
കേരളത്തിൻ്റെ വികസന യാത്രയിൽ സഹകരണ മേഖലയുടെ പങ്ക് നിർണ്ണയിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'വിഷൻ 2031' ഏകദിന സെമിനാർ കോട്ടയം ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെൻ്ററിൽ നടന്നു. സഹകരണ മേഖലയുടെ ഭാവി വികസനം മുന്നിൽ കണ്ടുള്ള ചർച്ചകൾക്ക് വേദിയായ സെമിനാർ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിൻ്റെ പ്രാദേശിക വികസനത്തിന് സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷി പ്രയോജനപ്പെടുത്തുന്നതിനുള്ള സുപ്രധാന പദ്ധതി സെമിനാറിൽ മന്ത്രി പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രായോഗികവും ക്രിയാത്മകവുമായ വികസന പദ്ധതികൾക്ക്, മിച്ചഫണ്ടുള്ള സഹകരണ സംഘങ്ങൾ വഴി വായ്പകൾ നൽകുന്ന പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും യോജിച്ച് പ്രവർത്തിച്ചാൽ വികസന രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനാകും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സഹകരണ ബാങ്കുകളിൽ അംഗത്വം നൽകുകയും, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകൾ സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുകയും ചെയ്യും. ഈ പരസ്പര സഹകരണത്തിലൂടെ നാടിൻ്റെ വളർച്ച ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.ഇക്കാര്യത്തിൽ സഹകരണ വകുപ്പിൻ്റെ നടപടികൾ പൂർത്തിയായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും, ആവശ്യമായ നിയമ ഭേദഗതികൾ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി, പ്രാഥമിക സഹകരണ സംഘങ്ങളിലും ശാഖകളിലും ഇടപാടുകൾക്കായി ഏകീകൃത സോഫ്റ്റ്‌വെയർ കൊണ്ടുവരുന്നതിനുള്ള നടപടികൾ ഒരു മാസത്തിനകം പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സഹകരണ ഫെഡറലിസം കടുത്ത വെല്ലുവിളി നേരിടുന്ന കാലത്ത് സഹകരണ മേഖലയുടെ ഭാവി വികസനം മുന്നിൽ കണ്ടുള്ള ചർച്ചകൾ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്തു വർഷം സഹകരണ വകുപ്പ് കൈവരിച്ച നേട്ടങ്ങൾ സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണ എൻ. മാധവൻ സെമിനാറിൽ അവതരിപ്പിച്ചു.
സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ത്ബാബു, സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, കൺസ്യൂമർ ഫെഡ് ചെയർമാൻ പി. എം. ഇസ്മയിൽ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ എന്നിവരുൾപ്പെടെയുള്ള സഹകരണ മേഖലയിലെ പ്രമുഖർ സെമിനാറിൽ പങ്കെടുത്തു.