എല്ലാ വിഭാഗം ജനങ്ങളേയും ഉൾക്കൊള്ളുന്നതും സർവ്വതല സ്പർശിയുമായ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് നവകേരള സദസ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പൊതുവായ പുരോഗതിക്ക് പശ്ചാത്തല സൗകര്യവികസനം പ്രധാനമാണ്. തീരദേശ, മലയോര ഹൈവേകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനുള്ള ചെലവായ 1000 കോടി രൂപ കിഫ്ബി മുഖേന കണ്ടെത്തുകയാണ് ചെയ്തത്.
ടൂറിസം മേഖല വികസിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത നാടിന്റെ മുഖച്ഛായ തന്നെ മാറ്റാനുതകുന്ന ഒന്നാണ്. ജലപാത 600 കിലോമീറ്റര്‍ ഉണ്ടാകുമെന്നതിനാല്‍ ബോട്ടില്‍ സഞ്ചരിക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ഇതൊരു ഹരമായി മാറും. ഇതിനൊപ്പം ടൂറിസം കേന്ദ്രങ്ങള്‍ ഉണ്ടാകും. അതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കും. ഈ ടൂറിസം കേന്ദ്രങ്ങളില്‍ ആ നാട്ടിലുള്ളവര്‍ക്ക് തൊഴിലുകള്‍ ലഭ്യമാകും. തൊഴില്‍ശാലകള്‍ ഉണ്ടാകും. പ്രത്യേക കലാരൂപങ്ങള്‍ അവതരിപ്പിക്കാന്‍ പ്രാദേശിക കലാകാരന്‍മാര്‍ക്ക് അവസരം ലഭിക്കും. 50 കിലോമീറ്റര്‍ ഇടവിട്ട് ഇത്തരത്തില്‍ ഓരോ ടൂറിസം കേന്ദ്രങ്ങള്‍ക്കാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡുകള്‍, പാലങ്ങള്‍, ഫ്‌ലൈ ഓവറുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ പലയിടങ്ങളിലായി നടക്കുകയാണ്. ബജറ്റിലുള്ള പണം മാത്രമല്ല ഇതിനെല്ലാം ആശ്രയിക്കുന്നത്. കിഫ്ബി മുഖേനയുള്ള പണവും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. മാറ്റം ഒരു പ്രദേശത്ത് മാത്രമായി ഒതുങ്ങുന്നതല്ല.
പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ വലിയ മാറ്റം വന്നു. അക്കാദമിക നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ആരോഗ്യ മേഖലയിലും സമഗ്രമായ മാറ്റമാണ് ഉണ്ടായത്. കാര്‍ഷിക, വ്യാവസായ, ഐടി മേഖലകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും വലിയ തോതിലുള്ള മുന്നേറ്റമാണ് നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.