കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ഇ-കൊമേഴ്‌സ് ആപ്ലിക്കേഷനിലൂടെ വിപണിയിലെത്തിക്കാൻ പോക്കറ്റ് മാർട്ട് -ദ കുടുംബശ്രീ സ്‌റ്റോർ പ്രവർത്തന സജ്ജമായി. സംരംഭകർക്ക് ഓൺലൈൻ/ഡിജിറ്റൽ മാർക്കറ്റിന്റെ അനന്ത സാധ്യത തുറന്നു കൊടുത്തു വ്യാപാര മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്തിക്കൊണ്ട് ഗുണമേന്മയിലുള്ള അവശ്യ സാധനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്‌സ് ആപ്ലിക്കേഷനിലൂടെ ഗുണഭോക്താക്കൾക്ക് വളരെ എളുപ്പത്തിലും വേഗത്തിലും കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ, സേവനങ്ങൾ, കുടുംബശ്രീ സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചുമുള്ള വിവരങ്ങൾ അറിയാം.
കുടുംബശ്രീ സംരംഭങ്ങൾ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നും കൂടാതെ നേരിട്ട് ബന്ധപ്പെടുന്നതിനും മൊബൈൽ ആപ്ലിക്കേഷൻ സഹായിക്കും. ഇത്തരത്തിൽ പോക്കറ്റ് മാർട്ട് ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള കുടുംബശ്രീ സംരംഭങ്ങൾ, ബസാർ, ഔട്ട്‌ലെറ്റുകൾ, നാനോ മാർക്കറ്റ്, പ്രീമിയം ഹോട്ടലുകൾ, കഫേകൾ, ജനകീയ ഹോട്ടലുകൾ, ടേക്ക് എ ബ്രേക്ക്, കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ, ബഡ്‌സ് സ്‌കൂളുകൾ എന്നിവയെ കുറിച്ചുളള വിവരങ്ങൾ ലഭ്യമാക്കുവാനും ഉപയോഗപ്പെടുത്തുവാനും ആപ്പിലൂടെ സാധിക്കും.
ഉപഭോക്താകൾക്ക് പ്ലേസ്റ്റോറിൽ നിന്ന് https://play.google.com/store/apps/details?id=org.pocketmart.twa&hl=en_IN ആപ് ഡൗൺലോഡ് ചെയ്യാം.കേരളത്തിലെ എല്ലാ ഭാഗത്തുമുള്ള ഉത്പന്നങ്ങൾ ആപ്പിൽ കാണാനും ഉപഭോക്താവിന് ഓൺലൈനിലൂടെ ഉത്പന്നങ്ങൾ ഓർഡർ ചെയ്യാനും പണമടക്കാനുമുള്ള സൗകര്യം ആപ്ലിക്കേഷനിൽ സജ്ജമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 750 സംരംഭങ്ങൾ, കുടുംബശ്രീ ക്വിക്ക് സെർവ് സേവനങ്ങൾ എന്നിവ പോക്കറ്റ്മാർട്ട് ആപ്പിലൂടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.ഈ ഘട്ടത്തിൽ ഉപഭോക്താവിന്റെ പരിസരത്തു നിന്ന് നാല് കിലോമീറ്റർ ചുറ്റളവിലുള്ള യൂണിറ്റുകളിലെ ഉത്പന്നങ്ങളാകും ആപ്പിൽ ദൃശ്യമാകുക. പോക്കറ്റ് മാർട്ടിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി വാട്സാപ്പ് ചാറ്റ്, കോൾ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ ഉണ്ടാകും.
കുടുംബശ്രീയുടെ നേതൃത്വത്തിൽ സർവീസ് സെക്ടറിൽ ആരംഭിച്ച ക്വിക്ക് സെർവ്, നഗരപ്രദേശങ്ങളിലെ താമസക്കാർക്ക് കുടുംബശ്രീ സേവനങ്ങളായ വീട്ടുജോലി, പ്ലംബിങ്, ഇലക്ട്രീഷ്യൻ, കാർ ക്ലീനിങ് തുടങ്ങിയ സേവനങ്ങളും വളരെവേഗത്തിൽ ലഭ്യമാകും. കെ ഫോർ കെയർ സേവനങ്ങൾ ആപ്പുവഴി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിടുന്നു. കുടുംബശ്രീ മാർക്കറ്റിങ്, എം.ഇ, എസ്.വി.ഇ.പി, ഫാം, അനിമൽ ഹസ്ബൻഡറി,അർബൺ എന്നീ വെർട്ടിക്കലുകളിൽ നിന്നുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഈ മേഖലകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭങ്ങളും സേവനങ്ങളും ആപ്പിന്റെ ഭാഗമാകും.
കുടുംബശ്രീയുടെ ഭക്ഷണ വിതരണ പദ്ധതിയായ ലഞ്ച് ബെല്ലിലൂടെ ഉച്ചയൂണ് മുൻകൂറായി പോക്കറ്റ്മാർട്ട് ആപ്പിലൂടെ ഓർഡർ ചെയ്യാൻ കഴിയും. ആപ്പ് വഴി ഉപഭോക്താക്കൾക്ക് അവരുടെ ചുറ്റളവിലുള്ള കുടുംബശ്രീ സംരംഭങ്ങളെ കണ്ടെത്താനും ഉത്പന്ന സേവനങ്ങൾക്ക് ഓർഡർ നൽകാനും സാധിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-11-25 16:24:03
ലേഖനം നമ്പർ: 1580