ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് പ്രവര്‍ത്തന മികവ് പരിശോധിക്കുന്നതിന് കേന്ദ്ര മാനവ ശേഷി മന്ത്രാലയം ഏര്‍പ്പെടുത്തിയ എന്‍ഐആര്‍എഫ് വിദ്യാഭ്യാസ റാങ്കിംഗില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ കേരള സര്‍വകലാശാല ഒന്നാമത്. കേരളയുടെ ദേശീയ റാങ്കിംഗ് കഴിഞ്ഞ വര്‍ഷത്തെ 40ല്‍ നിന്ന് 24 ആയി ഉയര്‍ന്നു. 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് എന്‍ഐആര്‍എഫ് റാങ്കിംഗില്‍ 83 സ്‌കോര്‍ നേടി ഒന്നാമതായി എത്തിയത്. കേരള സര്‍വകലാശാലയുടെ സ്‌കോര്‍ 55.5 ആണ്. സര്‍ക്കാരിന്റെ ധനസഹായം സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളില്‍ പന്ത്രണ്ടാം സ്ഥാനത്തും ദക്ഷിണേന്ത്യയില്‍ പത്താംസ്ഥാനത്തും ആണ് കേരള.


അധ്യാപനം, ഗവേഷണം, സാമൂഹിക ഇടപെടല്‍, അധ്യാപക - വിദ്യാര്‍ത്ഥി അനുപാതം, സാമ്പത്തിക സ്രോതസ്സും വിനിമയവും, ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ മികവ്, വനിതാ പ്രാതിനിധ്യം, വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിര്‍ണയിക്കുന്നത്.

സ്ത്രീ സൗഹാര്‍ദപരമായ സമീപനങ്ങളിലും ലിംഗ വൈവിധ്യം പരിരക്ഷിക്കുന്ന കാര്യത്തിലും ഭിന്നശേഷി സൗഹാര്‍ദതയിലും നൂറില്‍ നൂറ് മാര്‍ക്കാണ് കേരളയ്ക്ക് ലഭിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മികച്ച അംഗീകാരമാണ് എന്‍ഐആര്‍എഫ് നല്‍കിയത്.ഏറ്റവും കൂടുതല്‍ പിഎച്ച്ഡി ബിരുദങ്ങള്‍ നല്‍കിയ സര്‍വകലാശാലയും കേരളയാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-06-2023

sitelisthead