സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം അപ്രന്റീസ് ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും ചേർന്ന് അപ്രന്റീസ് തിരഞ്ഞെടുപ്പ് മേള സംഘടിപ്പിക്കുന്നു.
ഡിസംബർ അഞ്ചിന് കളമശ്ശേരി സർക്കാർ പോളിടെക്‌നിക് കോളേജിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മേളയിലൂടെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപ്രന്റീസുകളെ തിരഞ്ഞെടുക്കും. ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ, ബി.ടെക്., ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ., ബി.സി.എ., നഴ്സിങ്, ബി.ഫാം., ഡി.ഫാം., ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകൾ പാസായി അഞ്ച് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം നേടിയിട്ടില്ലാത്തവർക്കും അപേക്ഷിക്കാം.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ ഡിസംബർ നാലിന് മുൻപായി www.sdcentre.org ൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തതിനുശേഷം ഇ-മെയിൽ മുഖേന ലഭിച്ച രജിസ്‌ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പുകളും ബയോഡാറ്റയുടെ പകർപ്പും സഹിതം ഡിസംബർ അഞ്ച് രാവിലെ ഒമ്പതിന് കളമശ്ശേരി സർക്കാർ പോളിടെക്‌നിക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷകർക്ക് ഇഷ്ടാനുസരണം ഒന്നിലധികം സ്ഥാപനങ്ങളിലെ അഭിമുഖങ്ങളിൽ പങ്കെടുക്കാം.
പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെയും ലഭ്യമായ ഒഴിവുകളുടെയും വിവരങ്ങളും ഇന്റർവ്യൂവുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങളും www.sdcentre.org ൽ ഡിസംബർ മൂന്നിന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: 0484-2556530, sdckalamassery@gmail.com.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-11-2026