തീരുമാനങ്ങൾ വേഗത്തിലാക്കി ഭരണനേട്ടങ്ങളുടെ സ്വാദ് ജനസമക്ഷമെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതു സാക്ഷാത്കരിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി. പറഞ്ഞതെല്ലാം ചെയ്യാൻ കഴിഞ്ഞ സർക്കാരിന്റെ ആത്മവിശ്വാസമാണ് തിരിച്ചറിയപ്പെടുന്നത്. പ്രകടനപത്രികയെ അടിസ്ഥാനമാക്കി പ്രോഗ്രസ് റിപ്പോർട് ജനസമക്ഷം സമർപിച്ചുകഴിഞ്ഞു.
പരാതികൾ പരിഹരിക്കാൻ താലൂക് അടിസ്ഥാനത്തിൽ മന്ത്രിതല സമിതി അദാലത്തുകൾ നടത്തി. പരിഹരിക്കാൻ കഴിയാത്തവ മന്ത്രിമാരുടെയും ജില്ല കലക്ടറുടെയും നേതൃത്വത്തിൽ അദാലത്തുകൾ വഴിതീർപ്പാക്കി കൂടുതൽ ശ്രദ്ധ വേണ്ടവ മേഖലതിരിച്ചു ചീഫ് സെക്രെട്ടറിയുടെയും വിവിധ ജില്ലകളുടെ കലക്ടർമാരുടെയും സംസ്ഥാനതല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തീർപ്പാക്കി.
വനാതിർത്തി പ്രദേശങ്ങളിലും തീരദേശ മേഖലകളിലും സമാന രീതിയിൽ മന്ത്രിമാർ നേരിട്ട് എത്തി ജനങ്ങളെ കണ്ട് സർക്കാർ നടപടികൾ വിശദീകരിച്ചു. ഇവയുടെ തുടർച്ചയാണ് നവകേരള സദസ്. നാട് മുന്നോട്ട് പോകാൻ ആസൂത്രണം ചെയ്യേണ്ട പദ്ധതികൾ ജനങ്ങളിൽ നിന്നും നേരിട്ട് കേട്ടറിയുക എന്നതും മുന്നോട്ട് പോക്കിന് തടസം സൃഷ്ടിക്കുന്ന നിലപാടുകളെ ജനങ്ങൾക്ക് മുൻപിൽ തുറന്നു കാട്ടുന്നതിനുമാണ് ഉൗന്നൽ നൽകുന്നത്. പ്രഭാത സദസുകളിൽ പങ്കെടുക്കുന്ന ക്ഷണിതാക്കളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വലിയ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നത്.
ലഹരിക്കടിമപ്പെടുന്നവരെ മോചിപ്പിക്കുന്ന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംസ്ഥാനത്ത് നടക്കുന്നുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തുന്നത് തുടരും. മയക്കുമരുന്ന് മാഫിയകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ഉൗർജ്ജിതമാക്കും. വിദ്യാലയങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ പ്രവർത്തനങ്ങളും കരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിന്റെ വർദ്ധനവ് കുറയ്ക്കാൻ രക്ഷിതാക്കളും കുടുംബാംഗങ്ങളും മുൻകൈയെടുക്കണം.
നിർദേശങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ ഉണ്ടായ മികവ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകണം.
ദളിത് ക്രൈസ്തവരെ പട്ടികജാതി സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്താൻ യൂണിയൻ സർക്കാരിനോടാവശ്യപ്പെടണം.
കായികതാരങ്ങൾക്ക് പരിശീലനത്തിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം. ചെസ് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തണം.
കശുവണ്ടി മേഖല, സ്റ്റാർ ഹോട്ടൽ, തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം.
പുറത്തുനിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കും വിധത്തിലുള്ള പാഠ്യ പദ്ധതികൾ ആവിഷ്കരിക്കും. റാങ്കിംഗിൽ കേരളത്തിലെ സർവകലാശാലകൾ മികച്ച കുതിപ്പാണ് നടത്തുന്നത്. കേരള കലാമണ്ഡലത്തിന്റെ അധ്യാപകനിയമനം, പുരോഗതി എന്നിവ സംബന്ധിച്ച് ഭാവിയിൽ കൂടുതൽ നടപടി സ്വീകരിക്കും.
ദളിത് ക്രൈസ്തവരുടെ കാര്യത്തിൽ സമാന അഭിപ്രായമാണ് സർക്കാരിന് ഉള്ളത് വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് യൂണിയൻ സർക്കാരാണ്.
കായികതാരങ്ങൾക്ക് ജോലി ഉൾപ്പെടെ നൽകിയുള്ള പിന്തുണ തുടരും. ചെസ് പോലുള്ള കായിക ഇനങ്ങൾക്ക് നൽകുന്ന പ്രോത്സാഹനം തുടരും. ഇതിന്റെ ഭാഗമായാണ് കേരളം ക്യൂബൻ സഹകരണത്തോടെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ മികച്ച ഇടപെടലുകളാണ് നടത്തിയത്. ബാങ്കും ഫാക്ടറി ഉടമകളുമായുള്ള പ്രശ്നപരിഹാരത്തിന് ഇടപെടൽ നടത്തിയതിലൂടെ കുറെ മാറ്റങ്ങൾ ഉണ്ടായി. തുടർന്നും സ്വകാര്യ ഫാക്ടറികളെ സംരക്ഷിക്കാനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകും. തോട്ടം മേഖലയിലെ പ്രതിസന്ധികൾക്ക് ഇളവുകളും പരിഷ്കാരങ്ങളും വേണമെന്ന നിലപാടിനോട് സർക്കാർ യോജിക്കുന്നു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കും.
സംസ്ഥാന മന്ത്രിസഭാംഗങ്ങൾക്കൊപ്പം ചീഫ് സെക്രട്ടറി വി വേണു , ജില്ലാ കലക്ടർ എൻ ദേവിദാസ് , ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ,പി എസ് സുപാൽ എം എൽ എ, പ്രൊഫ. തോമസ് കുട്ടി, സെൽവിസ്റ്റർ പൊന്നു മുത്തൻ തിരുമേനി, ഫാദർ വൈ. ലാലു യേശുദാസ്, ഇഞ്ചക്കാട് ബാലചന്ദ്രൻ, ജോജു തരകൻ, ഡോ. യുഹാനോൻ മാർ തേവോറോസ് മെത്രോ പോലീത്ത, മുഹ്സിൻ വഖാവി ഇമാൻ, ഷംസുദ്ദീൻ മൗലവി, മാത്യു കെ ലൂക്കോസ്, ടി പി കുഞ്ഞുമോൻ, ഡോ. ജോൺ പണിക്കർ, ഫാദർ ഫിലിപ്പ് മാത്യു, ചെങ്ങറ സുരേന്ദ്രൻ, സിസ്റ്റർ റോസ്ലിൻ, ബിന്ദു സന്തോഷ്, ഡോ. പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.