പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന ‘നോർക്ക കെയർ പ്ലസ് ’ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം നേടാൻ ആഗസ്റ്റ് 18 മുതൽ സെപ്തംബർ 18 വരെ പ്രവാസികൾക്ക് അവസരം. കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുളള പ്രവാസി കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതികളാണ് നോർക്ക കെയറും നോർക്ക കെയർ പ്ലസും.
5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, 1 കോടി രൂപ എന്നിങ്ങനെയുള്ള 7 വിവിധ സ്ലാബുകളിൽ പദ്ധതി ലഭ്യമാണ്. പോളിസികളിൽ ഉടമയുടെയോ പങ്കാളിയുടെയോ 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താം. നിലവിൽ നോർക്ക കെയറിൽ ഉള്ളവർക്കും നോർക്ക കെയർ പ്ലസിൽ (10 ലക്ഷമോ അതിന് മുകളിലോ) ചേരാനാകും. 10 ലക്ഷം മുതൽ 1 കോടി രൂപ വരെയുള്ള പോളിസികളിൽ സമാന തുക ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയായി ഐ.ഡി കാർഡ് ഉടമയ്ക്ക് ലഭിക്കും. നോർക്ക പ്രവാസി ഐ.ഡി, വിദേശത്തുള്ള വിദ്യാർഥികൾക്കായുള്ള സ്റ്റുഡന്റ് ഐ.ഡി, എൻ.ആർ.കെ ഐ.ഡി കാർഡുള്ള പ്രവാസി കേരളീയർക്കാണ് പദ്ധതിയിൽ എൻറോൾ ചെയ്യാനാകുക.
5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷയുമാണ് നോർക്ക കെയർ നൽകുന്നത്. 2025 സെപ്റ്റംബർ 22 മുതൽ നവംബർ 30 വരെ സംഘടിപ്പിച്ച ആദ്യഘട്ട എൻറോൾമെന്റിൽ 136 രാജ്യങ്ങളിൽ നിന്നായി 1,32,034 പ്രവാസി കുടുംബങ്ങൾ എൻറോൾ ചെയ്തു. ഇതുവഴി ഏകദേശം അഞ്ച് ലക്ഷത്തോളം കുടുംബാംഗങ്ങൾക്ക് പ്രയോജനം ലഭിക്കുന്നു. പ്രൈമറി മെമ്പറായ നോർക്ക ഐ.ഡി കാർഡ് ഉടമയ്ക്ക് മാത്രമാണ് ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പരിരക്ഷ ലഭിക്കുക. പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി സഹകരിച്ച്, കേരളത്തിലെ 618 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 24,000-ത്തോളം ആശുപത്രികൾ വഴി പദ്ധതി പ്രകാരം ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നു.
നോർക്ക കെയർ പ്ലസ് ഇൻഷുറൻസ്: പ്രവാസികൾക്ക് അംഗത്വം നേടാം ലിങ്ക്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-08-2026