നവകേരളത്തിനായുള്ള ആശയങ്ങളും ആവശ്യങ്ങളും ചർച്ചചെയ്ത് മലപ്പുറം പ്രഭാത സദസ്സ്. പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ മണ്ഡലങ്ങളിലെ സാധ്യതകളും വെല്ലുവിളികളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.
പെരിന്തൽമണ്ണയുടെ വികസനത്തിന് ഗതാഗത കുരുക്കിന് പരിഹാരമായി റെയിൽവേ മേൽപ്പാലത്തോട് കൂടിയ മാനത്ത്മംഗലം ഓരാടം ബൈപ്പാസ് നിർമാണം സംബന്ധിച്ച് ആവശ്യമായ ഇടപെടലുകൾ , അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിലേക്കുള്ള തകർന്ന റോഡ് മികച്ച രീതിയിൽ ഗതാഗതയോഗ്യമാക്കുക, 350 ഓളം ഏക്കർ ഭൂമിയിൽ ആരംഭകാലത്ത് വിഭാവനം ചെയ്ത വിശാലമായ സമ്പൂർണ ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാറിന്റെ പിന്തുണ ,മങ്കട നിയോജക മണ്ഡലത്തിൽ കിടത്തി ചികിത്സാ സൗകര്യം ,മഞ്ചേരി ജനറൽ ഹോസ്പിറ്റൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക , നിർഭയ വോളണ്ടിയർമാർക്ക് വേതനം സമയബന്ധിതമായി നൽകുക വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പെൺകുട്ടികൾക്കുള്ള ഹോം സ്ഥാപിക്കുക അങ്കണവാടി വർക്കർമാരുടെ നിയമനത്തിന് പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന നിർബന്ധം ഒഴിവാക്കുക തുടങ്ങ്ങിയ ആവിശ്യങ്ങൾ മലപ്പുറം ജില്ലയുടെ വികസനത്തിനായി വിവിധ മേഖലയിൽ നിന്നെത്തിയ പ്രതിനിതികൾ ഉന്നയിച്ചു.
നിലമ്പൂരിൽ ടൂറിസം വികസനത്തിന്റെ ഭാഗമായി ടൂറിസം ഇൻഫർമേഷൻ സെന്റർ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, സൗന്ദര്യവത്കരണം, ബസ് സർവീസുകൾ, സഞ്ചാരികൾക്ക് താമസസൗകര്യം, ടൂറിസം ഗൈഡ്, റബ്ബറൈസ്ഡ് റോഡുകൾ തുടങ്ങിയവ സജ്ജമാകാണാമെന്ന ആശയം യോഗം മുന്നോട്ട് വെച്ചു. കായികരംഗത്തിന് പ്രത്യേക പരിഗണന നൽകി അനേകം ഫുട്ബോൾ കളിക്കാരെ സൃഷ്ടിച്ച അരീക്കോട് ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കണമെന്ന ആശയവും ഉയർന്നു വന്നു. കോളേജുകളുടെ സമയക്രമം രാവിലെ എട്ട് മുതൽ 1.30 വരെയാക്കി വിദ്യാർത്ഥികൾക്ക് പാർട് ടൈം തൊഴിലവസരം ഒരുക്കുക, സർക്കാർ കോളജുകളിൽ സ്വാശ്രയ കോളേജുകളുടെ മാതൃകയിൽ നൂതന കോഴ്സുകൾ അനുവദിക്കുക, അങ്ങാടിപ്പുറം പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുക, നിലമ്പൂരിലെ പട്ടികവർഗ്ഗ മേഖലയിലെ ആവശ്യങ്ങൾ നിറവേറ്റുക, ഇ-ഗ്രാൻഡ് സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി ഉയർന്നു വന്ന ആശയങ്ങളും ആവശ്യങ്ങളുമായിരുന്നു.
വണ്ടൂരിൽ റെയിൽവേ മേൽപ്പാലം, നടുവത്ത് കൂറ്റൻപാറയിൽ 14 ഏക്കർ ക്വാറിയായി പ്രവർത്തിച്ച ഇടം ടൂറിസം കേന്ദ്രമാക്കുക , വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സംവിധാനം , പട്ടികജാതി മേഖലയിൽ പട്ടയങ്ങൾ വിതരണം ചെയ്യുക, നിലമ്പൂർ- പെരുമ്പലാവ് റോഡിന്റെ പ്രവൃത്തി വേഗത്തിലാക്കുക, മാലിന്യ സംസ്കരണം തുടങ്ങിയവ യോഗം ചർച്ച ചെയ്ത സാമൂഹ്യ പ്രശ്നങ്ങളായിരുന്നു. ഓട്ടിസം പാർക്ക് സ്ഥാപിക്കുക, ബഡ്സ് സ്കൂളുകളെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാക്കുക, വന്യജീവികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്ന പ്രശ്നങ്ങൾ എന്നിവയും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
പാലോളി മുഹമ്മദ് കുട്ടി, ഇമാം മുഹമ്മദലി ഫൈസി, ഫാദർ മാത്യൂസ് വറ്റിയാനിക്കൽ, പാറക്കോട്ടിൽ നാരായണൻ, പി.ടി അൻവർ, നിലമ്പൂർ ആയിഷ, ജില്ലാ കളക്ടർ വി.ആർ. വിനോദ് എംഎൽഎ വി. ശശികുമാർ, ഡോ.കെ.പി ഫൈസൽ, മോഹൻ പുളിക്കൽ, അഡ്വ. സുജാത,ബിജു പോൾ, ടി. സ്നേഹ,മോഹൻദാസ്, പി. സൗമ്യ,അബ്ദുറഹ്മാൻ ദാരിമി, കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.