അന്താരാഷ്ട്ര തുറമുഖ സാധ്യതകൾ തുറക്കുന്ന ഇമിഗ്രേഷൻ ചെക്ക് പോയിൻ്റ് പദവി നേടി കൊല്ലം തുറമുഖം ലോക ക്രൂയിഷ്‌ ഭൂപടത്തിലേക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് കൊല്ലം തുറമുഖത്തിന് ഇമിഗ്രേഷൻ ചെക്ക്‌ പോയിന്റ് പദവി നൽകിയത്. എല്ലാത്തരം യാത്രക്കാർക്കും നിയമാനുസൃതമായ രേഖകൾ പരിശോധനയ്ക്ക്‌ ഹാജരാക്കി ഇന്ത്യയിലേക്ക്‌ പ്രവേശിക്കാനും വിദേശത്തേക്ക്‌ പോകാനുമുള്ള കവാടമാണ്‌ ഇമിഗ്രേഷൻ ചെക്പോസ്റ്റ് (ഐസിപി). വിദേശത്തുനിന്നും യാത്ര- ചരക്ക്‌ കപ്പലുകളിൽ വരുന്നവർക്ക്‌ ഇന്ത്യയിലേക്ക്‌ പ്രവേശിക്കാനുള്ള പരിശോധനാ സംവിധാനമാണ്‌ ഇതിലൂടെ നിലവിൽവരുന്നത്‌. യാത്രക്കാരുടെയും ഡ്യൂട്ടിക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്ന കപ്പൽ ജീവനക്കാരുടെയും രേഖകൾ പരിശോധിച്ച്‌ ഉറപ്പുവരുത്തും. പുതിയ പദവി ലഭിച്ചതോടെ രാജ്യാന്തര കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങൾ നീങ്ങുകയും  ചരക്കുകപ്പലുകൾ, യാത്രക്കപ്പലുകൾ, ആഡംബരക്കപ്പലുകൾ  എന്നിവക്ക് അനായാസമായി തുറമുഖത്തു നങ്കൂരമിടാനുള്ള സാധ്യതകൾ തുറക്കുകയും ചെയ്യുന്നതിലൂടെ ഗതാഗതം, വാണിജ്യം, ടൂറിസം, ഹോട്ടൽ വ്യവസായം തുടങ്ങിയ മേഖലകൾ ശക്തിപ്പെടും. 

കൊല്ലം വാർഫിൽ അടുപ്പിക്കാൻ 1200 യാത്രക്കാരുള്ള കപ്പലുകളെ ഉപയോഗിക്കാവുന്നതാണ്. ഇവയിൽ 6000–7000 ടൺ ഭാരമുള്ള കപ്പലുകളും നങ്കൂരമിടാം. അന്താരാഷ്ട്ര കപ്പൽപാതയുടെ സാന്നിധ്യം ഉള്ളതുകൊണ്ട്‌ കൊല്ലം ക്രൂ ചെയ്‌ഞ്ചിങ്ങിന്റെ കേന്ദ്രമായും മാറും. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് സാധ്യതയും മുതൽക്കൂട്ടാണ്‌. കൊച്ചി കഴിഞ്ഞാൽ ഏറ്റവും ആഴമേറിയ തുറമുഖമെന്ന സവിശേഷതയാണ്‌ കൊല്ലത്തിന്റെ പ്രത്യേകത. സംസ്ഥാനത്തെ നോൺ മേജർ തുറമുഖങ്ങളിൽ ഒന്നാമതാണ് കൊല്ലം. ചരക്ക്‌- യാത്രാകപ്പലുകളുടെ ബർത്തിന്‌ വെവ്വേറെ വാർഫുകളുണ്ട്‌. 179 മീറ്റർ നീളമുള്ള വാർഫിൽ ചരക്കുകപ്പലും 101മീറ്റർ നീളമുള്ള വാർഫിൽ യാത്രക്കപ്പലും അടുപ്പിക്കാം. 16,000 ചതുരശ്ര മീറ്റർ ശേഷിയുള്ള ഓപ്പൺ യാർഡും 1450 ചതുരശ്ര മീറ്റർ ശേഷിയുള്ള രണ്ട് ഗോഡൗണുമുണ്ട്‌.

പാസഞ്ചർ കപ്പൽ ഇല്ലാത്ത സമയത്ത് കാർഗോഷിപ്പുകളെ തീരത്തേക്ക് അടുപ്പിക്കാൻ കഴിയുന്ന വിധത്തിൽ  പാസഞ്ചർ കം കാർഗോഷിപ് സംവിധാനത്തിലാണ് കൊല്ലം തുറമുഖത്തെ ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. 100മീറ്റർ നീളവും 18മീറ്റർ വീതിയുമാണ് വാർഫിനുള്ളത്. ഇന്റർനാഷണൽ ഷിപ്പ്‌ ആൻഡ്‌ പോർട്ട്‌ ഫെസിലിറ്റി സെക്യൂരിറ്റി കോഡ്‌ (ഐഎസ്‌പിഎസ്‌) സർട്ടിഫിക്കറ്റ്‌ ലഭിച്ചതോടെ കൊല്ലം സുരക്ഷാസൗകര്യമുള്ള അന്തർദേശീയ തുറമുഖങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. ഐസിപിയുടെ ഭാഗമായി സംസ്ഥാനം ആറ്‌ എമിഗ്രേഷൻ ചെക്ക്‌ പോയിന്റ്‌ കൗണ്ടറും അനുബന്ധ സൗകര്യങ്ങളും ഫെസിലിറ്റേഷൻ സെന്ററും ഗേറ്റ്‌ഹൗസും നിർമിച്ചു. സിസിടിവി കാമറ, ചുറ്റുമതിൽ, പുറത്ത്‌ കമ്പിവേലി, നിരോധിതമേഖല എന്നിവ നടപ്പാക്കി. തുറമുഖത്ത്‌ 14 പൊലീസ്‌ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചു. (2 ഇൻസ്‌പെക്ടർ, 8 സബ്‌ ഇൻസ്‌പെക്ടർ, 4 കോൺസ്റ്റബിൾമാർ).റഡാർ സംവിധാനം ഉൾപ്പെടെയുള്ള വെസൽ മോണിറ്ററിങ്‌ സിസ്റ്റം, ഓട്ടോമാറ്റിക്‌ ഐഡന്റിഫിക്കേഷൻ സിസ്റ്റം, ലഗേജ്‌ സ്‌കാനർ, മെറ്റൽ ഡിറ്റക്‌ടർ, പാസഞ്ചർ ടെർമിനലിൽ കൂടുതൽ ലൈറ്റുകൾ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ഈ നടപടികൾ തുറമുഖത്തെ സുരക്ഷ വർദ്ധിപ്പിക്കാനും അനധികൃത പ്രവേശനവും കള്ളക്കടത്തും തടയാനും സഹായിക്കും.

പുതിയ പദവിയിലൂടെ ഗൾഫ് രാജ്യങ്ങളിൽനിന്ന്‌ യാത്രക്കപ്പലിനു കൊല്ലം തുറമുഖത്തേക്ക്‌ എത്തിച്ചേരാൻ കഴിയും. പ്രവാസികൾകൾക്ക് കുറഞ്ഞചെലവിൽ നാട്ടിലെത്താൻ ഈ സഞ്ചാര പാത സഹായിക്കും.  വിനോദസഞ്ചാരികൾക്ക്‌ ആഡംബരക്കപ്പലിൽ കടലും തീരവും ആസ്വദിക്കാനും ഇതുവഴി വിനോദ സഞ്ചാരമേഖലയ്ക്ക് കൂടുതൽ വരുമാനം കണ്ടെത്താനും സാധിക്കും.  പുതിയ സംവിധനത്തിലൂടെ ശ്രീലങ്കയിൽ നിന്ന്  യാത്രക്കപ്പൽ എത്തും. ലക്ഷദ്വീപുമായി കപ്പൽ ഗതാഗതം തുടങ്ങാനും സാധ്യതയുണ്ട്. നിലവിൽ, ലക്ഷദ്വീപ്-കപ്പലുകൾക്ക് ബേപ്പൂരിലാണ് ബർത്ത് നൽകിയിരിക്കുന്നത്. മിനിക്കോയി-കൊല്ലം വിനോദസഞ്ചാര കടൽപ്പാതയിൽ തുറക്കും. കൊല്ലത്തേക്ക്‌ തോട്ടണ്ടി നേരിട്ട്‌ എത്തിക്കാം. ഐഎസ്‌ആർഒയിലേക്കുള്ള ഭാരംകൂടിയ ചരക്കുകൾ കൊല്ലം തുറമുഖം വഴിയാണ്‌ കൊണ്ടുപോകുന്നത്‌. ഗുജറാത്തിൽ നിന്നുള്ള നിർമാണ സാമഗ്രഹികളും കൊണ്ടുവരാൻ കഴിയും

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-06-26 14:21:08

ലേഖനം നമ്പർ: 1431

sitelisthead