കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ മെയ് 22ന് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.

22ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട്. 22ന് തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടാണ് 22ന് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് റെഡ് അലർട്ടിന് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ടിന് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

*അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-05-2024

sitelisthead