നവകേരള സദസ്സിന്റെ ഭാഗമായി കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് തികച്ചും വ്യത്യസ്തമായ അനുഭവമായെന്നും കൊച്ചി വാട്ടർ മെട്രോയ്ക്ക് ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി സന്ദർശക ഡയറിയിൽ കുറിച്ചു. വാട്ടർ മെട്രോ ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത്.
സർവ്വീസ് ആരംഭിച്ച് 7 മാസത്തിനിടെ പന്ത്രണ്ടര ലക്ഷത്തിലധികം പേർ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടർ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി. നിലവിൽ 12 ബോട്ടുകളുമായി ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ, ഹൈക്കോർട്ട് ജംഗ്ഷൻ-ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലാണ് സർവ്വീസ് നടത്തുന്നത്.
ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസിനായുള്ള സജ്ജീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി, മുളവുകാട് നോർത്ത്, വില്ലിംഗ്ടൺ ഐലൻഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെയും നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.കുറഞ്ഞ തുകയിൽ സുരക്ഷിത യാത്രയാണ് കൊച്ചി വാട്ടർ മെട്രോയുടെ ശീതികരിച്ച ബോട്ടുകളിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. 1136.83 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി കൊച്ചിയിലെ വിവിധ ദ്വീപ് നിവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണുക മാത്രമല്ല ടൂറിസം സാധ്യതകളെ മുന്നിൽ നിർത്തി അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സഹായകരമായി.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.