ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിനു മുകളിലുള്ള ഒന്നരക്കോടിയിലധികം പേർ സ്ക്രീനിം​ഗ് പൂർത്തിയാക്കി. രോഗ സാധ്യതയുള്ള 13.5 ലക്ഷത്തോളം പേരുടെ തുടർ പരിശോധനകൾ പൂർത്തിയാക്കുകയും ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. 

പദ്ധതിയുലൂടെ ഇതുവരെ ആകെ 1,50,05,837 പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കി. ഇതിൽ നിലവിൽ ഇതിൽ 18.34 % (27,53,303) പേർക്ക് ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള സാധ്യത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തിയ കാൻസർ സ്‌ക്രീനിംഗിലൂടെ 5.96 % പേരെ (8,95,330) കാൻസർ സാധ്യത കണ്ടെത്തി കൂടുതൽ പരിശോധനക്കായി റഫർ ചെയ്തിട്ടുണ്ട്. 10.83 % പേർക്ക് (16,25,847) രക്താതിമർദവും 8.76 % പേർക്ക് (13,15,615) പ്രമേഹവും 4.11 % പേർക്ക് (6,16,936) ഇവ രണ്ടും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കിടപ്പ് രോഗികളായ 1,06,545 (0.71%) പേരുടേയും പരസഹായം കൂടാതെ വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത 1,87,386 (1.24%) വ്യക്തികളുടേയും 45,24,029 (30.14%) വയോജനങ്ങളുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശൈലി ആപ്പ് വഴി ശേഖരിച്ചിട്ടുണ്ട്. ആവശ്യമായവർക്ക് വയോജന സാന്ത്വന പരിചരണ പദ്ധതി വഴി ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചു.

ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നൽകിക്കൊണ്ട് നടപ്പാക്കുന്ന പദ്ധതിയെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തിരഞ്ഞെടുത്തിരുന്നു. രക്താതിമർദ്ദം, പ്രമേഹം, കാൻസർ, ക്ഷയരോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇ ഹെൽത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. ജീവിതശൈലീ രോഗങ്ങളും കാൻസറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതോടൊപ്പം ജീവിതശൈലിയിൽ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങൾ വരാതെ നോക്കാനും സാധിക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-11-23 15:43:19

ലേഖനം നമ്പർ: 1220

sitelisthead