സംസ്ഥാന ഊർജസംരക്ഷണ പുരസ്‌കാരം 2026 ന് എനർജി മാനേജ്മെന്റ് സെന്റർ–കേരള അപേക്ഷ ക്ഷണിച്ചു. വൻകിട, ഇടത്തരം, ചെറുകിട ഊർജ ഉപഭോക്താക്കൾ, ഊർജകാര്യക്ഷമ കെട്ടിടങ്ങൾ, പൊതുസ്ഥാപനങ്ങൾ, ഊർജസംരക്ഷണ നേതൃത്വവും സമൂഹതല സ്വാധീനവും, ഊർജകാര്യക്ഷമ ഉൽപ്പന്നങ്ങളുടെയും കെട്ടിടങ്ങളുടെയും പ്രോത്സാഹകർ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലാണ് പുരസ്‌കാരം നൽകുന്നത്.
വ്യവസായങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, ഓഫീസുകൾ, ഷോപ്പിംഗ് മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവർക്ക് അർഹമായ വിഭാഗങ്ങളിൽ അപേക്ഷിക്കാം. ഊർജസംരക്ഷണ രംഗത്തെ ഗവേഷണം, ബോധവത്കരണം, സാമൂഹിക ഇടപെടലുകൾ, ഊർജ ക്ലബ് പ്രവർത്തനങ്ങൾ എന്നിവ നടത്തുന്ന സംഘടനകൾക്കും ഊർജകാര്യക്ഷമ ഉൽപ്പന്നങ്ങളുടെയും കെട്ടിടങ്ങളുടെയും മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം.
ഒന്നുമുതൽ നാലുവരെ വിഭാഗങ്ങളിലെ വിജയികൾക്ക് ₹1 ലക്ഷം വീതവും, അഞ്ച് മുതൽ ഏഴ് വരെ വിഭാഗങ്ങളിലെ വിജയികൾക്ക് ₹50,000 വീതവും ക്യാഷ് പ്രൈസിനൊപ്പം പ്രശസ്തിപത്രവും ഫലകവും ലഭിക്കും. യോഗ്യരായവർക്ക് ISO 50001 സർട്ടിഫിക്കേഷനും ഊർജ ഓഡിറ്റിനും സാമ്പത്തിക സഹായം ലഭിക്കുന്ന അധിക ആനുകൂല്യങ്ങളും പദ്ധതിയിലുണ്ട്.
2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ നടത്തിയ പ്രവർത്തനങ്ങളാണ് പ്രധാനമായും പരിഗണിക്കുക. പ്രവർത്തനങ്ങളുടെ തുടർച്ച വിലയിരുത്തുന്നതിനായി കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ പ്രവർത്തനങ്ങളും പരിഗണിക്കും. അപേക്ഷാഫോമും മാർഗനിർദേശങ്ങളും www.keralaenergy.gov.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ecawardsemc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഒക്ടോബർ 30ന് മുമ്പ് സമർപ്പിക്കണം. വിവരങ്ങൾക്ക് എനർജി മാനേജ്മെന്റ് സെന്റർ–കേരള, ശ്രീകൃഷ്ണ നഗർ, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം–695017 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0471-2594922.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-08-2026