
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.
സംസ്ഥാനത്ത് 19.28 ലക്ഷം സജീവ കുടുംബങ്ങളിലായി 22.73 ലക്ഷം തൊഴിലാളികൾ ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ ഗുണഭോക്താക്കളിൽ 88 ശതമാനവും സ്ത്രീകളാണ്. 2024-25 സാമ്പത്തിക വർഷം 5,19,622 ലക്ഷം കുടുംബങ്ങൾ 100 തൊഴിൽദിനം പൂർത്തീകരിച്ചു. ഇക്കാര്യത്തിൽ ദേശീയ തലത്തിൽ രണ്ടാമതാണ് കേരളം. 100 ദിവസം പൂർത്തീകരിക്കുന്ന കുടുംബങ്ങൾക്ക് ഓണത്തോട് അനുബന്ധിച്ച് 1000 രൂപ ഓണം അലവൻസ് നൽകുന്നു.
2023-2024 സാമ്പത്തിക വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 5,69,106 കുടുംബങ്ങൾക്കായി ഈ കഴിഞ്ഞ ഓണക്കാലത്ത് 56.91 കോടി രൂപയാണ് ധനസഹായമായി ഈയിനത്തിൽ വിതരണം ചെയ്തത്.
ഈ രംഗത്ത് പട്ടികവർഗ കുടുംബങ്ങൾക്ക് 100 അധിക തൊഴിൽദിനങ്ങൾ ഉറപ്പാക്കുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം. ട്രൈബൽ പ്ലസ് പദ്ധതി പ്രകാരം 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കുന്ന പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് സംസ്ഥാന വിഹിതമായി 100 അധിക തൊഴിൽദിനങ്ങൽ നൽകുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 34843 കുടുംബങ്ങളിലൂടെ 12.41 ലക്ഷം തൊഴിൽ ദിനങ്ങൾ അധികമായി സൃഷ്ടിക്കാൻ കഴിഞ്ഞു.
രാജ്യത്തിന് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കുളള ക്ഷേമനിധി ബോർഡ് യാഥാർഥ്യമാക്കി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പെൻഷൻ, ചികിത്സാ ആനുകൂല്യങ്ങൾ, മറ്റ് ധനസഹായങ്ങൾ എന്നിവ ഉറപ്പ് വരുത്താൻ ക്ഷേമനിധി ബോർഡ് മുഖേന കഴിയും. സുഭിക്ഷ കേരളം പദ്ധതിയിലൂടെ 2024-25 സാമ്പത്തിക വർഷത്തിൽ 3270 കാലിത്തൊഴുത്തുകൾ, 2473 ആട്ടിൻകൂടുകൾ, 3713 കോഴിക്കൂടുകൾ, 1171 കാർഷിക കുളങ്ങൾ, 766 അസോള ടാങ്കുകൾ, സ്വയം തൊഴിലിൽ ഏർപ്പെടുവർ/സംരംഭകർക്കായി 86 വർക്ക് ഷെഡുകൾ മുതലായവ തൊഴിലുറപ്പ് പദ്ധതി മുഖേന നിർമ്മിച്ച് നൽകി. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി 20475 സോക്പിറ്റ്, 2065 കമ്പോസ്റ്റ് പിറ്റ് എന്നിവ ലഭ്യമാക്കിയതിലൂടെ ഗ്രാമീണമേഖലയിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് സഹായം ഉറപ്പാക്കാനുമായി.
രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് ക്ഷേമനിധി രൂപീകരിച്ചും, തൊഴിൽദിനങ്ങൾ ഉറപ്പാക്കിയും മുന്നേറുന്ന കേരളം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എല്ലാ പഞ്ചായത്തിലും സോഷ്യൽ ഓഡിറ്റിംഗ് നടത്തിയതിലൂടെ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ എല്ലാ സംസ്ഥാനങ്ങളും വർഷത്തിലൊരിക്കൽ ഓഡിറ്റിംഗ് നടത്തുമ്പോൾ കേരളം ആറ് മാസത്തിലൊരിക്കൽ ഓഡിറ്റിംഗ് നടത്തി ശ്രദ്ധനേടുന്നു. പഞ്ചായത്തുകൾ നടപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ഗ്രാമസഭകൾ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുന്ന നമ്മുടെ നാട്ടിൽ ഗ്രാമസഭകളും പബ്ലിക് ഹിയറിങ്ങുകളും സംഘടിപ്പിച്ചാണ് സോഷ്യൽ ഓഡിറ്റിങ്ങ് പൂർത്തിയാക്കുന്നത്.
പദ്ധതിയുടെ നിർവഹണം സംബന്ധിച്ച ഫയലുകളുടെ സൂക്ഷ്മപരിശോധന മുതൽ പണിസ്ഥലം വരെ നീളുന്നതാണ് ഓഡിറ്റിംഗ് പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ. അപാകത കണ്ടെത്തിയാൽ പഞ്ചായത്തുമായി ചർച്ച ചെയ്തും പരിഹാരമാർഗങ്ങൾ കണ്ടെത്തിയുമാണ് ഓഡിറ്റിങ്ങ് പൂർത്തിയാക്കുന്നത്. ഇതിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണം പൂർണതോതിൽ ഫലപ്രാപ്തിയിലെത്തിക്കുകയാണ് കേരളം.