സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിനായി നടപ്പാക്കിയ കേന്ദ്രീകൃത ഓൺലൈൻ പരിശോധനാ സംവിധാനമാണ് കെ-സിസ് (Kerala - CentraI Inspection System) . തദ്ദേശ സ്വയംഭരണ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കേന്ദ്രീകൃത പരിശോധനാ സൗകര്യം കെ-സിസ് പ്രവർത്തിക്കുന്നത്.  
 
വ്യാപാര സ്ഥാപനങ്ങളിൽ മൂന്നുതരത്തിലുള്ള പരിശോധനകളാണ് കെ-സിസിലൂടെ നടത്തുന്നത്. സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള  പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധന എന്നിവയെല്ലാം കെ-സിസ് സംവിധാനത്തിന് കീഴിലാണ് നടക്കുക.  പരിശോധന ഷെഡ്യൂള്‍ വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും. ലോ, മീഡിയം, ഹൈ റിസ്ക് വിഭാഗങ്ങളായി തിരിച്ച് പതിവ് പരിശോധനക്കുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കും. പൊതുജനങ്ങളില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനകള്‍ വകുപ്പ് തലവന്‍റെ അനുവാദത്തോടെ മാത്രമായിരിക്കും നടക്കുക.പരിശോധന നടത്തുന്ന ഉദ്ദ്യോഗസ്ഥരെ പോര്‍ട്ടല്‍ തന്നെ തിരഞ്ഞെടുക്കും.

ഒരു സ്ഥാപനത്തില്‍ ഒരേ ഇന്‍സ്പെക്ടര്‍ തുടര്‍ച്ചയായി രണ്ട് പരിശോധനകള്‍ നടത്തുന്നിലെന്ന് ഉറപ്പ് വരുത്തും. പരിശോധന നടത്തുന്നതിന്റെ അറിയിപ്പ് സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ്, ഇമെയില്‍ മുഖേന നല്‍കും. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ - സിസ് പോര്‍ട്ടലില്‍ kcis.kerala.gov.in പ്രസിദ്ധീകരിക്കും. പോര്‍ട്ടലിലേക്ക് സംരഭകനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ലോഗിന്‍ ചെയാനുള്ള സൗകര്യവും പോർട്ടലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പൂർണമായും ഓൺലൈനായിട്ടാണ് നടപടിക്രമങ്ങൾ പോർട്ടൽ വഴി നടപ്പാക്കുന്നത്.  

അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള കെ-സിസ് സംവിധാനത്തിൽ 22884 പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇതിൽ നിയമാനുസൃതമായ 21687 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാൽ 1197 സ്ഥാപനങ്ങൾ നിയമവിധേയമല്ലാതെ പ്രവർത്തിക്കുന്നുവെന്നും കണ്ടെത്തി. 35015 പരിശോധനകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.  44 പരാതികളാണ് കെ - സിസ് സംവിധനത്തിൽ ലഭിച്ചിട്ടുള്ളത്. 

കെ-സിസ് സേവനത്തിന്റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പുള്ള പരിശോധനക്കായി സംരഭകര്‍ക്ക് പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം. പരിശോധകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ക്രമീകരണവും പോര്‍ട്ടലിലുടെ ചെയ്യാനാകും. സ്ഥാപനം സംബന്ധിച്ച പൊതുജനങ്ങളുടെ പരാതി പോര്‍ട്ടലില്‍ സമര്‍പ്പിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി  കൈമാറും. ഒരു സ്ഥാപനത്തില്‍ നടത്തിയ പരിശോധനകളുടെ ചരിത്രവും പോര്‍ട്ടലിലൂടെ അറിയാം. പോർട്ടലിൽ സ്ഥാനത്തിന്റെ എല്ലാ വിശദാംശങ്ങളും ലഭിക്കും. പരിശോധന റിപ്പോര്‍ട്ട് സംരംഭകന് കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. സംരഭകര്‍ക്ക് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് കെ-സിസ് സഹയാകമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-10-08 17:09:52

ലേഖനം നമ്പർ: 1549

sitelisthead