മെച്ചപ്പെടാൻ ഏതുതരം വിദ്യാഭ്യാസ അവസരങ്ങളാണ് ഒരുക്കേണ്ടത് എന്നതും വിഷൻ വേദിയിൽ ചർച്ചയായി.
വിദ്യാഭ്യാസരംഗത്തെ ആധുനികവൽക്കരണം, എല്ലാവരെയും ഉൾച്ചേർത്തും ഉൾകൊണ്ടുമുള്ള വിദ്യാഭ്യാസം, ഗോത്രമേഖലയിലെ കുട്ടികളുടെ സാർവത്രിക എൻറോൾമെന്റും റീടെൻഷനും ഉറപ്പാക്കുക, തീരദേശവാസികളായ കുട്ടികളുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കൽ, സ്‌കൂൾമേളകളിൽ നടപ്പാക്കേണ്ട മാറ്റങ്ങൾ, സ്‌കൂൾ ക്യാമ്പസുകളെ എങ്ങനെ ശുചിത്വ, ഹരിത, സുരക്ഷിത ക്യാമ്പസുകളായി മാറ്റാം, പ്രകൃതിക്ഷോഭങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും അഭിമുഖീകരിക്കാൻ കുട്ടികളെ എങ്ങനെ സജ്ജമാക്കാം, ജല പരിശോധന പോലെ സമൂഹത്തെ സഹായിക്കുന്ന പ്രവർത്തന ഇടമായി സ്‌കൂളുകളെ എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയവയും വിഷൻ 2031ന്റെ ഭാഗമായി ചർച്ച ചെയ്തു.
കേരളീയ പൊതുവിദ്യാഭ്യാസം-മികവിന്റെ നാൾ വഴികൾ, നാളെയുടെ പ്രതീക്ഷകൾ' എന്ന വിഷയത്തിൽ കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർപേഴ്‌സൺ ഡോ. കെ എൻ. ഗണേഷ് സംസാരിച്ചു. 'നാളെയുടെ അധ്യാപകരും ടീച്ചർ പ്രൊഫഷണലിസവും' എന്ന വിഷയം ഡൽഹി സർവ്വകലാശാല പ്രൊഫസർ നമിത രംഗനാഥനും 'ഗുണമേന്മ വിദ്യാഭ്യാസം - കാര്യക്ഷമമായ ഭരണ നിർവ്വഹണം' എന്ന വിഷയം അഹമ്മദാബാദ് ഐ. ഐ.എം പ്രൊഫസർ കന്തൻ ശുക്ലയും അവതരിപ്പിച്ചു. 'വളരുന്ന സാങ്കേതികവിദ്യ - മാറേണ്ട സ്‌കൂൾ വിദ്യാഭ്യാസ രീതിശാസ്ത്രങ്ങൾ' എന്ന വിഷയത്തിൽ ഓപ്പൺ ഇൻവെൻഷൻ നെറ്റ് വർക്ക് ഇന്ത്യൻ പ്രതിനിധി വെങ്കിടേഷ് ഹരിഹരൻ സംസാരിച്ചു. പൊതുചർച്ചയും റിപ്പോർട്ടും ക്രോഡീകരണത്തോടെയും വിഷൻ 2031 സെമിനാർ പൂർത്തിയായി.