ഭൂഭരണത്തിൽ സാങ്കേതിക മുന്നേറ്റം കുറിച്ച് റവന്യു-സർവെ-രജിസ്‌ട്രേഷൻ സംയോജിത ഡിജിറ്റൽ പോർട്ടൽ സംവിധാനം 'എൻറെ ഭൂമി' നടപ്പാക്കി കേരളം. സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ഭൂമി സംബന്ധമായ നിരവധി സേവനങ്ങൾ വില്ലേജ് ഓഫീസുകൾ വഴി നൽകുന്ന 'റെലിസ്' ആപ്പ് , ഭൂമി കൈമാറ്റങ്ങൾക്ക് സഹായകരമായ രജിസ്‌ട്രേഷൻ വകുപ്പിൻറെ 'പേൾ', ഡിജിറ്റൽ റീസർവെ ഭൂവിവരങ്ങൾ അടങ്ങിയ സർവെ വിഭാഗത്തിൻറെ 'ഇ-മാപ്പ്സ്' എന്നീ മൂന്ന് പോർട്ടലുകളും സംയോജിപ്പിച്ച് കൊണ്ടാണ് 'എൻറെ ഭൂമി' എന്ന പേരിൽ ഒരു ഓൺലൈൻ സംവിധാനം നിലവിൽ വരുന്നത്. 

ലോകത്തിൽ എസ്‌തോണിയ, സിംഗപ്പൂർ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് സമഗ്ര ഭൂവിവര  ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയിട്ടുള്ളത്.    യുകെ, ഓസ്‌ട്രേലിയ , കാനഡ, ജർമ്മനി എന്നീ രാജ്യങ്ങൾ ഇക്കാര്യത്തിൽ ഭാഗികമായി പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ പട്ടികയിലാണ് വിധം ഭൂരേഖകളുടെ സമഗ്ര ഡിജിറ്റൽ സംവിധാനം നടപ്പാക്കി ഒരു പുതിയ കേരള മോഡൽ യാഥാർത്ഥ്യമാക്കുന്നത്. ലോകത്തിനാകെ മാതൃകയായി കേരളം നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിൻറെ തുടർച്ചയും കൂട്ടിചേർക്കലുമാണ് 'ഡിജിറ്റൽ റീ സർവെയും' 'എൻറെ ഭൂമി' എന്ന സംയോജിത പോർട്ടലും.

എല്ലാവർക്കും ഭൂമി ഉണ്ടാവണമെന്നും അവയ്ക്ക് കൃത്യമായ രേഖകൾ ഉണ്ടാകണമെന്നുമുള്ള സർക്കാരിന്റെലക്ഷ്യത്തിലൂന്നിയാണ് 2023 ൽ ഡിജിറ്റൽ ലാൻഡ് സർവെ പദ്ധതി എല്ലാ സംവിധാനങ്ങളോടെ ആരംഭിക്കുന്നത്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി റവന്യു വകുപ്പ് ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയാണ് ഡിജിറ്റൽ റീ സർവെ. 212 വില്ലേജുകളിലെ 35.5 ലക്ഷം ലാൻഡ് പാർസലുകളിലായി 4.87 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ ഡിജിറ്റലായി ഇതിനകം പൂർത്തിയാക്കി, 9 (2) വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഡിജിറ്റൽ റീ സർവെയിലൂടെ കേരളത്തിൽ ഭൂമിയുടെ കൈവശം കൃത്യവും സുതാര്യവുമായി അളന്ന് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂവുടമകളുടെ പങ്കാളിത്തത്തോടെ ഇവ തർക്കമില്ലാത്ത സുരക്ഷിത ഡിജിറ്റൽ രേഖയാകും.

റീസർവെ നടക്കുന്ന വില്ലേജുകളിലെ എല്ലാ വാർഡുകളിലും ഗ്രാമസഭയുടെ മാതൃകയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സർവെ സഭകൾ സംഘടിപ്പിച്ച് കൊണ്ടും ഡിജിറ്റൽ സർവെയെ സഹായിക്കാനും നിരീക്ഷിക്കാനുമായി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതികളും രൂപീകരിച്ച് കൊണ്ടും ഭൂഉടമകളുടെ സാന്നിധ്യത്തിലാണ് സർവെ നടപടികൾ നടന്നു വരുന്നത്.സർവ്വെ പൂർത്തീകരിക്കുന്ന വില്ലേജുകളിൽ എൻറെ ഭൂമി എന്ന സംയോജിത പോർട്ടൽ കൂടി യാഥാർത്ഥ്യമാകുന്നതോടെ ഭൂമി കൈമാറ്റ പ്രക്രിയയിൽ അഭിമാനകരമായ നേടം കൈവരിക്കാനാകും. ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്‌കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ്, ഭൂമിയുടെ നികുതി അടവ്, ഭൂമി തരംമാറ്റം, ഭൂമിയുടെ ന്യായവില നിർണയം തുടങ്ങിയ നിരവധി സേവനങ്ങൾ എല്ലാം ഒറ്റ പോർട്ടലിലൂടെ ലഭ്യമാകുന്ന ഒരു സംസ്ഥാനമായി കേരളം മാറുകയാണ്. വില്ലേജ് ഓഫീസ്, സർവേ ഓഫീസ്, രജിസ്‌ട്രേഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ലഭ്യമാക്കേണ്ടിയിരുന്ന സേവനങ്ങളാണ് ഈ വിധം വിരൽ തുമ്പിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

  

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-11-22 10:30:46

ലേഖനം നമ്പർ: 1565

sitelisthead