2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ/ ക്ഷേമനിധി ബോർഡു പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2023 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം.
ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വൃദ്ധ ജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തവർ വിവരം അക്ഷയ കേന്ദ്രങ്ങളിൽ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി പ്രസ്തുത ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും.
ആധാർ ഇല്ലാതെ സാമൂഹ്യ സുരക്ഷ പെൻഷൻ അനുവദിക്കപ്പെട്ട 85 വയസു കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, സ്ഥിരമായി രോഗശയ്യയിലുള്ളവർ, ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോർഡ് ഗുഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ എന്നിവർ ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകളിൽ/ ക്ഷേമനിധി ബോർഡുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണം. 2024 മുതൽ എല്ലാ വർഷവും ജനുവരി 1 മുതൽ ഫെബ്രുവരി 28/ 29 നകം തൊട്ടു മുൻപുള്ള വർഷം ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയവർക്കു മാത്രമേ തുടർന്നും പെൻഷൻ ലഭിക്കുകയൂള്ളൂ.
നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും 1 മുതൽ 20 വരെ മസ്റ്ററിംഗ് നടത്താം. എന്നാൽ അവർക്ക് മസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതിയുണ്ടായിരിക്കുന്നതല്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ മസ്റ്ററിംഗിനുള്ള നിശ്ചിത കാലാവധിക്കു ശേഷം പെൻഷൻ വിതരണം നടത്തുകയുള്ളൂ. യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശ്ശികയാകുന്ന പെൻഷൻ തുക കുടിശികക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.
അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് ₹ 30, ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിനായി ₹ 50 എന്നിങ്ങനെയാണ് ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിന് നൽകേണ്ട ഫീസ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-03-2023