ഹരിത ഊർജ വരുമാന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ആദ്യ സമ്പൂർണ ഗ്രിഡ് ബന്ധിത സൗരോർജവത്കൃത ആദിവാസി ഗോത്ര മേഖലയായി പാലക്കാട് ജില്ലയിലെ നടുപ്പതി. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വീടുകളിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ച് സൗജന്യ വൈദ്യുതിയും അധികവരുമാനവും ലഭ്യമാക്കുന്നതിനുവേണ്ടി അനർട്ട് മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത ഊർജ്ജ വരുമാന പദ്ധതി. പദ്ധതിയുടെ ഭാഗമായി നടുപ്പതി ആദിവാസി കോളനിയിലെ വൈദ്യുത ആവശ്യം പൂർണമായും നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 120 വീടുകളിലാണ് സൗരോർജവത്കരണം നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്.
ലൈഫ് മിഷൻ, പുനർഗേഹം പദ്ധതികൾ വഴി നിർമിച്ചു നൽകിയ വീടുകളിലും, പട്ടികജാതി വകുപ്പ് നിർമിച്ചു നൽകിയ വീടുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.നിലവിൽ 80 വീടുകളിൽ സൗരോർജവത്കരണം പൂർത്തിയായിട്ടുണ്ട്. ബാക്കി വീടുകളിൽ കോൺക്രീറ്റ് മേൽക്കൂരയുടെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് പുറപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കും. 60% സംസ്ഥാന സർക്കാരിന്റെ വികസന ഫണ്ടും 40% കേന്ദ്ര സർക്കാരിന്റെ സബ്‌സിഡിയും ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുണഭോക്തൃ വിഹിതമായ 76,58,000 രൂപ അനെർട്ടിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ് ചെലവാക്കിയത്. കൂടാതെ 250kVA ശേഷിയുള്ള ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനായി 5 ലക്ഷം രൂപയോളം വനം വകുപ്പും ചെലവാക്കിയിട്ടുണ്ട്.
രണ്ടു കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച് നൽകുന്നത്. ഇതിലൂടെ പ്രതിദിനം ഏകദേശം 8 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്ന അധിക വൈദ്യുതിയിൽ നിന്ന് ഒരു ചെറിയ വരുമാനം കണ്ടെത്താനും ഈ കുടുംബങ്ങൾക്ക് സാധിക്കും. 100 യൂണിറ്റ് വൈദ്യുതി പ്രതിമാസ ഉപഭോഗമുള്ള ഒരു കുടുംബത്തിന്, ഏകദേശം 1200 യൂണിറ്റ് വൈദ്യുതി ഒരു വർഷം ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയും. ഇതിലൂടെ വർഷത്തിൽ ഏകദേശം 4000 രൂപയോളം വരുമാനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി ഒരു ഇൻഡക്ഷൻ സ്റ്റൗ കൂടി ഗുണഭോക്താവിനു നൽകുന്നുണ്ട്. ഇതുവഴി എൽപിജിയുടെ ചെലവ് ലാഭിച്ച് അധിക വരുമാനം ഉണ്ടാക്കാനാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-08 21:11:44
ലേഖനം നമ്പർ: 1332