പശ്ചിമഘട്ട പ്രദേശങ്ങളിലെ നീർച്ചാലുകളുടെ ശാസ്ത്രീയ നിർണയവും വീണ്ടെടുപ്പും ലക്ഷ്യമിട്ടുള്ള ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ ക്യാമ്പയിന്റെ ഭാഗമായി നടന്ന  മാപത്തോൺ  പ്രവർത്തനങ്ങളിലൂടെ  പശ്ചിമഘട്ട പ്രദേശത്തെ 230 ഗ്രാമപഞ്ചായത്തുകളിലായി 10,133 നീർച്ചാലുകൾ അടയാളപ്പെടുത്തി,   406.14 കിലോമീറ്റർ ദൂരം നീർച്ചാലുകൾ വീണ്ടെടുത്തു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ വലിയ അളവിൽ കുറക്കാനും പശ്ചിമഘട്ട പ്രദേശങ്ങളിൽ അധിവസിക്കുന്ന ജനങ്ങൾക്ക് ഭീതി കൂടാതെ ജീവിക്കുന്നതിനും സംസ്ഥാന സർക്കാർ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ 9 ജില്ലകളിലെ പശ്ചിമ ഘട്ട മേഖലയിലെ അടഞ്ഞു പോയ നീർച്ചാലുകളുടെ ഒഴുക്ക് സുഗമമാക്കി പ്രകൃതി ദുരന്തങ്ങൾ കുറയ്ക്കുന്നതിനായി  പ്രദേശത്തെ  നീർച്ചാലുകൾ മാപ്പിങ്ങിലൂടെ അടയാളപ്പെടുത്തിയാണ്  വീണ്ടെടുത്തത്. ഹരിത കേരളം മിഷന്റെ പശ്ചിമഘട്ട പ്രദേശങ്ങളിലെ നീർച്ചാലുകളെ സാങ്കേതികത്വം, ശാസ്ത്രീയത, കൃത്യത എന്നിവ ഉറപ്പാക്കിയാണ് അടയാളപ്പെടുത്തൽ. നീർച്ചാൽ മാപിംഗിനായി മാപത്തോൺ പ്രവർത്തനങ്ങൾക്ക് ഹരിതകേരളം മിഷനിലെ റിസോഴ്സ്  പേഴ്സൺമാർ, ഇന്റേൺസ്, യംഗ് പ്രൊഫഷണലുകൾ തുടങ്ങിയവരാണ് നേതൃത്വം  നൽകിയത്. നീർച്ചാൽ അടിസ്ഥാനമാക്കിയുള്ള ഭാവി ആസൂത്രണത്തിന് കൃത്യമായ അടിത്തറയൊരുക്കാൻ മാപത്തോൺ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. 

2018ലെ പ്രളയശേഷം കേരളത്തിന്റെ പുനസൃഷ്ടിക്കായുള്ള പ്രവർത്തനങ്ങൾ, ദുരന്തമുഖങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴുമുളള മുന്നൊരുക്കങ്ങൾ, എന്നിവയിൽ മാപത്തോൺ പ്രവർത്തനങ്ങളുടെ ഫലം പ്രയോജനപ്പെടും. ശാസ്ത്രീയ മാർഗങ്ങളിലൂടെ നടത്തിയ മാപിംഗ് ജലവിഭവ മേഖലയുടെ വളർച്ചയ്ക്ക് പിന്തുണ നൽകും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഉൾപ്പെടെ റീ ബിൽഡ് കേരളയുടെ പിന്തുണയും ഐ ടി മിഷന്റെയും ഐസി ഫോസിന്റെയും സാങ്കേതിക സഹായവും നവകേരള മിഷൻ മാപ്പിങ്ങിനായി ലഭിച്ചു. കണ്ടെത്തിയ പതിനായിരം കിലോ മീറ്ററിലധികം നീർച്ചാലുകളിൽ നാനൂറു കിലോ മീറ്ററിലധികം നീർച്ചാലുകളുടെ പുനരുജ്ജീവനം ഇതിനകം നടന്നു. ബാക്കിയുള്ളവ കൂടി വീണ്ടെടുക്കുന്ന പ്രവർത്തനം വിവിധ വകുപ്പുകളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-05-07 11:26:48

ലേഖനം നമ്പർ: 1345

sitelisthead