ആധാർ സേവനവുമായി ബന്ധപ്പെട്ട് സംസ്ഥാന ആധാർ നോഡൽ ഏജൻസി കേരള സംസ്ഥാന ഐ.ടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം.  

കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും പതിനഞ്ച് വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ പതിനേഴു വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കും. അല്ലാത്തപക്ഷം നൂറ്  രൂപ ഈടാക്കും.

പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ  അസാധു ആകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ/കോളേജ് അഡ്മിഷൻ, എൻട്രൻസ് / മത്സര പരീക്ഷകൾ, ഡിജിലോക്കർ, ആപാർ, പാൻ കാർഡ്  , നീറ്റ്, ജെഇഇ മറ്റ് മത്സര പരീക്ഷകൾ എന്നിവക്ക് മുതലായവയിൽ ആധാർ ഉപയോഗപ്പെടുത്തുന്നതിനാൽ ബയോമെട്രിക് പുതുക്കൽ ഉറപ്പാക്കണം. 

പല വകുപ്പുകളും ആധാറിൽ കൊടുത്തിരിക്കുന്ന മൊബൈലിൽ / ഇ-മെയിലിൽ  ഒടിപി അയച്ച് സേവനങ്ങൾ ലഭ്യമാക്കുന്നതിനാൽ നിങ്ങളുടെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. 5 വയസുവരെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ, മൊബൈൽ നമ്പർ, ഇ-മെയിൽ ഉൾപ്പെടുത്തൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും.

ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും - സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 / 0471-2335523. കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442, uidhelpdesk@kerala.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-05-2025

sitelisthead