ഭൂസംബന്ധമായ എല്ലാ വിഷയങ്ങളും പരിഹരിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റൽ സർവേയുടെ ആ​ദ്യഘട്ടം പൂർത്തിയായി.  എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ബ്രഹത് പദ്ധതിയായ എന്റെ ഭൂമി പദ്ധതിയുടെ ഭാ​ഗമായി 200 വില്ലേജുകളിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ സർവേ പൂർത്തിയായത്. 2022 നവംബർ ഒന്നിനാരംഭിച്ച പദ്ധതിയുടെ ഭാ​ഗമായി ഇതുവരെ നാല് ലക്ഷം ഹെക്ടർ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ രണ്ടാംഘട്ടവും ഈ വർഷം തന്നെ പൂർത്തീകരിക്കുന്നത് ലക്ഷ്യമിട്ടാണ് റവന്യൂ വകുപ്പ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്. 200 വില്ലേജുകളിൽ ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കിയതിൻ്റെ 9(2) വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.  

കേരളം പൂർണമായും ഡിജിറ്റലായി അളന്നു തിട്ടപ്പെടുത്തുക എന്നുള്ളതാണ് ഡിജിറ്റൽ റീ സർവ്വേ കൊണ്ട് ഉദ്ദേശിക്കുന്നത്. നൂതന സർവ്വേ സാങ്കേതിക വിദ്യകളായ Continuously Operating Reference Stations (CORS), Real Time Kinematic (RTK) Rover, Robotic ETS, Drone എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റൽ സർവ്വേ നടത്തുന്നത്. ഡിജിറ്റൽ സർവെയിലുള്ള  സാങ്കേതിക തർക്കങ്ങളും മറ്റു സംശയങ്ങളും ദൂരീകരിക്കാൻ ഗ്രാമസഭ മാതൃകയിൽ സർവെ സഭകൾ വിളിച്ചുചേർത്ത് സമ്പൂർണ്ണ  ജനപങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 

കേരളത്തിൻറെ സമ്പൂർണ്ണ കഡസ്ട്രൽ സർവ്വേ സാധ്യമാക്കുന്നതോടൊപ്പം ടോപോഗ്രാഫിക്കൽ സർവ്വേയും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തിന്റെ എല്ലാ ഭൂപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്നവിധത്തിൽ സ്വകാര്യ ഭൂമിയും സർക്കാർ ഭൂമിയും അളന്നു തിട്ടപ്പെടുത്തും. ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കി ഡിജിറ്റൽ ഭൂ രേഖകൾ തയ്യാറാക്കുന്നതോടെ വിവിധ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി ഇവ നേരിടുന്നതിനും സഹായകരമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-07-05 16:40:49

ലേഖനം നമ്പർ: 1441

sitelisthead