ക്ഷീരസംഘങ്ങളെ ശാക്തീകരിക്കുന്നതിനും പ്രവർത്തനങ്ങൾ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും സംസ്ഥാനത്തൊട്ടാകെ ഏകീകൃത സോഫ്റ്റ്വെയർ സംവിധാനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീര വികസന വകുപ്പിന്റെ നൂതന ചുവടുവെപ്പായ “ക്ഷീരശ്രീ” പോർട്ടൽ ലോഞ്ച് ചെയ്തു. ക്ഷീരവികസന വകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും ഓൺലൈനാക്കുന്നതിന്റെ ഭാഗമായി, സുതാര്യത ഉറപ്പുവരുത്തി കാര്യക്ഷമതയോടെ നീതിയുക്തമായ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഇ-ഗവേണന്‍സ് തത്വത്തിലധിഷ്ഠിതമായി തയാറാക്കിയ വെബ്പോർട്ടലാണ് ക്ഷീരശ്രീ.
സംസ്ഥാനത്തിനകത്ത് ആധുനികവും സുതാര്യവുമായ ഡയറി ഡാറ്റാ മാനേജ്മെന്റ് സിസ്റ്റം സ്ഥാപിക്കുക, ക്ഷീര വികസന വകുപ്പ് ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്ന സേവനങ്ങങ്ങളുടെ കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്തം, വിശ്വാസ്യത എന്നിവ പ്രോത്സാഹിപ്പിക്കുക , ക്ഷീര കർഷകരുടെ സാമ്പത്തിക സുസ്ഥിരതയെ സഹായിക്കുക എന്നിവയാണ് ക്ഷീരശ്രീ പോർട്ടലിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ.
ഇലക്ട്രോണിക് പാൽ പരിശോധനാ ഉപകരണങ്ങളിലൂടെ കൃത്യമായ ഡാറ്റ ശേഖരിക്കുന്നതിനും കർഷകർ പാൽ വിതരണം നടത്തുമ്പോൾ തന്നെ ഡാറ്റ പോർട്ടലിലേക്ക് ഇന്റഗ്രേറ്റ് ചെയ്യുന്നതിനും, പാലിന്റെ വില കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്നതിനും പോർട്ടലിൽ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. സമയബന്ധിതവും കൃത്യവുമായ ഈ ഇടപാട് പ്രക്രിയ ക്ഷീരകർഷകരുടെ സാമ്പത്തിക സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ക്ഷീരമേഖലക്കായി ഇത്തരം ഒരു പോർട്ടൽ രൂപകല്പന ചെയ്തിരിക്കുന്നത്.
മിൽമയുടെ പാൽസംഭരണ വിപണന ശൃംഖലയിലെ കണ്ണികളാണ് ക്ഷീര സംഘങ്ങൾ. 3.97 ലക്ഷം കർഷകർ 3608 ക്ഷീരസംഘങ്ങളിൽ അംഗത്വം എടുത്തിട്ടുണ്ട്. നിലവിൽ ഏകദേശം 2 ലക്ഷം കർഷകർ ദൈനംദിനം ഈ ക്ഷീരസംഘങ്ങളിലൂടെ പാൽ അളക്കുന്നു. ക്ഷീരസംഘങ്ങളിലൂടെയുള്ള പാൽ സംഭരണം ഏകദേശം 7 ലക്ഷം മെട്രിക്ക് ടണ്ണാണ്. അതായത് ആകെ ഉത്പാദനത്തിന്റെ 27 ശതമാനത്തോളം പാൽ ക്ഷീരസംഘങ്ങളിലൂടെ സംഭരിച്ച് വിതരണം ചെയ്തു വരുന്നു.
ആധുനികവും സുതാര്യവും കാര്യക്ഷമവുമായ ക്ഷീരവികസന സംവിധാനം വളർത്തിയെടുക്കുന്നതിലൂടെ കേരളത്തിന്റെ ക്ഷീരമേഖലയ്ക്ക് പുതിയ ഉത്തേജനം നൽകാനാണ് ക്ഷീരശ്രീ ഒരുങ്ങുന്നത്. ന്യായമായ വിലനിർണ്ണയം ഉറപ്പാക്കുന്നതിലൂടെ ഈ സംവിധാനം കർഷകരെ പിന്തുണയ്ക്കുക മാത്രമല്ല, മൊത്തത്തിലുള്ള ക്ഷീര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ആത്യന്തികമായി മെച്ചപ്പെട്ട സേവനത്തിലൂടെയും ഗുണനിലവാരത്തിലൂടെയും ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുകയും ചെയ്യുന്നു.
ക്ഷീരമേഖലയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സംരംഭമായ ക്ഷീരശ്രീ, കാർഷിക മേഖലയിൽ, പ്രത്യേകിച്ച് ക്ഷീരകർഷകർക്കുള്ള സേവന വിതരണം നവീകരിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമുള്ള കേരള സർക്കാരിന്റെ നൂതന ദൗത്യമാണ്. ക്ഷീരശ്രീ പോർട്ടൽ ഒരു സാങ്കേതിക മുന്നേറ്റത്തിലുപരിയായി, ക്ഷീര കർഷകരെ ശാക്തീകരിക്കുന്നതിനും കേരളത്തിലെ ക്ഷീരമേഖലയെ പരിവർത്തനം ചെയ്യുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ്. സന്ദർശിക്കുക ക്ഷീരശ്രീ പോർട്ടൽ
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-10-07 11:13:46
ലേഖനം നമ്പർ: 1546