പാരിസ്ഥിതിക സന്തുലനം നിലനിർത്തി മാലിന്യ മുക്ത നവകേരളം കെട്ടിപ്പടുക്കുന്നതിന് ശാസ്ത്രീയ സമഗ്രമായ സംസ്ക്കരണ സംവിധാനങ്ങൾ ആവിഷ്കരിക്കുകയെന്ന ലക്ഷ്യത്തോടെ പൂർണമായും സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റ്റ് പത്തനംതിട്ട ജില്ലയിലെ കുന്നന്താനം കിൻഫ്രാ പാർക്കിൽ പ്രവർത്തനമാരംഭിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തും തദ്ദേശവകുപ്പിന് കീഴിലുള്ള ക്ലീൻ കേരള കമ്പനിയും ചേർന്ന് നടപ്പിലാക്കിയ സംയോജിത പ്ലാസ്റ്റിക്ക് പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിൽ ഉല്പാദനത്തിന് മുന്നോടിയായി ട്രയൽറൺ ആരംഭിച്ചു. റീസൈക്ലിംഗ് സംവിധാനങ്ങളുടെ സമഗ്രമായ ശൃംഖല സൃഷ്ടിക്കാനുള്ള കേരളത്തിന്റെ ബൃഹത്തായ ദൗത്യത്തിന്റെ ആദ്യപടിയാണ് കുന്നന്താനം പ്ലാന്റ്. പരിസ്ഥിതി സുസ്ഥിരവും മാലിന്യമുക്തവുമായ ഒരു കേരളം കൈവരിക്കുക, ശുചിത്വവും ഹരിതാഭവുമായ ഭാവിക്കായി കാര്യക്ഷമമായ മാലിന്യ സംസ്കരണം ഉറപ്പാക്കുക എന്ന സംസ്ഥാനത്തിന്റെ വിശാലമായ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പാണിത്.
പ്രാരംഭ ഘട്ടത്തില് പ്രതിദിനം രണ്ട് ടണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗം ചെയ്യാനാണ് പ്ലാന്റ് ലക്ഷ്യമിടുന്നത്. സംസ്കരിച്ച പ്ലാസ്റ്റിക് പെല്ലറ്റുകളാക്കി (ചെറിയ ഗ്രാന്യൂളുകൾ) സ്വകാര്യ കമ്പനികൾക്ക് വിൽക്കും. വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, തുടർന്നുള്ള ഘട്ടങ്ങളിൽ മറ്റ് റീസൈക്കിൾ ചെയ്ത ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്നതിനായി ഉൽപാദനം വൈവിധ്യവത്കരിക്കാനും പ്ലാന്റ് പദ്ധതിയിടുന്നു.
വേർതിരിച്ച മാലിന്യങ്ങൾ ആസൂത്രിതമായി ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും കേരളത്തിലെ എല്ലാ ജില്ലകളിലും സമാനമായ റീസൈക്ലിംഗ് പ്ലാന്റുകൾ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ദീർഘകാല ലക്ഷ്യം. ഒരേക്കര് സ്ഥലത്ത് 8 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച കുന്നന്താനം പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ്റ് ഇതിന്റെ ആദ്യ ചുവടുവെയ്പാണ് . സംസ്ഥാനത്തെ മാലിന്യസംസ്കരണത്തിൽ ക്ലീൻ കേരള കമ്പനി പ്രധാന പങ്ക് വഹിക്കുന്നുണ്ട് . മാലിന്യ ശേഖരണത്തിനായി ഘടനാപരമായ കലണ്ടർ ഉപയോഗിച്ച് വിവിധ ജില്ലകളിൽ നിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെ എല്ലാത്തരം മാലിന്യങ്ങളും ക്ലീൻ കേരള കമ്പനി നിലവിൽ ശേഖരിക്കുന്നു. പുനരുപയോഗത്തിന് അനുയോജ്യമല്ലാത്ത മാലിന്യങ്ങൾ സിമന്റ് ഫാക്ടറികളിലേക്ക് അയക്കുന്നുണ്ട് , സംസ്ഥാനത്തിന് പുറത്തുള്ള പത്തിലധികം സിമൻ്റ് ഫാക്ടറികളുമായി ഇതിനായി കരാറിലെത്തിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ നിന്ന് മാലിന്യം ശേഖരിക്കുക മാത്രമല്ല, കാര്യക്ഷമമായ വേർതിരിക്കൽ, പുനരുപയോഗ പ്രക്രിയകൾ എന്നിവ കമ്പനി ഉറപ്പാക്കുകയും ചെയ്യുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-12-20 12:11:47
ലേഖനം നമ്പർ: 1604