ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം എന്ന സന്ദേശമുയർത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ പര്യടനത്തിന് ഇന്ന് (നവംബർ 30ന്) സമാപനം. ലക്ഷക്കണക്കിന് ജനങ്ങളിൽ പ്രതീക്ഷയുണർത്തിയാണ് കഴിഞ്ഞ മൂന്നുദിവസമായി നവകേരള സദസ്സ് ജില്ലയിൽ പ്രയാണം നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയിൽ മൂന്നു ദിനങ്ങളിലായി 12 മണ്ഡലങ്ങൾ പിന്നിടുമ്പോൾ ഓരോ മണ്ഡലങ്ങളിലും വൻജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. വിവിധ പ്രായഭേദമന്യേ നിരവധിപേരാണ് നവകേരള സദസ്സിനായി മണിക്കൂറുകൾക്ക് മുന്നേ വേദികളിലെത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വൻപങ്കാളിത്തം തന്നെ മിക്കയിടത്തും കാണാമായിരുന്നു.
നവകേരള സദസ്സ് മലപ്പുറം ജില്ലയിൽ മൂന്ന് ദിവസം പൂർത്തിയായപ്പോൾ ആകെ 53,446 നിവേദനങ്ങളാണ് ലഭിച്ചത്. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,735 നിവേദനങ്ങളും ഇന്നലെ 21,845 നിവേദനങ്ങളും ലഭിച്ചു. ഇന്നലെ മഞ്ചേരി - 5683, കൊണ്ടോട്ടി -7259, മങ്കട - 4122, മലപ്പുറം -4781 എന്നിങ്ങനെ നിവേദനങ്ങൾ ലഭിച്ചു. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടയ്ക്കൽ-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. പൊന്നാനി-4192, തവനൂർ-3766, തിരൂർ-4094, താനൂർ-2814 എന്നിങ്ങനെയാണ് തിങ്കളാഴ്ച നിവേദനങ്ങൾ ലഭിച്ചത്.
ജോലി സംബന്ധമായും സഹായം ആവശ്യപ്പെട്ടും മറ്റു പൊതു ആവശ്യങ്ങളുമായി നിരവധിപേരാണ് പരാതി പരിഹാര കൗണ്ടറുകളിലെത്തുന്നത്. സദസ്സ് ആരംഭിക്കുന്നതിന്റെ മൂന്നുമണിക്കൂർ മുന്നേതന്നെ എല്ലാ മണ്ഡലങ്ങളിലും കൗണ്ടറുകൾ ആരംഭിച്ചിരുന്നു. ലഭിക്കുന്ന പരാതികളിൽ കൈപറ്റ് രസീത് നൽകാനും ഉദ്യോഗസ്ഥരും യഥാസമയം തന്നെ ജാഗ്രതയോടെ പ്രവർത്തിച്ചത് കൗണ്ടറുകളിലെത്തിയവർക്ക് ഏറെ സഹായകരമായി മാറി. നാളെ പാലക്കട് ജില്ലയിലെ പര്യടനം ആരംഭിക്കും.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.