വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസമേകിക്കൊണ്ട് സപ്ലൈകോ നടപ്പിലാക്കിയ ഓണം വിപണി ഇടപെടൽ വൻ വിജയമായി മാറി. കേവലം വിപണി ഇടപെടൽ എന്നതിലുപരി, കൃത്യമായ ഉൽപ്പന്ന ലഭ്യതയും കുറഞ്ഞ വിലയും ഉറപ്പുവരുത്തി മികച്ചൊരു ഷോപ്പിങ് അനുഭവമാണ് സപ്ലൈകോ ഉപഭോക്താക്കൾക്ക് നൽകിയത്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിൽപന നേട്ടങ്ങളിലൊന്നാണ് ഇത്തവണ രേഖപ്പെടുത്തിയത്. ജൂലൈ 22 മുതൽ ഉത്രാട ദിനമായ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസങ്ങൾക്കുള്ളിൽ 433.81 കോടി രൂപയുടെ വിറ്റുവരവാണ് സ്ഥാപനം കൈവരിച്ചത്.

കഴിഞ്ഞ വർഷം ഓണക്കാലത്ത് (ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെയുള്ള 35 ദിവസങ്ങളിൽ) 385 കോടി രൂപയായിരുന്നു സപ്ലൈകോയുടെ വിറ്റുവരവ്. മുൻവർഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ വളർച്ചയാണ് ഇത്തവണ കൈവരിക്കാൻ സാധിച്ചത്. ഇതിൽ തന്നെ വിൽപനയുടെ വലിയ ആവേശം കണ്ടത് ഉത്രാടദിനത്തിലായിരുന്നു. അന്ന് ഒറ്റദിവസം കൊണ്ട് മാത്രം 27.85 കോടി രൂപയുടെ വിൽപനയാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി നടന്നത്.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ സംഘടിപ്പിച്ച മെഗാ ട്രേഡ് ഫെയറുകളും മറ്റ് ജില്ലകളിലെ ജില്ലാ ഫെയറുകളും ഇതിൽ പ്രധാന പങ്ക് വഹിച്ചു. കൂടാതെ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ഓണം ഫെയറുകൾ സജ്ജീകരിച്ചിരുന്നു. പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും സബ്‌സിഡി സാധനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കിയത് ഉപഭോക്താക്കൾക്ക് ഏറെ സഹായകരമായി.

53.86 ലക്ഷം ഉപഭോക്താക്കൾ; ജനവിശ്വാസത്തിന്റെ കരുത്ത്

35 ദിവസത്തിനിടെ 53.86 ലക്ഷം പേരാണ് സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങിയത്. സബ്സിഡി ഉൽപന്നങ്ങൾക്കൊപ്പം ബ്രാൻഡഡ് ഉൽപന്നങ്ങളും നിത്യോപയോഗ സാധനങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കാൻ കഴിഞ്ഞത് വിൽപനയിൽ വലിയ വർധനവിന് വഴിയൊരു
ക്കി. ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി ഇനത്തിലുള്ള ഉൽപന്നങ്ങളിൽ നിന്നാണ് ലഭിച്ചത്. 278.42 കോടി രൂപ സബ്സിഡിയിതര ഉൽപന്നങ്ങളുടെ വിൽപനയിലൂടെയും ലഭിച്ചു. ഓണക്കാലത്ത് കുടുംബ ബജറ്റിന് കൂടുതൽ ആശ്വാസം നൽകുന്നതിനായി സബ്സിഡി വെളി
ച്ചെണ്ണ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം വിലക്കുറവിൽ ലഭ്യമാക്കിയതും പൊതുജനങ്ങൾ ഏറ്റെടുത്തു. 

'വൺ-സ്റ്റോപ്പ്' ഓണം ഷോപ്പിങ്

ഈ വർഷത്തെ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറുകളുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് സാധാരണ വിൽപനമേളയിൽ നിന്ന് വ്യത്യസ്തമായി, വിവിധ ഉൽപന്നങ്ങൾ ഒരിടത്ത് ലഭിക്കുന്ന യഥാർഥ വൺ-സ്റ്റോപ്പ് ഷോപ്പിങ് കേന്ദ്രങ്ങളായി മാറിക്കൊണ്ട് വിവിധ മേഖലകളിൽ നിന്നുള്ള ഉൽപന്നങ്ങളും സേവനങ്ങളും ഒരുമിച്ച് ലഭ്യമാക്കിയതായിരുന്നു.

സപ്ലൈകോയുടെ നിത്യോപയോഗ സാധനങ്ങൾക്കും സബ്സിഡി ഉൽപന്നങ്ങൾക്കും പുറമെ പ്രമുഖ ബ്രാൻഡുകളും സ്ഥാപനങ്ങളും ഫെയറുകളുടെ ഭാഗമായി. പാദരക്ഷകൾ, പുസ്തകങ്ങൾ, ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, വിവിധ നിത്യോപയോഗ ഉൽപന്നങ്ങൾ, രുചികരമായ ചിപ്സുകൾ, ലഘുഭക്ഷണങ്ങൾ എന്നിങ്ങനെ ഒരു കുടുംബത്തിന് ആവശ്യമായ നിരവധി ഉൽപന്നങ്ങൾ ഒരേ വേദിയിൽ ലഭ്യമാക്കിയതായിരുന്നു മെഗാ ട്രേഡ് ഫെയറുകളുടെ പ്രത്യേകത.

കോഴിക്കോട് ബീച്ച്, എറണാകുളം കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ട്, തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്ക് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച മെഗാ ട്രേഡ് ഫെയറുകളും വിവിധ ജില്ലാ ഓണം ഫെയറുകളും ഓണക്കാലത്തെ ആഘോഷ വിപണിക്ക് പുതിയ അനുഭവമായി. മെഗാട്രേഡ് ഫെയറുകളും ജില്ലാ ഫെയറുകളും ഉൾപ്പെടെ ഫെയറുകളിൽ നിന്ന് 5.33 കോടി രൂപയുടെ വിറ്റുവരവ് ലഭിച്ചു. കഴിഞ്ഞവർഷം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് 4.82 കോടി രൂപയായിരുന്നു. തിരുവനന്തപുരം മെഗാട്രേഡ് ഫെയറിൽ നിന്ന് മാത്രം 94 ലക്ഷം രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. 

വിലക്കുറവിന്റെ വിശ്വാസം, വൈവിധ്യത്തിന്റെ വിജയം 

കേരളത്തിലെ സാധാരണക്കാരന്റെ ദൈനംദിന ജീവിതവുമായി പതിറ്റാണ്ടുകളായി ചേർന്നുനിൽക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന വിപണി ഇടപെടലിന്റെ പ്രധാന മുഖമായ സപ്ലൈകോ, ഓണക്കാലത്തും അതേ ഉത്തരവാദിത്തം ശക്തമായി നിറവേറ്റി.

സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രമുഖ ബ്രാൻഡുകളുടെയും വിവിധ മേഖലകളിൽ നിന്നുള്ള ഉൽപന്നങ്ങളുടെയും വിപുലമായ ശേഖരം പൊതുജനങ്ങൾക്ക് മുന്നിലെത്തിച്ചതാണ് ഇത്തവണത്തെ ഓണപ്പരിപാടികളുടെ പ്രധാന വിജയം. കൂടാതെ ഓണക്കാലത്ത് കുടുംബത്തോടൊപ്പമെത്തി സാധനങ്ങൾ വാങ്ങാനും, വിവിധ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ പരിചയപ്പെടാനും, ഭക്ഷണം ആസ്വദിക്കാനും, ആഘോഷാന്തരീക്ഷത്തിന്റെ ഭാഗമാകാനും കഴിയുന്ന ഒരു പൊതുവേദിയായും സപ്ലൈകോയുടെ മെഗാട്രേഡ് ഫെയറുകൾ മാറി. വിലക്കുറവിന്റെ വിശ്വാസവും വൈവിധ്യത്തിന്റെ പുതിയ അനുഭവവും ഒന്നിച്ചപ്പോൾ, ഈ ഓണം സപ്ലൈകോയ്ക്ക് റെക്കോർഡ് വിൽപനയുടെ ഓണമായി മാറി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-09-29 09:13:21

ലേഖനം നമ്പർ: 2099

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo