
സുസ്ഥിര ജലവികസനവും വിഭവ പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാനത്തിൻ്റെ ഭാവി ജലനയങ്ങൾക്ക് രൂപം നൽകുന്നതിനായി ജലവിഭവ വകുപ്പിൻ്റെ നേതൃത്വത്തിൽ വിഷൻ 2031 സംസ്ഥാനതല സെമിനാർ കട്ടപ്പന സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നടന്നു. മുഴുവൻ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ 10 വർഷത്തിനിടെ 17 ലക്ഷത്തിൽ നിന്ന് 48 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സർക്കാരിന് കഴിഞ്ഞെന്നും ജലവിഭവ വകുപ്പ് മന്ത്രി സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
വിഷൻ 2031 സെമിനാറിലൂടെ 2031-ൽ കേരളം എങ്ങനെയായിരിക്കണം എന്ന ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്. ജലത്തെ ആശ്രയിച്ചാണ് നമ്മുടെ നാടിൻ്റെ നിലനിൽപ്പ്. കുട്ടനാട്ടിലെ നെൽവയലുകൾ മുതൽ ഇടുക്കിയിലെ മലനിരകൾ വരെ മണ്ണിനെ പോഷിപ്പിക്കുന്ന നദികൾ മുതൽ കായലുകൾ വരെ നമുക്ക് അനുഗ്രഹവും വെല്ലുവിളിയുമാണ്. ലഭ്യമായ സ്രോതസ്സുകൾ ഉപയോഗിച്ച് ജലവിഭവങ്ങളുടെ സമഗ്ര മാനേജ്‌മെന്റ് പദ്ധതി തയാറാക്കുമെന്ന് മന്ത്രി വിശദമാക്കി.
വിദഗ്ദ്ധരുടെയും ഉദ്യോഗസ്ഥരുടെയും സാങ്കേതിക സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി കുറ്റമറ്റ വികസന രേഖ തയ്യാറാക്കുകയാണ് ലക്ഷ്യം. ഈ രൂപരേഖ വെറുമൊരു ഭാവനാപരമായ രേഖയായിരിക്കില്ല. മറിച്ച്, സർക്കാരിൻ്റെ സാമ്പത്തിക ലഭ്യത കൂടി പരിശോധിച്ച് ജനങ്ങൾക്ക് സമഗ്രവും കാര്യക്ഷമവുമായ സേവനങ്ങൾ നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഉദ്യോഗസ്ഥരോ ഭരണ സംവിധാനമോ മാറുമ്പോൾ ഉണ്ടാകാറുള്ള നയത്തുടർച്ച നഷ്ടപ്പെടുന്നത് വിഷൻ 2031 രൂപരേഖയിലൂടെ ഒഴിവാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
ജലവിഭവത്തിൻ്റെ മാനേജ്മെൻ്റ് കാര്യക്ഷമമായി സർക്കാർ നടത്തിവരുന്നുണ്ട്. ജലാശയങ്ങളുടെ ആഴം വർധിപ്പിക്കൽ, ഡാം ഡീസിൽറ്റേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം കാർഷിക മേഖലയെ ശാക്തീകരിക്കുന്നതിന് മൈക്രോ ഇറിഗേഷൻ പദ്ധതികളും നടപ്പാക്കുന്നു. ശാസ്ത്രീയ കൃഷിരീതികളിലൂടെ വിളവ് വർധിപ്പിക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തിൻ്റെ ജലവിഭവ ഉപയോഗത്തിൽ സുസ്ഥിരമായ സമീപനം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി, സ്കൂൾ തലത്തിൽ ജല ഉപയോഗത്തെക്കുറിച്ചും ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം നൽകുന്നതിലൂടെ കുട്ടികളിൽ ജല അവബോധം സൃഷ്ടിക്കണം.കൂടാതെ, കേരളത്തിൽ നിന്നുള്ള ‘ഹില്ലി അക്വ’ കുപ്പിവെള്ളം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന പശ്ചാത്തലത്തിൽ, ഹരിത രീതിയിലുള്ള കുപ്പികൾ പുറത്തിറക്കുന്ന പദ്ധതിക്ക് ഉടൻ തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു. കുടിവെള്ളത്തിനും ജലസേചനത്തിനും മറ്റാവശ്യങ്ങൾക്കും സമഗ്രമായ പദ്ധതികളും അതനുസരിച്ചുള്ള ആക്ഷൻ പ്ലാനും രൂപീകരിക്കുന്നതിനുള്ള നിർണ്ണായക ചുവടുവെയ്പ്പാണ് ഈ സെമിനാറിലൂടെ ഉണ്ടായിരിക്കുന്നത്.