സ്മാർട്ട് സിറ്റി മിഷൻ്റെ  'സിറ്റിസ് 2.0' ചലഞ്ചിൽ തെരഞ്ഞെടുക്കപ്പെട്ട  18 ന​ഗരങ്ങളിൽ ഒന്നായി തിരുവനന്തപുരം. രാജ്യത്തുടനീളം സ്മാർട്ട് സിറ്റികൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നടപ്പിലാക്കുന്ന ന​ഗര നവീകരണ പുനർനിർമ്മാണ പദ്ധതിയാണ് സ്മാർട്ട് സിറ്റി മിഷൻ. പദ്ധതിയുടെ ഉപഘടകമായ നൂതനവും സുസ്ഥിരവുമായ നഗരവികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള CITIIS 2.0 ചലഞ്ചിലാണ് തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്ന് സിറ്റിസ് 2.0 ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക നഗരമാണ് തിരുവനന്തപുരം. 

സുസ്ഥിര നഗരവികസനം, സംയോജിത മാലിന്യ സംസ്‌കരണം, കാലാവസ്ഥാ അധിഷ്‌ഠിത പരിഷ്‌കരണങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സിറ്റിസ് 2.0  നടപ്പിലാക്കുന്നത്.  ഫ്രഞ്ച് വികസന ഏജൻസി (AFD), Kreditanstaltfür Wiederaufbau (KfW), യൂറോപ്യൻ യൂണിയൻ (EU), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്‌സ് (NIUA) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് CITIIS 2.0 ചലഞ്ച് വിഭാവനം ചെയ്തിരിക്കുന്നത്.   തെരഞ്ഞെടുക്കപ്പെടുന്ന ന​ഗരങ്ങൾ  സംയോജിത മാലിന്യ സംസ്‌കരണം, കാലാവസ്ഥാ അധിഷ്‌ഠിത പരിഷ്‌കരണങ്ങൾ, വിജ്ഞാന വ്യാപനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്ക് മുൻ​ഗണന നൽകേണ്ടതുണ്ട്.  തെരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങൾക്ക് 135 കോടിരൂപയുടെ സാമ്പത്തിക സാങ്കേതിക സഹായം പദ്ധതിയിലൂടെ ലഭിക്കും. 

രാജ്യത്തുടനീളമുള്ള 100 സ്മാർട്ട് സിറ്റികൾ ചലഞ്ചിൽ പങ്കെടുക്കുകയും പ്രോഗ്രാമിൻ്റെ ഭാഗമാകാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ 36 നഗരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും തുടർന്ന് 18 നഗരങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. അഗർത്തല, ആഗ്ര, ബറേലി, ബെലഗാവി, ബിലാസ്പൂർ, ഗുവാഹത്തി, ജബൽപൂർ, ജയ്പൂർ, മധുരൈ, മുസാഫർപൂർ, ന്യൂ ടൗൺ കൊൽക്കത്ത, പനാജി, രാജ്കോട്ട്, ശ്രീനഗർ, തഞ്ചാവൂർ, ഉദയ്പൂർ, ഉജ്ജയിൻ എന്നിവയാണ് തിരഞ്ഞെടുത്ത മറ്റ് നഗരങ്ങൾ.

2017ൽ കോർപറേഷൻ നടപ്പിലാക്കിയ സ്മാർട്ട് സിറ്റി 2.0 പദ്ധതി 2024ൽ അവസാനിക്കാനിരിക്കെയാണ് സിറ്റിസ് 2.0ലേക്ക് തിരുവനന്തപുരം തെരഞ്ഞെടുക്കപ്പെട്ടത്. 'സിറ്റിസ്  2.0' ലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോട് കൂടി  മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാകും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാലിന്യ നിക്ഷേപം നിരീക്ഷിക്കാനും സമാഹരിക്കാനും മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റാനും കഴിയും. കഴിഞ്ഞ രണ്ടു വർഷങ്ങളിലും സംസ്ഥാനത്തെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള 'സ്വരാജ് ട്രോഫി'യും തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചിരുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-06 15:40:53

ലേഖനം നമ്പർ: 1329

sitelisthead