സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്ത അവസ്ഥ ഉള്ളപ്പോഴും അതിനെ അതിജീവിച്ച് സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, കാസറഗോഡ് മഞ്ചേശ്വരം പൈവളിഗെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിലായി 57,000 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമായെന്നും ഇത് സാമ്പത്തിക വെല്ലുവിളികൾ സൃഷ്ടിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം 1,48,000 കോടി രൂപയിൽ നിന്ന് 2,28,000 കോടി രൂപയായി ഉയർന്നു, രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നായി.ആഭ്യന്തര വളർച്ച 8 ശതമാനം വർധിക്കുകയും വ്യക്തിഗത വരുമാനം 26 ശതമാനത്തിൽ നിന്ന് 67 ശതമാനമായി വർധിക്കുകയും 2016ൽ ജിഡിപി 56,000 കോടിയിൽ നിന്ന് 10,17,000 കോടി രൂപയായി വികസിക്കുകയും ചെയ്ത സംസ്ഥാനത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക വളർച്ച മുഖ്യമന്ത്രി എടുത്തുപറഞ്ഞു. നികുതി വരുമാനത്തിലും 23,000 കോടിയുടെ ഗണ്യമായ വർധനയുണ്ടായി.
ദാരിദ്ര്യം തുടച്ചുനീക്കാനുള്ള കേരളത്തിന്റെ പ്രതിബദ്ധതയാണ് ദാരിദ്ര്യ നിർമാർജന ശ്രമങ്ങളിൽ വ്യക്തമാകുന്നത്. ഒരു വ്യക്തി പോലും കടുത്ത ദാരിദ്ര്യത്തിൽ തുടരുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചതോടെ, സംസ്ഥാനം തീവ്ര ദാരിദ്ര്യം വെറും 0.7 ശതമാനമായി കുറച്ചു. നവംബർ ഒന്നിന് അതിദരിദ്രരായി കണ്ടത്തിയവരിൽ 40 ശതമാനത്തിൽ അധികം പേരെയും ആ പട്ടികയിൽ നിന്നും മോചിപ്പിച്ചു കഴിഞ്ഞു.
മാനവ വികസന സൂചിക, സാമ്പത്തിക അസമത്വ സൂചിക, ആരോഗ്യമേഖലയിൽ പണം ചിലവഴിക്കൽ, മാധ്യമസ്വാതന്ത്ര്യം എന്നിവ ദേശിയ തലത്തിൽ ദയനീയമായ അവസ്ഥയിലാണ് എന്നാൽ ഈ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി നിലകൊള്ളുന്നു. 2016-ന് മുമ്പുള്ള അതേ സംസ്ഥാനമല്ല ഇപ്പോൾ കേരളമെന്നും ഒരുകാലത്ത് അസാധ്യമെന്ന് കരുതിയ നിരവധി വികസന പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയെന്നും മറ്റു വികസന പ്രവർത്തികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി അഭിമാനത്തോടെ പറഞ്ഞു.
ഐ.ടി മേഖലയിൽ ഏഴ് വർഷത്തിനുള്ളിൽ തൊഴിലവസരങ്ങളുടെ എണ്ണം 26,000-ൽ നിന്ന് 62,000 ആയി വർദ്ധിച്ചതോടെ ഐടി മേഖല ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. കാർഷിക മേഖലയും നാല് ശതമാനം വളർച്ച രേഖപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിൽ 4,300 കോടി രൂപ നിക്ഷേപിക്കുകയും 2,300 സ്‌കൂളുകൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്തു. കൂടാതെ, കേരളം 60 ലക്ഷം പേർക്ക് സാമൂഹിക സുരക്ഷാ പെൻഷനായി പ്രതിമാസം 1,600 രൂപ നൽകുന്നു, സമാനതകളില്ലാത്ത പ്രവർത്തനമാണ് കേരളം കാഴ്ചവെയ്ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നവകേരള സദസ്സ് പരിപാടി നാടിനു വേണ്ടിയാണ്. നാടിനായി സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടിയാണ് എന്ന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾക്ക്, പ്രത്യേകിച്ച് സാധാരണക്കാർക്ക്, ബോധ്യമായതിന്റെ തെളിവാണ് മഞ്ചേശ്വരത്തു തടിച്ചുകൂടിയ വൻ ജനാവലിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലാണിത്. കേരള സംസ്ഥാന ഐടി മിഷന്റെ ഉടമസ്ഥതയിലുള്ള പോർട്ടലിന്റെ രൂപകൽപ്പന നിർവ്വഹിച്ചിരിയ്ക്കുന്നത് സി-ഡിറ്റും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് വിവര പൊതുജന സമ്പർക്ക വകുപ്പുമാണ്.