മാലിന്യമുക്ത നവകേരളം 2.0 ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ടങ്ങളെ സമ്പൂർണ ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിക്കാൻ കുടുംബശ്രീ. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷത്തോളം വരുന്ന അയൽക്കൂട്ടങ്ങളെയും ഹരിത അയൽക്കൂട്ടങ്ങളാക്കി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കുടുംബശ്രീ ആരംഭിച്ചു. കുടുംബശ്രീ പ്രത്യേകം തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സർവേയും ഗ്രേഡിങ്ങും നടത്തി 2025 ഫെബ്രുവരി 15ന് സമ്പൂർണ ഹരിത അയൽക്കൂട്ടമാക്കി പ്രഖ്യാപിക്കാൻ ആണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. അയൽക്കൂട്ടങ്ങളുടെ സർവേ ഒക്ടോബർ രണ്ടിന് ആരംഭിക്കും. സിഡിഎസ്, എഡിഎസ് അംഗങ്ങൾ, ഡിജി കേരള വോളന്റിയർമാർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് എഡിഎസ് തെരഞ്ഞെടുക്കുന്ന രണ്ടംഗ സംഘമാണ് ഗ്രേഡിങ്ങിനെത്തുന്നത്.
കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലെ മാലിന്യസംസ്‌കരണ രീതി, അയൽക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളിലെ ഹരിതചട്ടം പാലിക്കൽ, പ്രദേശത്തെ വീടുകളിൽ മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാൻ നടത്തിയ ഇടപെടൽ, പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളുന്നത് തടയാൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം തടയാനുള്ള പ്രവർത്തനങ്ങൾ, വൃത്തിയുള്ള പാതയോരങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ, പരിസരശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ ഒമ്പത് മാനദണ്ഡങ്ങളാണ് വിലയിരുത്തുന്നത്. പ്രത്യേകം തയാറാക്കുന്ന ഫോമുകളിൽ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരമാവധി 100 മാർക്ക് എന്ന നിലയിലാണ് വിലയിരുത്തപ്പെടുക. 60 മാർക്കിൽ കൂടുതൽ നേടുന്നവയെ ഹരിത അയൽക്കൂട്ടമായി സിഡിഎസ് പ്രഖ്യാപിക്കും. ആദ്യഘട്ട സ്‌കോർ കുറഞ്ഞ ഗ്രൂപ്പുകൾക്ക് പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണ കുടുംബശ്രീ തലത്തിൽ നൽകും.
ഡിസംബർ 31ന് അയൽക്കൂട്ട സർവേയും ഗ്രേഡിങും പൂർണമായും പൂർത്തിയാക്കും. സർവേ,ഗ്രേഡിങ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും മിഷൻ കോ-ഓർഡിനേറ്റർമാരുടെ അധ്യക്ഷതയിൽ കോർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു വരുന്ന കുടുംബശ്രീയുടെ ഏറ്റവും പുതിയ ചുവടുവെയ്പ്പാണ് ഹരിത അയൽക്കൂട്ടങ്ങളുടെ രൂപീകരണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-10-02 10:50:32
ലേഖനം നമ്പർ: 1541