തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം ഏർപ്പെടുത്തുന്നു. ജോലി പൂർത്തിയായി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം. അല്ലാത്ത പക്ഷം പതിനാറാം ദിവസം മുതൽ ലഭിക്കാനുള്ള വേതനത്തിന്റെ 0.05 ശതമാനം വീതം ദിനംപ്രതി തൊഴിലാളിക്ക് നൽകാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനുശേഷം 15ദിവസം കൂടി കഴിഞ്ഞാൽ സമാനമായ രീതിയിൽ നഷ്ടപരിഹാരത്തിൻറെ 0.05%വും ദിനംപ്രതി തൊഴിലാളിക്ക് ലഭിക്കും. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിൽ ( State Employment Guarantee Fund) നിന്നാണ് നഷ്ടപരിഹാര തുക അനുവദിക്കുന്നത്. വേതനം വൈകുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സർക്കാർ ഇടപെടലുകളുടെ ഭാഗമാണ് ഇത് . 

ഒരു പ്രവൃത്തി പൂർത്തിയാക്കിയാൽ രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥർ തൊഴിലുറപ്പ് പദ്ധതിയുടെ മാനേജ്‌മെൻറ് ഇൻഫർമേഷൻ സിസ്റ്റത്തിൽ വിവരം സമർപ്പിക്കണം. പരിശോധന ഉൾപ്പെടെയുള്ള മറ്റ് നടപടികൾ പ്രവൃത്തി പൂർത്തിയായി അഞ്ച് ദിവസത്തിനുള്ളിൽ നടത്തും. ആറ് ദിവസത്തിനുള്ളിൽ വേതന പട്ടിക അക്കൗണ്ടന്റ്/ഐടി അസിസ്റ്റന്റ് തയ്യാറാക്കും. ഏഴ് ദിവസത്തിനുള്ളിൽ തന്നെ തുക നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു. MGNREGA  മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം തന്നെ വേതനം വൈകിയാൽ നഷ്ടപരിഹാരം ഉൾപ്പെടെ തൊഴിലാളികളുടെ അക്കൗണ്ടിൽ ലഭ്യമാക്കും വിധമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. സമയത്തിന് വേതനം നൽകുകയും വെബ്‌സൈറ്റിൽ ചേർക്കാനാവാതിരിക്കുകയും ചെയ്യുക, പ്രകൃതി ദുരന്ത സാഹചര്യം, ഫണ്ട് ലഭ്യമല്ലാതിരിക്കുക തുടങ്ങിയ ഘട്ടങ്ങളിൽ ഒഴികെ എല്ലാസമയത്തും നഷ്ടപരിഹാരം ഉറപ്പാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-11-2022

sitelisthead