വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ മറ്റ് കുട്ടികളെപ്പോലെ പൊതുസമൂഹത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനുമായി സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് (വര്‍ണച്ചിറകുകള്‍ 2022-23) ജനുവരി 20, 21, 22 തീയതികളില്‍ തിരുവനന്തപുരം വഴുതക്കാട് ഗവണ്മെന്റ് വിമന്‍സ് കോളേജില്‍ സംഘടിപ്പിക്കുന്നു.അഞ്ച് വേദികളില്‍ മൂന്ന് ദിവസങ്ങളിലായി വിവിധ കലാമത്സരങ്ങള്‍ അരങ്ങേറും. സംസ്ഥാനത്തെ 16 ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളെയും തിരുവനന്തപുരം ജില്ലയിലെ എന്‍ ജി ഒ ഹോമുകളിലെ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഫെസ്റ്റ് നടത്തുന്നത്. ഫെസ്റ്റില്‍ വിവിധ ഇനങ്ങളിലായി 1500-ല്‍ അധികം കുട്ടികള്‍ പങ്കെടുക്കും. 22 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തും.ഫെസ്റ്റിനോടനുബന്ധിച്ച് മാജിക് ഷോ, മ്യൂസിക് ഷോ, ഫ്‌ളാഷ് മോബ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന്റെ ഭാഗമായി മാള്‍ ഗെയിംസ്, സൂംബ, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ പരിശീലനം, ഫൈന്‍ ആര്‍ട്‌സ്, ബലൂണ്‍ ആര്‍ട്ട്, മാജിക് പ്ലാനറ്റ് സ്റ്റാള്‍, എയ്‌റോബിക്‌സ്, ആക്യുബിറ്റ്‌സ്, റോബോട്ടിക്‌സ്, അസാപ്പ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്ലാനിറ്റോറിയത്തിന്റെ ആസ്‌ട്രോവാന്‍ കാണുന്നതിനുള്ള സൗകര്യവും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-01-2023