കോഴിക്കോട് മാതൃശിശു കേന്ദ്രത്തിൽ സ്ഥാപിച്ച മുലപ്പാൽ ബാങ്കിലൂടെ ഇതുവരെ മുലപ്പാൽ ലഭ്യമാക്കിയത് 4393 കുട്ടികൾക്ക്. ജനിക്കുന്ന കുട്ടികൾക്ക് ഏറ്റവും പോഷകസമ്പുഷ്ടമായ പാൽ എത്തിക്കുക, അത് വഴി ശിശുമരണങ്ങൾ കുറയ്ക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് മുലപ്പാൽ ബാങ്ക് ആരംഭിച്ചത്.
കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാൽ. ആദ്യ ഒരു മണിക്കൂറിൽ നവജാത ശിശുവിന് മുലപ്പാൽ നൽകേണ്ടതും ആദ്യ 6 മാസം മുലപ്പാൽ മാത്രം നൽകേണ്ടതും ഏറെ അത്യാവശ്യമാണ്. എന്നാൽ അമ്മയുടെ രോഗാവസ്ഥ കാരണമോ, മുലപ്പാൽ ഉല്പാദനക്കുറവുകൊണ്ടോ, പ്രസവാനന്തരം അമ്മയുടെ മരണം സംഭവിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ അത്തരത്തിലുള്ള കുട്ടികൾക്ക് കൂടി മുലപ്പാൽ ഉറപ്പാക്കാനാണ് മുലപ്പാൽ ബാങ്ക് സജ്ജമാക്കിയത്. 2021 സെപ്തംബർ 17നാണ് സർക്കാർ കോളേജുകളിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ചത്.
ഇതുവരെ 3484 ദാതാക്കളിൽ നിന്നുമായി 3,17,925 മില്ലി ലിറ്റർ പാൽ ശേഖരിക്കുകയും 2,94,370 മില്ലി ലിറ്റർ പാൽ 4393 കുഞ്ഞുങ്ങൾക്ക് ഡോക്ടർമാരുടെ നിർദേശാനുസരണം വിതരണം ചെയ്തു. മുലപ്പാൽ ദാനം ചെയ്യാൻ എത്തുന്നവർക്ക് പരിശോധനകൾ നടത്തി ആരോഗ്യ സ്ഥിതി വിലയിരുത്തി പ്രത്യേകം അണുവിമുക്തമാക്കിയ മുറിയിൽ ബ്രെസ്റ്റ് മിൽക്ക് പമ്പ് ഉപയോഗിച്ചാണ് മുലപ്പാൽ ശേഖരിക്കുന്നത്. ശേഖരിച്ച മുലപ്പാൽ പാസ്ചറൈസേഷനിലൂടെ അണുവിമുക്തമാക്കി മൈക്രോ ബയോളജിക്കൽ ടെസ്റ്റ് വഴി അണുവിമുക്തമായെന്ന് ഉറപ്പുവരുത്തി ഡീപ് ഫ്രീസറിൽ സൂക്ഷിക്കുന്നു. ഡോക്ടറുടെ നിർദേശ പ്രകാരം അർഹരായ നവജാത ശിശുക്കൾക്ക് ഇത്തരത്തിൽ ശേഖരിച്ച പാസ്റ്ററൈസിഡ് ഡോണർ ഹ്യൂമൻ മിൽക്ക് തീർത്തും സൗജന്യമായാണ് നൽകുന്നത്.
ആശുപത്രി സൂപ്രണ്ടിന്റെയും ശിശുരോഗ വിഭാഗത്തിലേയും നിയോ നാറ്റോളജി വിഭാഗത്തിലെയും തലവൻമാരായ ഡോക്ടർമാരുടെയും, നോഡൽ ഓഫീസറിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനം. നിലവിൽ നഴ്‌സിംഗ് ഓഫീസർ ഇൻചാർജ്, കോർഡിനേറ്റർ , നഴ്‌സിംഗ് ഓഫീസർമാർ, ജെ.പിഎച്ച്എൻ എന്നിവർ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-08-03 16:05:52
ലേഖനം നമ്പർ: 1155