
ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ഒക്ടോബർ 13ന് നടന്ന വിഷൻ 2031 സെമിനാറിൽ വകുപ്പിന്റെ നേട്ടങ്ങളും ഭാവി കാഴ്ചപ്പാടുകളും ചർച്ച ചെയ്തു. 1800 ൽ പരം പ്രധിനിതികളിൽ പകുതിയിലേറെ പേരും ഗവേഷകരും വിദ്യാർത്ഥികളുമായിരുന്നു എന്നത് ശ്രദ്ധേയമായി. വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ അടിത്തറയിൽ കേരളത്തിന് മുന്നേറാനാകണമെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക നേട്ടങ്ങൾ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ അവതരിപ്പിച്ചു.
കേരളത്തിന്റെ സാമ്പത്തിക വളർച്ചാ മാതൃകകൾ, പുത്തൻ സാധ്യതകൾ എന്ന വിഷയത്തിൽ നടന്ന സെഷനിൽ വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ചുള്ള വികസനം, പ്രായമാകുന്ന സമൂഹത്തെ അവസരമാക്കി മാറ്റുന്നതിനുള്ള പരിചരണ സമ്പദ് വ്യവസ്ഥ, കേരളം ഒരു നഗരം എന്ന കാഴ്ചപ്പാടിലുള്ള തുടർവികസന പ്രവർത്തനങ്ങൾ എന്നിവ ആവിഷ്‌കരിക്കണമെന്ന അഭിപ്രായമുയർന്നു വന്നു.
വിഴിഞ്ഞം തുറമുഖത്തിനോടനുബന്ധിച്ച് വ്യവസായങ്ങൾ വികസിപ്പിക്കുന്നതിന് തോട്ടംഭൂമി ഉപയോഗപ്പെടുത്താൻ നയങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. കേരളത്തിൽ ആവശ്യത്തിന് ഭൂമിയുണ്ടെങ്കിലും പൊതുമനോഭാവം എതിരായതിനാൽ തോട്ടം ഭൂമികൾ ഉപയോഗിക്കാൻ കഴിയുന്നില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാതെ തോട്ടം ഭൂമികൾ വ്യവസായത്തിന് അനുവദിച്ചാൽ പ്രശ്‌നം പരിഹരിക്കാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തുറമുഖമായി അതിവേഗം വളരുന്ന വിഴിഞ്ഞം പദ്ധതിയുടെ നേട്ടം പൂർണമായും കേരളത്തിന് ലഭിക്കണമെങ്കിൽ അതിനോടനുബന്ധിച്ച് വലിയ വ്യവസായ മുന്നേറ്റം സാധ്യമാക്കണം. വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യവസായ ഇടനാഴി വികസിപ്പിക്കാൻ 10,000 ഏക്കർ ഭൂമിയാണ് കണ്ടെത്തേണ്ടതെന്നും മന്ത്രി വിശദീകരിച്ചു.
കേരളം കടക്കെണിയിലാണെന്ന വാദം തെറ്റാണെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കേരളത്തിന്റെ കടം അപകടാവസ്ഥയിലല്ലെന്നും വായ്പകൾ മൂലധനച്ചെലവുകൾക്കാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. 4.74 ലക്ഷം കോടി മാത്രമാണ് നിലവിലെ കടമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ധനകാര്യ ഫെഡറലിസവും ജിഎസ്ടി സംവിധാനവും എന്ന വിഷയം ചർച്ച ചെയ്ത വേളയിൽ ജിഎസ്ടി നിരാശാജനകമാണെന്നു സെമിനാർ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ ധനകാര്യങ്ങളും ഭാവി വികസനവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നാല് സെഷനുകളിലായി ഗൗരവമേറിയ ചർച്ചകൾ നടന്നു. സമാപന സമ്മേളത്തിൽ വ്യവസായ മന്ത്രി പി രാജീവും പങ്കെടുത്തു. ഉൽപ്പാദന മേഖലയിലെ വളർച്ചയിലൂടെ മാത്രമേ ആഭ്യന്തര വരുമാനം വർധിപ്പിക്കാൻ കഴിയൂ. ഇതിന്റെ ഭാഗമായാണ് ഒരു ലക്ഷം സംരംഭങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയത്. മൂന്നര ലക്ഷത്തിലധികം പദ്ധതികളാണ് ഇതു വഴി ആരംഭിക്കാനായത്. അതിൽ 42 ശതമാനം സംരംഭകരും സ്ത്രീകളാണ്.
സമ്പദ്ഘടനയെ വളർത്തുന്നതിനായി മിഷൻ 1000 എന്ന പുതിയ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 1000 മൈക്രോ സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവ് ഉള്ള നിലയിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഒരു ലക്ഷം നാനോ സംരംഭങ്ങളെ ശരാശരി ഒരു കോടി വിറ്റുവരവിലേക്കും ഉയർത്തും. ഇത് വഴി തൊഴിലവസരങ്ങൾ വളരുകയും ചെയ്യും. കഴിഞ്ഞ 10 വർഷത്തിൽ കേരളത്തിൻ്റെ വികസന മാതൃകയിൽ വലിയ മാറ്റമാണ് ഉണ്ടായത്. എല്ലാ മേഖലകളിലും നിലവാരം വർധിച്ചു. ഇന്നൊവേഷനുമായി ബന്ധപ്പെട്ട മേഖലയിലാണ് ഇന്ന് കേരളത്തിൻ്റെ ശക്തി. അതിൻ്റെ അടിസ്ഥാനത്തിലാണ് വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ, വിജ്ഞാന സമൂഹം എന്ന കാഴ്ച്ചപ്പാട് മുന്നോട്ട് വെക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി വിശദീകരിച്ചു.
വിജ്ഞാനാധിഷ്ഠിത തൊഴിലുകളാണ് പുതുതലമുറ ആഗ്രഹിക്കുന്നത്. അവർക്ക് വേണ്ട അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് സർക്കാരിൻ്റെ സമീപനം. അതിനായി വിജ്ഞാനാധിഷ്ഠിത സംരംഭങ്ങൾ വളർത്തിക്കൊണ്ടു വരണം. കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയവർ മടങ്ങിവരുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത്. അവർക്ക് വേണ്ട അവസരങ്ങൾ ഒരുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വികസന പ്രശ്നങ്ങൾ: തിരിച്ചറിയലും പരിഹാരം നിർദ്ദേശങ്ങളും എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫിനാൻസ് ആൻഡ് ടാക്സേഷനും കേരള എക്കണോമിക് അസോസിയേഷനും ചേർന്ന് കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പസ് മത്സരത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.എസ് സോമനാഥ് ഓൺലൈനായി പങ്കെടുത്ത് തന്റെ ആശയങ്ങൾ പങ്കുവെച്ചു. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖർ എൻ ഐ പി എഫ് പിലെ പ്രൊഫസർ ഡോ പിനാക്കി ചക്രവർത്തി സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ രവി രാമൻ ഐ.ബി.എസ് സ്ഥാപകനും എക്‌സിക്യുട്ടിവ് ചെയർമാനുമായ ഡോ. വി കെ മാത്യൂസ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സി ജെ ജോർജ്, ഹൈദരാബാദിലെ എൻ.എഫ്.ടി.ഡി.സി ഡയറക്ടർ ഡോ. കെ ബാലസുബ്രഹ്മണ്യൻ, സ്വീറ്റ് ലൈമ് സ്ഥാപകൻ സഞ്ജയ് ഡാഷ് കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർമാൻ വി കാശി വിശ്വനാഥൻ മുൻ ചെയർമാൻ എൻ രാമചന്ദ്രൻ സി ഐ ഐ ചെയർപേഴ്സൺ വി കെ സി റസാക്ക് ഉൾപ്പെടയുള്ളവർ വിവിധ ചർച്ചകളുടെ ഭാഗമായി.