കണ്ണിൽ ഉണ്ടാകുന്ന രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാൽ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. രോഗം ബാധിച്ചാൽ സാധാരണ 5 മുതൽ 7 ദിവസം വരെയും സങ്കീർണമായാൽ 21ദിവസം വരെയും നീണ്ടുനിൽക്കാം. രോഗമുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. കുട്ടികളുൾപ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കണം. 

രോഗ ലക്ഷണങ്ങൾ

  • കണ്ണ് ചുവപ്പ്
  • അമിത കണ്ണുനീർ
  • കൺപോളകളിൽ വീക്കം
  • ചൊറിച്ചിൽ
  • പഴുപ്പ്കൈ
  • രാവിലെ എഴുന്നേൽക്കുമ്പോൾ പഴുപ്പ് കാരണം കണ്ണ് തുറക്കാൻ പ്രയാസം

രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന സാധനങ്ങളിൽ രോഗാണു സാദ്ധ്യതയുള്ളതിനാൽ ഇവ സ്‌പർശിച്ചാൽ രോഗാണുക്കൾ കണ്ണിലെത്താം. രോഗം ബാധിച്ച വ്യക്തികളിൽ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പർ, പുസ്തകം, തൂവാല, സോപ്പ്, മുതലായവ മറ്റുള്ളവർ ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടിൽ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കിൽ കുട്ടികൾക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികൾ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താൽ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകും.

ആശാവർക്കർമാരുടേയും ജെപിഎച്ച്എൻമാരും  വീടുകളിൽ പോയി മറ്റ് രോഗങ്ങൾ അന്വേഷിക്കുന്നതോടൊപ്പം ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിച്ചു വരുന്നുണ്ട്. രോഗലക്ഷണമുള്ളവർക്ക് ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-12-2022

sitelisthead